അജിന സന്തോഷ്.
അച്ഛൻ്റെ ചിത കത്തിത്തീർന്നിട്ടും അവൻ്റെ മനസ്സിലെ തീ അണഞ്ഞിരുന്നില്ല..
ഏതൊരു മഹാമാരിക്കും കെടുത്താൻ പറ്റാത്ത വിധത്തിൽ അത് ആളിപ്പടർന്നു അവൻ്റെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു..
അന്തരീക്ഷത്തിൽ നിന്ന് ഒരു ചോദ്യം അവൻ്റെ കാതിൽ അലയടിച്ചു..
”ജീവിച്ചിരിക്കുമ്പോൾ അച്ഛനോട് നീതി പുലർത്താനാവാത്ത മകനല്ലേ നീ.. നീ നടത്തിയ അന്ത്യ കർമ്മങ്ങളാൽ നിൻ്റെ അച്ഛൻ്റെ ആത്മാവിന് മോക്ഷം ലഭിക്കുമെന്ന് കരുതുന്നുണ്ടോ..?”
”അറിയില്ല .. എനിക്കറിയില്ല.. ”
അവൻ മുഖം പൊത്തിക്കരഞ്ഞു..
മനസ്സിൻ്റെ പൊള്ളൽ അസഹ്യമായപ്പോൾ അവൻ അവിടുന്നിറങ്ങി നടന്നു..
ലക്ഷ്യമില്ലാതെ നടന്നു നടന്നു അവസാനം അവൻ എത്തിച്ചേർന്നത് കടൽ തീരത്താണ്..
സൂര്യൻ ചെംപട്ടുടുത്ത് കടലിലലിയാൻ തുടങ്ങിയിരുന്നു അപ്പോൾ. ആർത്തലച്ചു വരുന്ന തിരമാലകളെ നോക്കി നിന്നപ്പോൾ അവൻ്റെ മനസ്സ് ഓർമ്മകളിലേക്ക് കൂപ്പുകുത്തി..
‘അച്ഛൻ.. വെറുപ്പായിരുന്നു ആ വാക്കിനോടു പോലും.. അമ്മയുടെ വയറ്റിൽ തന്നെ സമ്മാനിച്ച് അറബിപ്പൊന്ന് വാരാൻ പോയ അച്ഛൻ തിരിച്ചു വന്നത് തനിക്ക് പത്തു വയസ്സുള്ളപ്പോഴാണ്.. അതുവരെ അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആർക്കും അറിയില്ലായിരുന്നു..
അമ്മയും മോനും മാത്രമുള്ള ലോകത്ത് ഓർക്കാപ്പുറത്ത് ഒരാൾ കയറി വന്നപ്പോൾ ആ പത്തു വയസ്സുകാരന് അത് ഉൾക്കൊള്ളാനായില്ല.. അതുകൊണ്ടുതന്നെ അച്ഛനോട് ഒരു അടുപ്പവും തോന്നിയില്ല..
നാട്ടുകാരും ബന്ധുക്കളും പറഞ്ഞ കഥയിലും അച്ഛൻ പ്രതിനായകനായിരുന്നു..
”കുടുംബത്തെ മറന്ന് സുഖിക്കാനായി അന്യ നാട്ടിൽ കഴിയുന്നവൻ..”
അവിടം മുതൽ മനസ്സിൽ ചെറിയ വെറുപ്പ് ഉടലെടുത്ത് തുടങ്ങിയിരുന്നു.. പക്ഷേ അമ്മ ഒരു ഭാവഭേദവുമില്ലാതെ പത്തു വർഷത്തിനു ശേഷം തിരിച്ചെത്തിയ ഭർത്താവിനെ സ്വീകരിച്ചു..
അത് തൻ്റെ കുഞ്ഞു മനസ്സിനെ അത്ഭുതപ്പെടുത്തിയിരുന്നു..
അമ്മ വീണ്ടും ഗർഭിണിയായപ്പോൾ തനിക്ക് ഒരു കൂടപ്പിറപ്പ് വരാൻ പോകുന്നു എന്നോർത്ത് ഒരുപാട് സന്തോഷിച്ചു.. അച്ഛനോടുള്ള വെറുപ്പും പതുക്കെ അലിയാൻ തുടങ്ങുകയായിരുന്നു..
പൊടുന്നനെയായിരുന്നല്ലോ തൻ്റെ ജീവിതം മാറ്റി മറിച്ച സംഭവങ്ങൾ ഉണ്ടായത്..
കഴിഞ്ഞ കാര്യങ്ങൾ ഓരോന്നും കൺമുന്നിൽ തെളിയുന്നതു പോലെ അവനു തോന്നി..
ഗർഭിണിയായ അമ്മയുടെ രക്ത പരിശോധനയിൽ തെളിഞ്ഞ മഹാരോഗം..
