Thursday, November 28, 2024
HomeLiteratureമുന്‍ ജന്മപാപം. (കഥ)

മുന്‍ ജന്മപാപം. (കഥ)

ഷെരീഫ് ഇബ്രഹിം.
ആ പെണ്‍കുട്ടി ആകെ അസ്വസ്ഥതയായാണ്‌ എന്റെ അടുത്ത് വന്നത്. ആ മുഖഭാവം അത് വിളിച്ചറിയീക്കുന്നുണ്ടായിരുന്നു.
“മാഷേ, എനിക്കൊരു ഉപദേശം കിട്ടാനാണ്‌ ഞാന്‍ വന്നത്”
ആ കുട്ടി ആമുഖമായി പറഞ്ഞു.
ഞാന്‍ കരുതിയത് വളരെ ശെരിയായിരിക്കുന്നു.
“കുട്ടി റിലാക്സ് ആവൂ. എന്താണെങ്കിലും സമാധാനമുണ്ടാക്കാം. കുട്ടിക്ക് എന്താണ് കഴിക്കേണ്ടത്?”
“എനിക്കൊന്നും വേണ്ട മാഷേ, എന്റെ വിഷമം മാഷോട് പറഞ്ഞിട്ട് ഞാന്‍ പോവാം. മാഷ്ക്ക് ബുദ്ധിമുട്ടാവുമോ? ഒരു കാര്യം ചോദിക്കാന്‍ മറന്നു. മാഷ്ക്ക് എന്നെ മനസ്സിലായോ?”
ആ കുട്ടിയുടെ അസ്വസ്ഥത ആ വാക്കുകളിൽ നിഴലിച്ചു.
ഞാന്‍ പഠിപ്പിച്ച ഒരു പാട് വിദ്യാർഥികള്‍ ഉണ്ട്. അവരെയെല്ലാം ഓർത്തെടുക്കാന്‍ പ്രയാസമാണ്. പക്ഷെ ഈ കുട്ടിയെ എനിക്ക് നന്നായി അറിയാം. എന്റെ ഗ്രാമത്തില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറിയാണ് ഈ കുട്ടിയുടെ വീടെങ്കിലും എന്റെ മകള്‍ ജസ്നയുടെ കൂടെ പഠിച്ച രശ്മയാണത്. ആ കുട്ടി അന്നൊക്കെ ഇടയ്ക്കിടെ എന്റെ മകളെ കാണാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു.
എങ്കിലും ഞാന്‍ സംശയം ചോദിച്ചറിഞ്ഞു. എന്റെ ഓര്‍മ ശെരിയായിരുന്നു.
“കുട്ടി വിഷയം പറഞ്ഞില്ല?”
“ജബ്ബാര്‍ മാഷെ ഞാനെന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ടിട്ടാണ് ഈ പ്രശ്നം അവതരിപ്പിക്കുന്നത്. മറ്റൊന്നും കരുതരുത്.”
“രശ്മ വിവരം പറയൂ”
എനിക്ക് കുറച്ചു നീരസം വന്നു തുടങ്ങി.
“മാഷേ, എനിക്ക് 27 വയസ്സ് കഴിഞ്ഞു. എന്റെ വിവാഹം ഇത് വരെ ആയിട്ടില്ല. എന്റെ പ്രായത്തിലുള്ളവര്‍ മാഷെ മകളടക്കം വിവാഹം കഴിഞ്ഞു മക്കളായി. ഞാന്‍ എഞ്ചിനീയറിംഗ് പാസായിട്ടുണ്ട്‌. വിവാഹം കഴിയാത്തതിലല്ല വിഷമം. ആളുകള്‍ കളിയാക്കി ഓരോന്ന് ചോദിക്കുമ്പോഴാണ്.”
“അതിന് കുട്ടിക്ക് വല്ല ചൊവ്വാദോഷമോ മറ്റോ…?”
ഞാന്‍ ഇടയില്‍ കയറി ചോദിച്ചു.
