ഷെരിഫ് ഇബ്രാഹിം.
അനുജത്തി മീരക്ക് ഉറക്കം വരുന്നുണ്ടെന്ന് മനസ്സിലായി. അവൾ വായിച്ചു കൊണ്ടിരുന്ന ബുക്ക് താഴെ വെച്ച് പായയിൽ കണ്ണടച്ചു കിടക്കുകയാണ്.
‘മോളെ, ഉറങ്ങല്ലേ, ചേച്ചി ഇപ്പൊ കഞ്ഞി ഉണ്ടാക്കി തരാംട്ടോ’.
ഒമ്പത് വയസ്സ്മാത്രമുള്ള ഹീര, അനുജത്തി മീരയോട് പറഞ്ഞപ്പോൾ അവൾ കുറച്ചു കൂടി പഠിക്കാനിരുന്നു. രണ്ടാൾക്കും നല്ല വിശപ്പുണ്ട്. അച്ഛനും അമ്മയും ഒരു വര്ഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച കുട്ടികളെ അച്ഛന്റെ അച്ഛനും അമ്മയും കൂടിയാണ് വളർത്തുന്നത്. അവരും വളരെ പ്രായമുള്ളവരും അവശരുമാണ്.
തനിക്കും കുറെപഠിക്കാൻ ഉണ്ടല്ലോ എന്നതിനേക്കാൾ ഹീരയെ നൊമ്പരപ്പെടുത്തിയത് അനുജത്തി മീരയുടെ വിശപ്പ് ആയിരുന്നു. ഒമ്പത് വയസ്സേ ഹീരക്കു ആയിട്ടുള്ളൂവെങ്കിലും അവൾ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.
അവൾ അനുജത്തിക്കും അച്ചാച്ചനും അച്ഛമ്മക്കും കഞ്ഞി കൊടുത്തു. ചൂടുണ്ടായിട്ടും വിശപ്പ് കാരണംഅവർ ഒരു വിധം കുടിച്ചു. അവരുടെ കണ്ണിൽ നിന്നും ചുടുകണ്ണീർ നിർഗളിച്ചു. പ്രായത്തിനേക്കാൾ കൂടുതൽ ഈ കുട്ടികൾ കഷ്ടപെടുന്നുണ്ടല്ലോ എന്നവർ നെടുവീർപ്പിട്ടു.
അതിന്നു ശേഷം ഹീര ഹോംവർക്ക് ചെയ്തു പഠിക്കാനിരുന്നു. മീര ഇതിന്നകം ഉറക്കം ആയി. അവർക്ക് മിന്നലിനെ പേടി ആയതു കൊണ്ട് ഹീര ജനവാതിൽ അടച്ചു കുറ്റിയിട്ടു. ഹീരയും മീരയുടെ അടുത്ത് കിടന്നു. രണ്ടാളും കെട്ടിപിടിച്ചു ഉറങ്ങി.
കാലത്ത് തന്നെ ഹീര എഴുനേറ്റു കുറച്ചു ദോശ ഉണ്ടാക്കി. അതിന്നു ശേഷം അനുജത്തിയെ വിളിച്ചുണർത്തി. ഹീരയാണ് മീരയെ കുളിപ്പിച്ച് മുടിയൊക്കെ കെട്ടി കൊടുത്തത്. മീരക്കും അച്ചാച്ചനുംഅച്ചാമക്കും ചായയും ദോശയും കൊടുത്തതിന്നു ശേഷം ഹീരയും മീരയും സ്കൂളിലേക്ക് പോയി.
നേരം വൈകിയിരിക്കുന്നു. നല്ല വേഗതയിൽ ഹീര നടക്കുന്നുണ്ട്. അത്രവേഗത്തിൽ മീരക്കു നടക്കാൻ കഴിയുന്നില്ല. സ്കൂളിൽ എത്തിയപ്പോൾ ക്ലാസ് തുടങ്ങിയിരിക്കുന്നു. ടീച്ചർക്ക് എല്ലാം അറിയാവുന്നത് കൊണ്ട് ദേഷ്യം കാണിച്ചില്ല.
വസന്തവും ശിശിരവും മാറി മാറി വന്നു. ഇന്ന് ഹീര പത്താം ക്ലാസിലും മീര ആറിലും എത്തിയിരിക്കുന്നു. രണ്ടു പേരും ക്ലാസ്സിൽ നന്നായി പഠിക്കുന്നുണ്ട്. ഹീര ക്ലാസിലെ എല്ലാ പരീക്ഷക്കും രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം ഹീരയുടെ കൂട്ടുകാരിയായ ഫനീല എന്ന കുട്ടിക്കും.ഒന്നാം ക്ലാസ് മുതൽ ഇതേ സ്ഥാനങ്ങൾ ആയിരുന്നു, രണ്ടു പേർക്കും.
