ഗ്രേസി ജോർജ്ജ്.
മദ്ധ്യവേനലിൻ അവധിക്കാലങ്ങളിൽ
കൂട്ടരുമായെത്തും മാവിൻറെ ചോട്ടിലായ്
കൂട്ടരില്ലാത്തൊരു നേരമുണ്ടായിടാം
പോയിരുന്നീടു മെന്നാലുമെല്ലാദിനം.
ഇടതൂർന്ന കാടുകൾക്കുള്ളിൽ നിലകൊള്ളും
മാവുകൾ, തോരണം ചാർത്തും പഴങ്ങളും
വലുപ്പത്തിൻ മാറ്റത്തിനൊപ്പ മറിഞ്ഞിടാം
പലനിറം,പല രുചി,വേറിടും സുഗന്ധങ്ങൾ.
ഒരു ഹിംസ്രജന്തുവും മറഞ്ഞിരിപ്പില്ലയീ–
ക്കാടിൻറെയുള്ളിലും മാവിൻ മറവിലും
കാപട്യമില്ലെന്നു പറയില്ലയെങ്കിലും
മനുഷ്യ മൃഗങ്ങളെ ഭയക്കേണ്ട അന്നാളിൽ .
അന്നത്തെക്കെണികളൊ,വയറിൻറെ പതപ്പിനാൽ
ഇന്നത്തെ കെണികളൊ,മനസ്സിൻറെ പിടപ്പിനാൽ
ഏകയായുള്ളോരു ശൈശവം എവിടെന്ന്
തേടുകയാണിന്ന് ഒരോരോ കണ്കളും
പിച്ചവെച്ചീടുന്ന ശൈശവം ഇന്നില്ല
പിച്ചനടത്തിക്കും കൈകളും ഇന്നില്ല .
കാപട്യമറിയാത്ത കുഞ്ഞാണവളതാൽ
കൊത്തിപ്പറിച്ചാലും സ്നേഹമായ് കരുതിടും
ശൈശവപ്രായമാണെന്നു വരികിലും
പെണ്ണിൻറെ ലിംഗത്തിൽപ്പെട്ടവൾ തന്നല്ലൊ.
അതുമതിയതുമതി ആഘോഷമാക്കീടുവാൻ
അല്പനേരത്തേക്ക് ശമനം വരുത്തുവാൻ
ബന്ധത്തിൻ വിലയെന്തെന്നറിയാത്ത ജന്മങ്ങൾ
പാരിതിൽ അഗ്നിയായ് കത്തിപ്പടരുന്നു …!