സജി വർഗീസ്.
പ്രണയം തലകീഴായിക്കിടക്കുന്നു;
നീലവിഹായസ്സു ഞാൻ കാണുന്നു.
മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു;
നീല ജലാശയത്തിലേക്കാണ്ടു പോകുന്നു.
ആകാശ മണ്ഡലത്തിൽ നിന്നിറങ്ങി വന്ന മാലാഖ
കടലാഴങ്ങളിലേക്ക്;
പവിഴ പുറ്റുകൾക്കിടയിൽക്കിടന്നെന്നധരങ്ങളിൽ സ്പർശനം.
ഹിമശിഖരങ്ങൾക്കിടയിലൂടൊരു യാത്ര,
പ്രണയത്തിൻ നാഗമായ് ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി ;
രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു.
വിശപ്പറിഞ്ഞവൾ, ചാരിത്ര്യത്തിന്റെ പുറംതോട് പൊട്ടിപ്പോയവൾ,
ആഴിയുടെ ആഴങ്ങളിലവൾ ചുഴിയായി ക്കറങ്ങിത്തിരിഞ്ഞവൾ
ചുഴലിക്കൊടുങ്കാറ്റായി അലറിക്കരഞ്ഞു;
ആരോ ഓഖിയെന്നു വിളിച്ചു.
മുന്നറിയിപ്പായവൾക്കടന്നു പോയി.
ശീതീകരിച്ച മുറിയിലിരുന്നവലോകനം;
രക്ഷാപ്രവർത്തനം, ചാനൽച്ചർച്ചകൾ പൊടിപൊടിക്കുന്നു.
ഓഖി! അവൾ കടന്നു പോയി
വരുമൊരുനാൾ ഈരേഴു സമുദ്രമായ്
നിന്റെയത്യാഗ്രഹത്തിനൊരുതാക്കീതായ് !