ജോണ്‍സണ്‍ ചെറിയാന്‍.
മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ആറ് തവണ എംഎല്‍എയും മൂന്ന് തവണ മന്ത്രിയുമായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പത്താം നിയമസഭയില്‍ ടൂറിസം, ഭക്ഷ്യം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നതും ഇദ്ദേഹമായിരുന്നു.
കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരുടെ നിരയില്‍ തന്നെ ഒന്നാമനാണു ഇ ചന്ദ്രശേഖരന്‍. പൊതുവിപണിയില്‍ ഇടപെടുന്നതിനായി മാവേലി സ്റ്റോര്‍, ഓണച്ചന്ത എന്നിവ തുടങ്ങിയത് ഇദ്ദേഹമായിരുന്നു. കേരളത്തിന്റെ മാവേലി മന്ത്രി എന്ന വിശേഷണവും ഇ ചന്ദ്രശേഖരന്‍ അവകാശപ്പെട്ടതാണ്.
എട്ടു വര്‍ഷം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിച്ച ഇദ്ദേഹമാണ് സഹകരണ നിക്ഷേപണ സമാഹരണ പദ്ധതി ആരംഭിച്ചത്. വിവാദങ്ങളും അഴിമതി ആരോപണങ്ങളും നിഴല്‍ വീഴ്ത്താത്ത ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. മനോരമ നായരാണ് ഭാര്യ. ഗീത, ജയചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.