രശ്മി സജയൻ. (Street Light fb group)
അഗ്നിയാൽ സ്ഫുടം ചെയ്തെടുത്തോരു
വാക്കുകൾകേവലം അക്ഷരം മാത്രമല്ലേ
അറിവുപകർന്നു വെളിച്ചമാകുന്നിതാ,
നഷ്ടപ്പെടാത്തൊരീ മുദ്രണങ്ങൾ…!!!
അക്ഷരം പകർന്നവർ ജ്ഞാനികളോ?
അറിയില്ലെനിക്കിന്നു പണ്ഡിതരാരെന്നു
അറിയുന്നവാക്കുകൾ ചേർത്തുവച്ചിന്നു
ഞാനെഴുതുന്നു സ്വപ്നങ്ങൾ മാത്രമായി
വായിക്കുവാനായി മാറ്റിവച്ചു
ചേലൊത്ത സുന്ദരവാക്കുകളെ ….
അക്ഷരം കോർത്തോരുമാലകളിലോ –
രോയിതളും വിടർത്തിനോക്കി…!!!
തൂലികത്തുമ്പാൽ വിരിഞ്ഞ പൂക്കൾ
നറുമണം വീശി വിടർന്നുനിന്നു….
വാക്കുകൾ കൊരുക്കുമീവാചകങ്ങൾ
മന:പാഠമാക്കാൻ മറന്നുപോയി…!!!
അക്ഷരമാലകളക്ഷരത്തുമ്പികൾ
പാറിപ്പറന്നുനടന്നു പാരിൽ,…..
നല്ലവാക്കോതുവാൻ നല്ലക്ഷരംവേണം
ചീത്തവാക്കോതുവാനേതക്ഷരം…..!!!
അമ്മയും നന്മയും നല്ലക്ഷരം, ….
അമൃതായി മാറിയ കൂട്ടക്ഷരം……
നാവിലായാദ്യമായിറ്റിച്ചതെന്നും…..
ഹരിശ്രീഗണപതായെനമഹ ….!!!