മഞ്ചു വര്‍ഗ്ഗീസ്.
“അബോർഷൻ” എന്ന വാക്കു കേൾക്കുമ്പോൾ തന്നെ മനസ്സിനകത്തേക്കു പടി കയറി വരുന്ന ഒരുപാട് ഓർമ്മകളുണ്ട്. അതിൽ ചിലത് മാത്രം..
ഈ വാക്ക് ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും ഒരല്പം പിശക് പിടിച്ച ഒന്നാണിതെന്നു മനസ്സിലായത് എട്ടാം ക്ളാസ്സിൽ വച്ചാണ്. എന്റെ അതേ പ്രായത്തിലുള്ള ഒരു കുട്ടി ഗർഭിണിയായതറിഞ്ഞു ആകെ വേവലാതിപ്പെട്ടു ആ കുട്ടിയുടെ അമ്മ എന്റെ അമ്മയോട് അടക്കം ചോദിച്ചു. “ഞങ്ങളറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. 7 മാസം കഴിഞ്ഞു. ഗർഭം അലസിപ്പിക്കാൻ പറ്റുമോ?”. ഇത്ര മാസം കഴിഞ്ഞാൽ പറ്റില്ലെന്ന് അറിഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവർ പോകുന്നത് കണ്ടു. കാര്യമെന്തെന്നറിയാൻ ആകാംക്ഷ കൊണ്ട എന്നോട് “ഇതൊന്നും പിള്ളേര് അറിയണ്ട കാര്യമല്ല.” എന്ന ഉത്തരം തന്നു വിട്ടയച്ചു അമ്മ .
എങ്കിലും, താമസിയാതെ മറ്റുള്ളവരോടൊപ്പം ഞങ്ങളും അറിഞ്ഞു. പെണ്ണ് കണ്ണും കൈയും കാണിച്ചു മയക്കിയതാണെന്ന് പ്രായപൂർത്തിയായ ചെറുക്കനും, ചെറുക്കൻ തന്റെ എട്ടും പൊട്ടും തിരിയാത്ത കൊച്ചിനെ കറക്കിയെടുത്തതാണെന്നു പെൺവീട്ടുകാരും വാദിച്ചു. ഒടുവിൽ, പ്രസവത്തിന്റെ ചിലവെല്ലാം എടുത്തു തന്റെ ഉത്തരവാദിത്തം തീർത്തു ചെറുക്കനും വീട്ടുകാരും. പ്രസവശേഷം , കടുത്ത മനസികസമ്മർദ്ദത്തിൽ അല്പം മാനസികനില തെറ്റിയ പെൺകുട്ടി താൻ പ്രസവിച്ച കുഞ്ഞിനെ ഒരു മന്ദിരത്തിൽ ഏൽപ്പിച്ചു.
‘അമ്മക്കുട്ടി ‘ തന്റെ ആരോഗ്യനില വീണ്ടെടുത്തു. പിന്നീട്, അവരുടെ കുഞ്ഞിനെ ആരോ ദത്തെടുത്തു വിദേശത്തേക്ക് കൊണ്ട് പോയി. അങ്ങനെ, തന്റെ മാതാപിതാക്കളെ കാണാതെ , അവർ ചെയ്ത പാപത്തിന്റെ മുൾക്കിരീടവുമേന്തി ആ കുഞ്ഞു എവിടെയോ ലോകത്തിന്റെ ഒരു കോണിൽ.. എന്റെ ഭാവനയിൽ മാത്രം ഞാൻ കണ്ടു നിഷ്കളങ്കമായ ആ കുഞ്ഞു മുഖം.. മറ്റൊരു “ഷെറിൻ മാത്യൂസ്” ആകാതിരിക്കാൻ ദൈവം തുണച്ചുവെന്നു വിശ്വസിക്കുന്നു ..
പിന്നീട് “അബോർഷൻ” എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് പഠനകാലത്താണ്.. കടന്നു വന്നു എന്ന് പറയുമ്പോൾ, എന്റെ കണ്ണുകൾ കൊണ്ട് ഞാൻ നേരിട്ട് കണ്ടു എന്നാണു ഉദ്ദേശിച്ചത്. പലരുടെയും കാരണങ്ങൾ വ്യത്യസ്തമെങ്കിലും, പൊതുവെ ഇപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചില്ല. ഒരു കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പു ആയില്ല. സാമ്പത്തികസ്ഥിതി ശരിയല്ല ” എന്നിങ്ങനെ പല മുടന്തൻ ന്യായങ്ങളും കേട്ടു.