ഫിസിക്സ് വിഷയത്തിലാണ് താൻ പിന്നിലെന്നും ആ വിഷയത്തിന്റെ മാസ്റ്റെർ കുറെ നാളായി ലീവിലാണെന്നും ഒരു ദിവസം അച്ചാച്ചനോട് ഹീര പറഞ്ഞു. അച്ചാച്ചനാണെങ്കിൽ പഠിപ്പിനെ പറ്റി ഒന്നും അന്വേഷിക്കാറില്ല.
അച്ഛാച്ചൻ ആരോടോ പറഞ്ഞു ഒരു പെണ്കുപട്ടിയെ ഫിസിക്സ് ടൂഷ്യൻ എടുക്കാൻ എർപ്പാടാക്കി. അവൾ മനസ്സിരുത്തി പഠിച്ചു. SSLC പരീക്ഷക്ക് ഹീര ഒന്നാംസ്ഥാനത്ത് എത്തിയെന്ന് മാത്രമല്ല, അവൾക്കു ഡിസ്റ്റിങ്ഷൻ കിട്ടുകയും ചെയ്തു.
അവൾക്കു കോളേജിൽ ചേർന്നാൽ കൊള്ളാമെന്നുണ്ട്. അനുജത്തിയുടെയും അച്ചാമ്മയുടെയും അച്ചാച്ചന്റെയും കാര്യം ഓർക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ. പഠിക്കുന്ന കുട്ടിയല്ലേ പഠിക്കട്ടെ എന്ന് അച്ചാച്ചൻ പറഞ്ഞു. സാമ്പത്തികമായി അച്ചൻ കുറച്ചു സംബാധിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് മറ്റെല്ലാം അച്ചാച്ചൻ നോക്കികൊള്ളാമെന്നു പറഞ്ഞു.
നാട്ടുകാരും ബന്ധക്കാരും എല്ലാഅർഥത്തിലും സഹായിക്കാൻ ഉണ്ടായിരുന്നു, അമ്മ വീട്ടുകാരൊഴികെ. അവൾ കോയമ്പത്തൂർ കോളേജിൽ എന്ജിനീറിങ്ങിന്നു ചേർന്നു.
കോളേജിൽ പോകുന്ന ദിവസം ഹീര അനുജത്തിക്ക് കുറെ ഉപദേശങ്ങൾ കൊടുത്തു.
‘മോളെ, നമ്മൾ മറ്റുള്ളവരെകൊണ്ട് മോശം അഭിപ്രായം പറയീക്കരുത്. അത് മരണപ്പെട്ട നമ്മുടെ അച്ചന്റെയും അമ്മയുടെയും ആൽമാവിന്നു വേദനയുണ്ടാവും.മോള് എല്ലാ ദിവസവും അച്ഛന്റേയും അമ്മയുടേയും അസ്ഥിതറയിൽ വിളക്ക് വെക്കണം.’
ചേച്ചി പറയുന്ന പോലെ എല്ലാം ചെയ്യാമെന്ന് മീര സമ്മതിച്ചു
വീണ്ടും തൃപ്രയാർ പുഴയിലൂടെ ഒരു പാട് വെള്ളം കടലിലേക്ക് ഒഴുകി. കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതം മുന്നോട്ടു നീങ്ങിയപ്പോൾ ഹീര കോളേജിൽ നാലാം വര്ഷതത്തിലേക്കും മീര പത്താം ക്ലാസിലേക്കും എത്തി.
ഹീരയുടെ കൂടെ കോളേജിൽ പഠിക്കുന്ന ആലുവക്കാരനായ ഷാജി ഒരു ദിവസം ഹീരയുടെ അടുത്ത് വന്നുപറഞ്ഞു. ‘ആലുവായിൽ നിന്നും എന്റെ അച്ഛനും അമ്മയും അച്ഛന്റെ ജ്യേഷ്ഠനും ഭാര്യയും വന്നിട്ടുണ്ട്. അവര്ക്ക് നിന്നെ ഒന്ന് കാണണമെന്നുണ്ട്’
ഹീര അവന്റെ കൂടെ കോളേജിലെ വിസിറ്റിംഗ് റൂമിൽ ചെന്നു. അവർ ഹീരയോടു ഇരിക്കാൻ പറഞ്ഞിട്ടും അവൾ ഇരുന്നില്ല. അവർക്കത് വളരെ ഇഷ്ടമായി.
‘ചേച്ചിയെ കല്യാണം ആലോചിച്ചു ആലുവായിൽ നിന്നും ഒരു കൂട്ടര് വന്നു അച്ചാച്ചനോട് സംസാരിക്കുന്നത് ഞാൻ കേട്ടു .’
കോളേജ് ലീവിന്നു ഹീര വീട്ടിൽ വന്നപ്പോൾ മീര പറഞ്ഞു
അച്ഛന്റെ അനുജന്റെ ഭാര്യ വന്നു അവളോട് അഭിപ്രായം ചോദിച്ചു.
