സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂരിന്റെ അഭിമാനം അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍. നാരായണന്‍ ഈ ലോകം വിട്ടു പിരിഞ്ഞിട്ട് 9- 11- 17ന് 12 വര്‍ഷം പൂര്‍ത്തിയാവുകയാണ്. തദവസരത്തില്‍ ഗ്രാമപഞ്ചായത്തിന്റേയും, ശാന്തിഗിരി ആശ്രമത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ അനുസ്മരണം നടത്തും. സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്ന സ്മൃതി മണ്ഡപം കോച്ചേരി തറവാട്ടു മുറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ഡോ. കെ.ആര്‍. നാരായണന്റെ ജന്മ ഗൃഹവും, സഹോദരങ്ങളായ കെ.ആര്‍. ഭാസ്‌ക്കരന്റേയും, കെ.ആര്‍. ഗൗരിയുടേയും പേരിലുണ്ടായിരുന്ന മറ്റ് സ്വത്തുവകകളെല്ലാം ശാന്തി ഗിരി ആശ്രമത്തിനാണ് എഴുതിക്കൊടുത്തത്. അതില്‍ പൂവത്തുങ്കല്‍ ജംഗ്ഷനിലുള്ള സ്ഥലത്ത് (അവിടെയാണ് സഹോദരിയും, സഹോദരനും അവരുടെ അവസാന നാളുകളില്‍ താമസിച്ചിരുന്നത്) ശാന്തിഗിരി ആശ്രമം ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ജന്മ ഗൃഹം സ്ഥിതി ചെയ്തിരുന്നിടത്ത് യാതൊരുവിധ വികസന പദ്ധതികളും നാളിതുവരെ നടപ്പാക്കപെട്ടിട്ടില്ല. ഒരു മ്യൂസിയം ഡോ. കെ.ആര്‍. നാരായണന്റെ ഓര്‍മ്മ നിലനിര്‍ത്താനായി സ്ഥാപിക്കപെടുമെന്ന് ശാന്തിഗിരി ആശ്രമം അവകാശപെടുന്നുണ്ടെങ്കിലും അത്തരം കാര്യങ്ങളില്‍ യാതൊരുവിധ പുരോഗതിയുമില്ല.
നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഇവരുടെ സ്വത്തില്‍നിന്ന് ഒന്നും തന്നെ ലഭിക്കാതിരുന്നതുകൊണ്ട് അവര്‍ക്കും, ഇന്ന് ഡോ. കെ.ആര്‍. നാരായണന്‍ അനുസ്മരണ പരിപാടികള്‍ക്കോ, സ്മൃതി മണ്ഡപം സംരക്ഷിക്കുന്ന കാര്യങ്ങളിലോ വലിയ താല്പര്യം കാട്ടുന്നില്ല.
സി.പി.എം. അനുഭാവികളായിരുന്ന സ്മൃതി മണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലത്തിലുള്ള കുടുംബാംഗങ്ങളെ സ്മൃതി മണ്ഡപം സംരക്ഷിക്കുമെന്നൊക്കെ വാഗ്ദാനം നല്‍കി ബി.ജെ.പി.ക്കാര്‍ ബി.ജെ.പി.യില്‍ അംഗത്വം നല്‍കിയതൊഴിച്ചാല്‍ ബി.ജെ.പി.യുടെ കെ.ആര്‍. നാരായണനോടുള്ള സ്‌നേഹം അവിടെ അവസാനിച്ചു. കെ. ആര്‍. നാരായണനെന്ന വിശ്വ പൗരന്‍ കോണ്‍ഗ്രസിന്റെ ഭാഗമായിട്ടാണ് എം.പി.യും, കേന്ദ്ര മന്ത്രിയും രാഷ്ട്രപതിയും, ഉപരാഷ്ട്രപതിയും ഒക്കെ ആയതെങ്കിലും കോണ്‍ഗ്രസ് പ്രാദേശീക നേതൃത്വം ഇന്നേവരെ അദേഹത്തിന് അര്‍ഹമായ എന്തെങ്കിലും പരിഗണനകള്‍ നല്‍കിയതായി അറിയാന്‍ സാധിച്ചിട്ടില്ല.
ഡോ. കെ.ആര്‍. നാരായണന്‍ ജീവിച്ചിരുന്നപോള്‍ അദേഹത്തിന്റെ ജന്മ നാട്ടില്‍ ഒരു വികസന പദ്ധതിയും തയ്യാറാക്കാന്‍ എല്‍.ഡി.എഫ്. യൂ.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മരണശേഷം കെ.ആര്‍. നാരായണന്റെ പേരില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന തിരക്കിലായിരുന്നു അന്നത്തെ ജനപ്രതിനിധികള്‍. കോഴായില്‍ കാര്‍ഷിക സര്‍വകലാശാല തുടങ്ങി കെ.ആര്‍. നാരായണന്‍ ഹൈവേ, മ്യൂസിയം, സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങി ജന്മ നാട്ടില്‍ പൂര്‍ണ്ണകായ വെങ്കല പ്രതിമ എന്നൊക്കെ വീരവാദം മുഴക്കിയെങ്കിലും ഒന്നും കൃത്യമായി നടപ്പിലാക്കാന്‍ നീണ്ട 12 വര്‍ത്തിനിടയില്‍ ആര്‍ക്കും സാധിച്ചില്ല. കേന്ദ്രം ഭരിച്ച യു.പി.എ., എന്‍.ഡി.എ. ഗവണ്‍മെന്റുകളും, കേരളം ഭരിച്ച എല്‍.ഡി.എഫ്. യു.ഡി.എഫ്. ഗവണ്‍മെന്റുകളും ജന്മ നാട്ടില്‍ ഈ കാര്യങ്ങളില്‍ യാതൊന്നും ചെയ്തിട്ടില്ല. ആകെ ഹൈവേ എന്ന് കിടങ്ങൂര്‍ കൂത്താട്ടുകുളം റോഡിന് പേരു നല്‍കിയിട്ടുണ്ട്. കൂടാതെ ഉഴവൂരില്‍ നിലവിലുണ്ടായിരുന്ന സി.എച്ച്.സി.ക്ക് ഡോ.കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന് പേരു നല്‍കി. ബഹു നില കെട്ടിടം നിര്‍മ്മിക്കപെട്ടിട്ടുണ്ട്. ഇതല്ലാതെ ഡോ. കെ.ആര്‍. നാരായണന്റെ ജന്മ നാട്ടില്‍ മറ്റ് യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും നടത്തപെട്ടിട്ടില്ല എന്നതാണ് സത്യം.
12- ാം ചരമ വാര്‍ഷികത്തിലെങ്കിലും പുതിയ എന്തെങ്കിലുമൊക്കെ നടക്കുമോ, അല്ലെങ്കില്‍ പണ്ട് പ്രഖ്യാപിച്ചിരുന്ന കാര്യങ്ങള്‍ എന്തെങ്കിലുമൊക്കെ നടപ്പാക്കപെടുമെന്ന ആത്മാര്‍ത്ഥമായ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ക്കുകയാണ് ജന്മനാട്ടിലെ പൊതു സമൂഹം.