“ഇല്ല മാഷേ, വിഷയം എന്റെ ചേച്ചി രേഖയാണ. ചേച്ചിക്ക് മുപ്പത് വയസ്സ് കഴിഞ്ഞു. ഒരു പാട് ആലോചനകള്‍ വന്നു. ഒന്നും ശെരിയാവുന്നില്ല. ചേച്ചി ദന്തഡോക്ടര്‍ ആണ്. അമ്മയുടേയും അച്ചന്റെയും വിചാരം ഡോക്ടര്‍ എന്നാല്‍ ഒരു കിട്ടാക്കാനിയാണ്, അതൊരു നിധിയാണ്‌ എന്നൊക്കെയാണ്. ഇന്ന് എല്ലാ മേഖലകളിലുമുള്ള ഡോക്ടര്‍മാര്‍ വര്‍ഷംതോറും പാസായി ഇറങ്ങുകയല്ലേ? ചേച്ചിക്കും ഒരു ദോഷവുമില്ല. പക്ഷെ എന്റെ അമ്മ….” രശ്മ വിതുമ്പാന്‍ തുടങ്ങി.
“ഞങ്ങളുടെ വീട്ടില്‍ ഭര്‍ത്താവ് അമ്മയും ഭാര്യ അച്ഛനുമാണ്. അതാണ്‌ ഏറ്റവും വലിയ പ്രശ്നം.” അവള്‍ മുഴുമിപ്പിച്ചു.
“ശെരി. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.”
ഞാന്‍ രശ്മയെ സമാധാനിപ്പിച്ചു.
കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ഞാന്‍ ആ കുട്ടിയോട് ചോദിച്ചു.
“ഇക്കാര്യത്തില്‍ എങ്ങിനെയാണ് രശ്മയെ എനിക്ക് സഹായിക്കാന്‍ കഴിയുക? സ്വന്തം ഭര്‍ത്താവ് നോക്കുകുത്തിയായി നില്‍ക്കുന്നിടത്ത് ഞാന്‍…”
“മാഷേ അതിനൊരു നല്ല സന്ദര്‍ഭം വരുന്നുണ്ട്. എന്റെ ചേച്ചിയെ പെണ്ണ് കാണാന്‍ ഒരു കൂട്ടര്‍ അടുത്തയാഴ്ച്ച വരുന്നുണ്ട്. മാഷേ ഞാന്‍ അച്ഛനെകൊണ്ട് ക്ഷണിപ്പിക്കാം.”
ആ കുട്ടിയെ സമാധാനിപ്പിച്ചു ഞാന്‍ പറഞ്ഞയച്ചു.
രശ്മ പറഞ്ഞത് പോലെ  അവളുടെ അച്ഛന്‍ നാരായണന്‍ നേരിട്ട് വന്നു എന്നെ ആ ചടങ്ങിന് വിളിച്ചു.
എല്ലാ കാര്യത്തിലും ഒരു കൃത്യനിഷ്ഠ എന്റെ ജീവിതത്തിലുണ്ട്. തന്മൂലം കൃത്യസമയത്ത് തന്നെ ഞാന്‍ ചടങ്ങിന് എത്തി. കുറെ ആളുകളെ എനിക്ക് അറിയാമായിരുന്നു. ചിലര്‍ക്ക് എന്നെയും പരിചയമുണ്ടായിരുന്നു.
വിഷയങ്ങള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അതില്‍ എന്നോട് പരിചയമുള്ള ഒരു പഞ്ചായത്ത്‌ മെമ്പര്‍ രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞു ഒതുങ്ങിയ സ്ഥലത്തേക്ക് എന്നെ വിളിച്ചു.
“മാഷേ, ഈയവസരത്തില്‍ പറയുന്നതില്‍ മറ്റൊന്നും തോന്നരുത്. സത്യത്തില്‍ ഇവരുടെ ഒരു ബന്ധു ആയ നിലയിലാണ് ഞാന്‍ വന്നത്. ഈ നാടകം കളി ചടങ്ങ് തുടങ്ങിയിട്ട് കുറെ വര്‍ഷമായി…..”
പിന്നെയും ആ വീട്ടുകാരെപ്പറ്റി ഒരു പാട് കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. അതെല്ലാം രശ് എന്നോട് മുമ്പ് പറഞ്ഞതായിരുന്നു.
“മാഷേ ആ സ്ത്രീയുണ്ടല്ലോ.. രേഖയുടെ അമ്മ. എല്ലാവരേയും അടക്കിഭരിക്കുന്ന സ്വഭാവം. അവരുടെ ബന്ധക്കാരന്റെ മകന്റെ വിവാഹത്തിന് വല്ല്യമ്മയെ പങ്കെടുപ്പിക്കാതിരിക്കാന്‍ അവരെ അസുഖമാണെന്ന് പറഞ്ഞു ഹോസ്പിറ്റലിലാക്കി. മറ്റൊരു മകന്‍ കല്യാണം കഴിച്ചിടത്ത് പോയി ആ വീട്ടുകാരെപ്പറ്റി… പറയാന്‍ കുറെയുണ്ട് മാഷേ… ഇതൊക്കെ ദൈവം അവര്‍ക്ക്   കൊടുക്കുന്ന ശിക്ഷയാണ്. പക്ഷെ, അത് അനുഭവിക്കുന്നത് അവരുടെ മക്കളും. “
അദ്ദേഹം പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ വെറും ശ്രോതാവായി.