താൻ എന്ത് അഭിപ്രായം പറയാനാ. അമ്മയില്ലാത്ത ദുഖം ഇപ്പോഴാണ് മനസ്സിലാവുന്നത്. തനിക്കു പഠിക്കണം എന്ന് മാത്രമേ അവൾ ആവശ്യപ്പെട്ടുള്ളൂ.
കല്ല്യാണം കഴിക്കാൻ ഉദ്ധേശിക്കുന്നത് ഷാജിയുടെ അച്ഛന്റെ ജേഷ്ടന്റെ മകൻ ജയൻ ആണെന്നും അയാൾ ഗൾഫിൽ എഞ്ചിനീയർ ആണെന്നും കുഞ്ഞമ്മ പറഞ്ഞു.
അവൾക്കു ഇഷ്ട്ടക്കേട് ഉണ്ടായിരുന്നില്ല. ജാതകവും നല്ല ചേർച്ചയായിരുന്നു. ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു കല്ല്യാണം
ഹീര വരന്റെ ഗൃഹത്തിലേക്ക് ഇറങ്ങുമ്പോൾ അനുജത്തിയോട് യാത്ര ചോദിച്ചു.
‘ഇനി ചേച്ചിക്ക് എന്നെ കൊണ്ടുള്ള ശല്ല്യം ഇല്ലല്ലോ’.
മീരയുടെ ഈ വാചകം കേട്ടപ്പോൾ, യാത്രപോകുമ്പോൾ കരഞ്ഞു ഇറങ്ങരുതെന്നും അത് മീരയെ വിഷമിപ്പിക്കുമെന്നു കരുതിയ ഹീരയുടെ കടിച്ചമര്ത്തി യ ദുഃഖം അണപൊട്ടിയൊഴുകി. അവർ വേർപ്പെടുത്താൻ പറ്റാത്ത വണ്ണം കെട്ടി പിടിച്ച് കരയാൻ തുടങ്ങി. കണ്ടുനിന്നവർക്കും ദുഃഖം സഹിക്കാൻ കഴിഞ്ഞില്ല.
‘മോളേ നിന്നെ ഞാൻ ഒരിക്കലും വേർപിരിയൂല’
ഇത് പറയാനേ ഹീരക്കു കഴിഞ്ഞുള്ളു
ഹീര ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോയി
മീരയെ കോയമ്പത്തൂർ തന്നെയുള്ള ഒരു കോളേജിൽ എഞ്ചിനീറിങ്ങിന്നു ചേർത്ത് അവൾ നല്ല നിലയിൽ പാസ്സാവുകയും ചെയ്തു. മീര കോളേജിൽ നിന്നും നാട്ടിൽ വരുമ്പോൾ അയൽവാസികൾ ചോദിക്കാറണ്ട് ‘ഹീര എന്നാ ഗൾഫിൽ നിന്നും വന്നതെന്ന്’
അയൽവാസികൾക്ക് പോലും അവരെ തെറ്റാറുണ്ട്.
‘ ഞാൻ മീരക്ക് ഒരു കല്യാണആലോചന കൊണ്ടാണ് വന്നിട്ടുള്ളത്’
ഒരു ദിവസം ജയൻ അച്ചാച്ചനോട് പറഞ്ഞു
‘ആരാണ് മോനെ അത്?’
‘എന്റെ അച്ഛന്റെ അനുജന്റെ മകൻ ഹീരയുടെ കൂടെ പഠിച്ച ഷാജി’
അവർക്ക് എല്ലാവർക്കും ആ ബന്ധം ഇഷ്ടമായിരുന്നു. അങ്ങിനെ മീരയുടെ കല്യാണവുംകഴിഞ്ഞു.
ഹീര മീരയോട് പറഞ്ഞത് അവൾ പാലിച്ചു, അവളെ ഒരിക്കലും പിരിയുകയില്ല എന്നത്.
————————————————–
മേമ്പൊടി:
സംഭവിച്ചതെല്ലാം നല്ലതിന്ന്
സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്ന്
സംഭവിക്കാൻ പോകുന്നതും നല്ലതിന്ന്
(ഭഗവത് ഗീത)
<< ഈ കഥ ഒരു പാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എഴുതിയതാണ്. പലപ്പോഴും ആലോചിക്കും ഇത് പോസ്റ്റ് ചെയ്യണോ എന്ന്. ഞാന്‍ മടിച്ചു. കാരണം എന്റെ കഥകളില്‍ എനിക്ക് മോശമായി തോന്നുന്ന ഒരു കഥയാണ് ഇത്. അത് കൊണ്ട് നിങ്ങള്‍ക്കാര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ കല്ലെടുത്ത് കീച്ചരുതേ, എല്ല് വലിച്ചൂരരുതേ നാട്ടാരെ >>