ഒരു വലിയ suction catheter വച്ച് ആ കുഞ്ഞുജീവനെ ഒരു പൂമ്പാറ്റയെ പിടിക്കുന്ന ലാഘവത്തോടെ അവർ വലിച്ചെടുത്തു.. “ഗ്ളൂഉം, ഗ്ളൂഉം” എന്ന ശബ്ദത്തിൽ ആ കുഞ്ഞു കൈകളും കാലുകളും തലയും വേർപെട്ടു. ഈ ദ്രാവകത്തെ (amniotic fluid) ഒരു പാത്രത്തിൽ പകർത്തിയപ്പോൾ ഞങ്ങൾ വേർപെട്ടു പോയ ആ കുഞ്ഞു ശരീരഭാഗങ്ങൾ ചേർത്ത് വച്ച് നോക്കിയിട്ടുണ്ട്..
അന്ന് മനസ്സിൽ വന്ന നൊമ്പരം ഒരിക്കലും അബോർഷൻ ചെയ്യില്ലെന്ന തീരുമാനത്തിൽ എന്നെ എത്തിച്ചു. കുഞ്ഞിന് വളർച്ചയല്പം കൂടിയെങ്കിൽ ഒരു ഉപകരണമുപയോഗിച്ചു ഒരു മാംസവെട്ടുകാരന്റെ പാടവത്തോടെ ആ പിഞ്ചുശരീരത്തെ പല നുറുങ്ങു കഷണങ്ങളാക്കി പുറത്തേക്കെടുക്കും. ഇങ്ങനെ വിവിധ തരത്തിൽ അബോർഷൻ ചെയ്യപ്പെടുന്നു.
ആരും കേൾക്കാത്ത ഒരുപാട് നിഗൂഢമായ കഥകൾ പറയാൻ ആശുപത്രിയുടെ ചുവരുകൾക്കു കഴിയും.. അവ നിശബ്ദം പറയുന്ന കഥകളിൽ ഒന്ന് ഒരു പന്ത്രണ്ടുകാരിയുടേതാണ്. സ്വന്തം സഹോദരൻ മൂലമാണ് അവൾ ഗർഭിണിയായത്.
അലസിപ്പിക്കുമ്പോഴുള്ള വേദന സഹിക്കാനാവാതെ അവൾ അലറി വിളിച്ചു കരഞ്ഞു. ആ ശബ്ദം ഇന്നും എന്റെ കാതുകളിൽ മുഴങ്ങി കേൾക്കുന്നു.. തെറ്റ് ആരുടെ ഭാഗത്തെങ്കിലും പിച്ചിച്ചീന്തപ്പെട്ടതു പാപത്തിന്റെ ഫലമായുണ്ടായ ഒരു കുഞ്ഞു ശരീരമാണ്. ഇതിൽ നിന്ന് മാതാപിതാക്കളും, അധ്യാപകരും പഠിക്കേണ്ട ഒരു വലിയ പാഠമുണ്ട്. ജീവിതമൂല്യങ്ങൾ കുട്ടികളെ ചെറുപ്പത്തിലേ തന്നെ പഠിപ്പിക്കണം. “Child abuse” എന്താണെന്നും, തന്റെ ശരീരത്തിൽ എവിടെ മറ്റുള്ളവർ സ്പർശിച്ചാൽ താൻ പ്രതികരിക്കണമെന്നും, ആരോടാണ് അത് പറയേണ്ടതെന്നും ഓരോ കുട്ടിയും അറിഞ്ഞിരിക്കണം.
പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ ആരായിരുന്നാൽ പോലും (സ്വന്തം രക്തബന്ധമാണെങ്കിലും ) അവർ ചെയ്യുന്നത് തെറ്റാണെന്നു അറിഞ്ഞാൽ അത് തുറന്നു പറയാനുള്ള സ്വാതന്ത്രം അവർക്കു തോന്നത്തക്ക രീതിയിലാവണം അവരെ വളർത്തേണ്ടത്.