“ദേ… ചെക്കന്റെ വീട്ടുകാര്‍ വന്നു.”
ആരോ വിളിച്ചു പറഞ്ഞു.
ഞങ്ങള്‍ സംസാരം നിറുത്തി സദസ്സില്‍ വന്നിരുന്നു.
പതിവ് ചടങ്ങ് ആരംഭിച്ചു. രശ്മ ഇടയ്ക്കിടെ എന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.
ഇതിന്നിടയില്‍ വരന്റെ ബന്ധക്കാരായ ഒരു സ്ത്രീ വന്നു അവരുടെ ഭര്‍ത്താവിനെ വിളിക്കുന്നത് കണ്ടു.
ആ വ്യക്തി ആ സ്ത്രീയുടെ അടുത്ത് പോയി എന്തോ സംസാരിച്ചു തിരിച്ചു സദസ്സില്‍ വന്നിരുന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.
“ഞങ്ങള്‍ക്ക് രേഖയെ ഇഷ്ടപ്പെട്ടു. ആഗസ്റ്റ് 17 ഞായറാഴ്ച്ച അതായത് ചിങ്ങം ഒന്ന്…  അന്ന് പത്തര മുതല്‍ പന്ത്രണ്ടു വരെ രാഹുകാലമാണ്. അത് കൊണ്ട് നമുക്ക് മുഹൂര്‍ത്തം   ഒമ്പതിനും ഒമ്പതരക്കും ഇടയിലായി നിശ്ചയിക്കാം. അപ്പോള്‍ ഇനി നമുക്ക് ഹാള്‍ ബുക്ക്‌ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാം. ഞങ്ങളുടെ വീട് ചാവക്കാട് അപ്പുറം വെളിയംകോട് ആണ്. അത് കൊണ്ട് നമുക്ക് രണ്ടു വീട്ടുകാരുടെയും മദ്ധ്യത്തിലുള്ള എടക്കഴിയൂരിലെ ഹാള്‍ ബുക്ക്‌ ചെയ്യാം. എന്താ നിങ്ങളുടെ അഭിപ്രായം?”
വരന്റെ ആളുകളില്‍ കുറച്ചു പ്രായം ചെന്ന ആള്‍ ചോദിച്ചു.
“നമുക്ക് അത് സമതിക്കാം അല്ലേ?” നാരായണന്‍ കുട്ടി എല്ലാവരോടുമായി ചോദിച്ചു.
“അതെന്താ അങ്ങിനെത്തന്നെ ആയ്ക്കോട്ടെ”
എല്ലാവരും കോറസ് ആയി പറഞ്ഞു.
“അല്ല, മാഷേ നമ്മള്‍ ഇവിടെ വന്നത് പെണ്ണ് കാണല്‍ ചടങ്ങിനാണോ അതോ കല്യാണ നിശ്ചയത്തിനാണോ?”. കുറച്ചു മുമ്പ് എന്നോട് സംസാരിച്ച വ്യക്തി ചോദിച്ചു.
ഞാനും അത് തന്നെയാണ് ചിന്തിക്കുന്നതെന്ന മറുപടി കൊടുത്തു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം വന്ന സ്ത്രീ വീണ്ടും വന്നു അവരുടെ ഭര്‍ത്താവിനെ അകത്തേക്ക് വിളിച്ചു. അദ്ദേഹം അകത്ത് പോയി തിരിച്ചു വന്ന് ആ പ്രായമുള്ള വ്യക്തിയോട് എന്തോ പറഞ്ഞു.
ആ പ്രായമുള്ള വ്യക്തി എല്ലാവരോടുമായി പറഞ്ഞു.
“നമുക്ക് കല്യാണമൊക്കെ പിന്നെ തീരുമാനിക്കാം. ഞങ്ങള്‍ ഒന്നാലോച്ചിട്ട് മറുപടി പറയാം. ഞങ്ങളുടെ മറുപടിക്ക് വേണ്ടി കാത്ത് നില്‍കേണ്ട. വേറെ ആലോചന വന്നാല്‍ അത് നടത്തിക്കോ”
പെട്ടെന്നുള്ള ഈ മാറ്റം കണ്ടപ്പോള്‍ ചിലര്‍ക്ക്   ദ്വേഷ്യം വന്നു. അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു.
