മിലാല്‍ കൊല്ലം.
ഇന്ന് ഒരു മരണം നടന്നാൽ ഉടൻ തന്നെ മരിച്ചതാരോ അവരുടെ ഒരു ഫോട്ടോ വലുതാക്കി എടുത്ത് മതിലിലും പോസ്റ്റിലും പിന്നെ പ്രധാനപ്പെട്ട പരസ്യ ബോർഡുകളിലും ഒട്ടിക്കും. ഇതുകൊണ്ട് എല്ലാവർക്കും പെട്ടന്ന് മനസിലാകും ആരാണു മരിച്ചത് എന്ന്.
ഈ പോസ്റ്ററുകൾ കാണാത്ത ആളുകൾക്ക് ദിന പത്രത്തിൽ ചരമ കോളത്തിൽ ആളിന്റെ ചിത്രം അടക്കം കാണാം. എന്ന് മാത്രമല്ല ഏതെങ്കിലും ഒരു പത്രത്തിനു കൊടുത്താൽ മതി. ആ പത്രക്കാർ മറ്റ് പത്രക്കാർക്ക് കൂടി കൊടുത്ത് എല്ലാ പത്രത്തിലും വരുന്ന സ്ഥിതി വിശേഷം ആണു. ചരമ കോളത്തിൽ വരുന്ന ചിത്രം അടക്കം ഉള്ളത് സൗജന്യവും ആണു. പിന്നെ കാശുകൊടുത്താൽ പത്രത്തിന്റെ മുൻ പേജിലും വരും.
കുറേ വർഷങ്ങൾക്ക് മുൻപ് നമ്മുടെ വീട്ടിൽ ഏത് പത്രമാണു വരുത്തുന്നത് അവർ മാത്രം ചിത്രമില്ലാതെ ചരമ അറിയിപ്പ് എന്ന് പറഞ്ഞു കൊടുക്കുമായിരുന്നു. അതൊക്കേ ഇപ്പോൾ മാറിയിരിക്കുന്നു. പത്രം വരുത്തുന്നില്ലെങ്കിലും മരണ വാർത്ത കൊടുത്താൽ വരും അങ്ങനെ ആയി.
ഇതിനെല്ലാം മുൻപ് കുടുംബത്തിൽ മരണ വിവരം അറിയിച്ചാൽ മറ്റ് എല്ലാവരെയും അറിയിക്കാൻ വേണ്ടി ഒരാൾ കാണും. അയാൾ നടന്ന് പറയും അല്ലെങ്കിൽ സൈക്കിളിൽ പോയി പറയും.
എനിക്ക് ഒരു പതിനാറുവയസ് കാലം. വീട്ടിൽ എന്റെ അമ്മാമ മരിച്ചു. ഞാനും എന്റെ മാമന്റെ മകനും കൂടി രാവിലെ മരണം പറയാൻ പോയി. അങ്ങനെ വേണ്ടപ്പെട്ടവരൊടെല്ലാം പറഞ്ഞു വരികയാണു.
ഇരവിപുരത്ത് കടമ്പാട്ട് വല്ല്യച്ചന്റെ വീട്ടിൽ പറയാൻ ചെന്നു. വല്ല്യച്ചന്റെ പെൺ മക്കൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാൻ ചെന്നിട്ട് പറഞ്ഞു. അമ്മാമ ഈ കഴിഞ്ഞ രാത്രി മരിച്ചു. പറയാൻ വന്നതാണു. ഞാൻ പറഞ്ഞ് തീർന്നില്ല. അതിനു മുൻപ് പെൺ പിള്ളാർ ഞങ്ങള അമ്മാമ പോയേ എന്നും പറഞ്ഞു ഇട്ടോ ഇറുറോ എന്നോരു നിലവിളി.
ഞാൻ എന്നാൽ പറയുന്നു നിങ്ങടെ അല്ല. എന്റെ അമ്മാമയാണു എന്ന്. എവിടെ കേൾക്കാൻ. നിലവിളിയോട് നിലവിളി. തൊട്ട് പടിഞ്ഞിറ്റതിൽ അപ്പച്ചിയുടെ വീടായതുകൊണ്ടും അപ്പച്ചിയുടെ വീട്ടിൽ മരണം പറഞ്ഞിട്ട് വല്ല്യച്ചന്റെ വീട്ടിൽ കയറിയതുകൊണ്ടും. നിലവിളി കേട്ടിട്ട് അപ്പച്ചിയും മക്കളും കൂടി ഓടി വന്നിട്ട് പറഞ്ഞു. ഹരിയുടെ അമ്മാമ മരിച്ചത് പറയാനാ വന്നത്. അല്ലാതെ നിങ്ങളുടെ അമ്മാമ അല്ല മരിച്ചത്. അങ്ങനെ നിലവിളി നിറുത്തി. ഞാനും രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് ഞാനും പേടിച്ചു പോയിരുന്നു.
എന്നാൽ ഒരുപാട് വർഷങ്ങൾക്ക് മുൻപ് പത്രത്തിലൊന്നും ചരമ കോളങ്ങൾ ഇല്ലാതിരുന്ന കാലത്ത്. ഒരാൾ മരിച്ചാൽ ഉടൻ തന്നെ അയാളുടെ പേരിൽ ഒരു പാട്ട് ഉണ്ടാക്കും. എന്നിട്ട് മയ്യനാട് ചന്തയുടെ മുന്നിൽ വന്ന് നിന്നിട്ട് ചപ്ലാം കൊട്ട കൊട്ടി പാടും. അപ്പോൾ എല്ലാവർക്കും മരിച്ചയാളിനെ മനസിലാകും.
ചപ്ലാം കൊട്ട എന്ന് പറയുന്നത് പണ്ട് ഉണ്ടായിരുന്ന ഒരു വാദ്യോപകരണം ആണു. രണ്ട് ചെറിയ പലക കഷണങ്ങൾ ഒരു കൈയിൽ വച്ചിട്ട് ടക് ടക് എന്ന് അടിക്കുന്നതാണു. മുൻപ് ട്രെയിനിൽ ചപ്ലാം കൊട്ട കൊട്ടി പാടി പൈസ പിരിക്കാൻ ആൾ വരുമായിരുന്നു.