മേല്പറഞ്ഞ രീതിയിലോ, അല്ലെങ്കിൽ കൂട്ട മാനഭംഗത്തിനൊടുവിലോ ഗർഭിണിയായാൽ ആ കുഞ്ഞിനെ ഒരമ്മക്കും അംഗീകരിക്കാനാവില്ല. അവിടെ “അബോർഷൻ” , അതിലെ ശരിയും തെറ്റും എന്നെ വല്ലാതെ കുഴയ്ക്കുന്നു. എങ്കിലും, അടുത്തിടെ ഞാൻ വായിച്ച ഒരു വാർത്തയിലെ യുവതിയാണ് എന്നിൽ അത്ഭുതം ഉളവാക്കിയത് . അവൾ എഴുതിയതിങ്ങനെ. “എന്റെ അമ്മയുടെ സ്നേഹം ഒരിക്കലും ഞാൻ അറിഞ്ഞിട്ടില്ല. കുറ്റം പറയാൻ പറ്റില്ല. കാരണം, ഞാൻ ഒരു കൂട്ടമാനഭംഗത്തിന്റെ നീറ്റൽ മാത്രമാണ് എന്റെ അമ്മക്ക്. എന്നെ കാണുന്നത് തന്നെ അമ്മക്ക് വെറുപ്പ് ആയിരുന്നു. അതുകൊണ്ടു തന്നെ എന്നെ വളർത്തിയത് എന്റെ മുത്തച്ഛനും, മുത്തശ്ശിയുമാണ്.
പക്ഷെ, ഇന്ന് ഞാൻ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എന്റെ അമ്മയെ പോലെ മരിച്ചു ജീവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയാണ്. എന്റെ അനുഭവം ഞാൻ അവർക്കു വിവരിച്ചു കൊടുക്കാറുണ്ട്. ” ഒരു തിന്മയുടെ വിത്തിൽ നിന്നുത്ഭവിച്ച് വളർന്നു പന്തലിച്ചു തണൽ വിരിച്ച് നിൽക്കുന്നു അവൾ.
ചിലപ്പോൾ ശരിതെറ്റുകൾ ആപേക്ഷികമാകാം. അമ്മയുടെ ജീവന് അപകടമാകുന്നെങ്കിലോ , കാൻസർ പോലുള്ള രോഗത്തിന് ചികിത്സ എത്രയും വേഗം തുടങ്ങാനോ ചില സന്ദർഭങ്ങളിൽ അബോർഷൻ ചെയ്യാറുണ്ട്.
ഏതു കാരണം കൊണ്ടാണെങ്കിലും ഒരു ജീവനെ കൊല്ലുന്നത് കാണുന്നത് വേദനാജനകം തന്നെ. ഇപ്പോൾ മെഡിക്കൽ സയൻസ് വളരെയധികം പുരോഗമിച്ചു. ഗർഭാവസ്ഥയിൽ തന്നെ “Chromosomal defects” കണ്ടുപിടിക്കാം. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ചിലർ “abort” ചെയ്തുകളയുകയും ചെയ്യും. പ്രത്യേകിച്ചും, “mentally retarded “ ആയ കുഞ്ഞുങ്ങളെ.
എന്റെ അനുഭവത്തിൽ ഞങ്ങളുടെ കുടുംബത്തിൽ സ്നേഹിക്കാനും, പ്രാർത്ഥിക്കാനും മാത്രമറിയാവുന്നതും , ഏറ്റവും നിഷ്ക്കളങ്കമായ വ്യക്തിത്വത്തിനുടമയുമായതും കൊച്ചേച്ചി (അമ്മയുടെ അനിയത്തി) ആയിരുന്നു. “Learning disability” എന്നെല്ലാം എല്ലാരും പറയുമ്പോഴും മുൻവിധി കൂടാതെ സ്നേഹിക്കുന്നതെങ്ങനെയെന്ന ഏറ്റവും വലിയ പാഠം പഠിപ്പിക്കാനുള്ള യോഗ്യത കൊച്ചേച്ചിക്ക് തന്നെയായിരുന്നു.
എല്ലാവർക്കും വേണ്ടി ഏറ്റവും കൂടുതൽ സമയം കണ്ടെത്തി പ്രാർത്ഥിച്ചതും കൊച്ചേച്ചി തന്നെയായിരുന്നു. ഇതുപോലുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ ജീവിതത്തിലെ അമൂല്യനിധികളായി മാറിയേക്കാവുന്ന ഈ ജീവനുകൾ നമുക്ക് സംരക്ഷിച്ചു കൂടെ?