“ഇത് ഒരുമാതിരി… ആളുകളെ കളിപ്പിക്കുന്ന പോലെയായല്ലോ… പെണ്ണ് കാണല്‍ ചടങ്ങ് എന്ന് പറഞ്ഞു ക്ഷണിക്കുക. ആരോടും പറയാതെ അത് നിശ്ചയമാക്കുക… ഇഷ്ടപ്പെട്ടെന്ന് പറയുക. പിന്നെ ആലോചിച്ചിട്ട് പറയാമെന്ന് പറയുക… എന്താ കാര്യം?”
ആ ചോദ്യം എനിക്കും ഇഷ്ടപ്പെട്ടു.
“നിങ്ങളൊക്കെ ചോദിച്ചത് കൊണ്ട് ഞാന്‍ പറയാം. ഞങ്ങള്‍ക്ക് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. പക്ഷെ ആ തള്ളയുണ്ടല്ലോ പെണ്‍കുട്ടിയുടെ അമ്മ, അതിനു നാവിത്തിരി കൂടുതലാണ്….”
കേട്ടവര്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ രേഖയുടെ അച്ഛനെ നോക്കി. അയാള്‍ തലകുമ്പിട്ടിരിക്കുകയാണ്.
വന്നവര്‍ തിരിച്ചു പോയി.
“മാഷേ, ഇപ്പോള്‍ സംഗതി മനസ്സിലായില്ലേ? ഒരു ലേഡി ഡോക്ടറെ ബന്ധുവായി കിട്ടാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷെ, എന്റെ അമ്മ….. മാഷൊന്ന്‍ അമ്മയുമായി സംസാരിക്കോ.. എന്നാലെങ്കിലും അമ്മയുടെ നെഗളിപ്പ് ഒന്ന് കുറഞ്ഞാലോ?”
എന്ന് രശ്മ പറഞ്ഞപ്പോള്‍ ഞാന്‍ രശ്മയുടെ അമ്മയുടെ അടുത്ത് ചെന്ന് സംസാരം തുടങ്ങി.
“മാഷ്‌ കുട്ടികളെ പഠിപ്പിച്ചാല്‍ മതി. എന്റെ വീട്ടിലെ കാര്യം നോക്കാന്‍ എനിക്കറിയാം. അല്ലെങ്കില്‍ തന്നെ മാഷേ ഇതിന് വിളിച്ചതാണ് എന്റെ കെട്ടിയോന് പറ്റിയ അബദ്ധം…”
ആ സ്ത്രീ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതായത് കൊണ്ട് എനിക്കൊന്നും തോന്നിയില്ല. എന്നാലും ഒരു വാക്ക് മാത്രം ഞാന്‍ പറഞ്ഞു.
നിങ്ങള്‍ പറയുന്ന കെട്ടിയോനുണ്ടല്ലോ അതായത് നിങ്ങളുടെ ഭര്‍ത്താവ്, അദ്ധേഹത്തിന് പറ്റിയ ഏറ്റവും വലിയ അബദ്ധം എന്നെ ക്ഷണിച്ചതല്ല, മറിച്ച് നിങ്ങളെ വിവാഹം കഴിച്ചതാണ്.”
അവര്‍ പിന്നെ ഒന്നും പറഞ്ഞില്ല.
ഞാന്‍ പുറത്ത് കടന്നു.
ഗേറ്റിന്നടുത്തെത്തിയപ്പോള്‍ രശ്മ ഓടി വന്നു എന്നോട് ചോദിച്ചു.
“അമ്മ നേരെ ആയോ?”
“ഇല്ല മോളെ, ആര് വിചാരിച്ചാലും അമ്മ നേരെയാവില്ല. ഇനി ബ്രഹ്മാവ്‌ വിചാരിച്ചാല്‍ നേരെയാവും. ഇനി ഈ പണി എന്നെ ഏല്‍പ്പിക്കരുത്. അഗ്നികുണ്ഡത്തില്‍ നിന്നും തീക്കനല്‍ ഞാന്‍ കയ്യില്‍ വാരാം. പക്ഷെ, നിങ്ങളുടെ അമ്മയെ നന്നാക്കാന്‍….”
രശ്മയുടെ മറുപടിക്ക് കാത്ത്നില്‍ക്കാതെ ഞാന്‍ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് പോയി.
RELATED ARTICLES

Most Popular

Recent Comments