വർഷങ്ങളായി നാടു വിട്ട് ജീവിച്ചു തിരികെയെത്തിയ അച്ഛനിൽ നിന്നു പകർന്നു കിട്ടിയ സമ്മാനം ..
അപമാനം ഭയന്ന് ആത്മഹത്യ ചെയ്ത അമ്മയുടെ ജഡം കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന പത്തു വയസ്സുകാരൻ..
അന്നു മുതൽ തീർത്താൽ തീരാത്ത പകയായിരുന്നു അച്ഛനോട്.. തന്നാൽ കഴിയുന്ന പോലെയൊക്കെ ഉപദ്രവിച്ചു.. പുഴുത്ത പട്ടിയെപോലെ ആട്ടിയോടിച്ചു.. തൻ്റെ അമ്മയെ ചതിച്ചു കൊന്ന നീചനെ കാണുന്നതു പോലും ഇഷ്ടമായിരുന്നില്ല..
എല്ലാവരാലും തിരസ്ക്കരിക്കപ്പെട്ട അച്ഛൻ്റെ പിന്നീടുള്ള താമസം അമ്പലത്തിനു വെളിയിലുള്ള ആൽത്തറയിലായിരുന്നു..
സ്കൂളിൽ പോകുമ്പോൾ തന്നെ കണ്ട് അടുത്തേക്ക് ഒാടിവരാൻ ശ്രമിച്ച അച്ഛനെ കല്ലെടുത്തെറിഞ്ഞിട്ടു പോലുമുണ്ട്..
”ഏതു പാപനാശിനിയിൽ മുങ്ങിയാലാണ് ഞാൻ ചെയ്ത ഈ പാപങ്ങൾക്കൊക്കെ പ്രായശ്ചിത്തമാവുക..”
ഒഴുകി വന്ന കണ്ണുനീർ അവൻ്റെ കാഴ്ചയെ മറച്ചു..
വർഷങ്ങൾ കടന്നു പോകുന്തോറും വെറുപ്പിൻ്റെ ആഴവും വർദ്ധിച്ചു കൊണ്ടിരുന്നു.
ഒടുവിൽ അസുഖം കൂടുതലായി ആശുപത്രിയിലായപ്പോൾ അച്ഛൻ്റെ ഒരു പഴയ സുഹൃത്ത് മാത്രമേ കൂടെയുണ്ടായിരുന്നുള്ളു..
പലവട്ടം അയാൾ വന്ന് അച്ഛന് ഒന്നു കാണണം എന്നു പറഞ്ഞപ്പോഴൊന്നും താൻ അത് കേട്ടതായി ഭാവിച്ചില്ല..
ഒരു ദിവസം അയാൾ കൊണ്ടു തന്ന കടലാസ് വായിച്ചു നോക്കാതെ കീറിക്കളയാനാണ് ആദ്യം തോന്നിയത്.. പിന്നെ ഒന്നു വായിച്ചു നോക്കണം എന്നു തോന്നി.. അതാണല്ലോ മനസ്സ് ആകെ കലക്കി മറിച്ചത്..
അവൻ പോക്കറ്റിൽ നിന്ന് ഭദ്രമായി മടക്കി സൂക്ഷിച്ചിരുന്ന ആ കടലാസ് എടുത്ത് തുറന്ന് ഒരിക്കൽ കൂടി വായിച്ചു..
”എൻ്റെ മോനേ ..”
”നിനക്ക് ഈ അച്ഛനോട് വെറുപ്പാണെന്ന് അറിയാം ..മരണം തൊട്ടരികിലെത്തി നിൽക്കുമ്പോൾ ചില സത്യങ്ങൾ നിന്നെ അറിയിക്കണം എന്നു തോന്നി.. അതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു എഴുത്ത് ”..
”മോനും മറ്റുള്ളവരും ഒക്കെ കരുതിയതുപോലെ നിങ്ങളെയൊക്കെ മറന്ന് മറുനാട്ടിൽ സുഖിച്ചു ജീവിക്കുകയായാരുന്നില്ല ഞാൻ.. ഒരു കേസിൽ പെട്ട് അവിടെ ജയിലിലായിരുന്നു.. അതുകൊണ്ടാണ് നാട്ടിൽ ഒരു വിവരവും അറിയിക്കാൻ കഴിയാതിരുന്നത്.. ശിക്ഷയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് നാട്ടിലേക്ക് വന്നത് ..
നിൻ്റെ അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു..
നാട്ടിലെത്തിയ അന്നു രാത്രി തന്നെ ഞങ്ങൾ പരസ്പരം തെറ്റുകളെല്ലാം ഏറ്റു പറഞ്ഞിരുന്നു.. കറ കളഞ്ഞ മനസ്സോടെയാണ് ഞങ്ങൾ വീണ്ടും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്.. പക്ഷേ വിധി വീണ്ടും തോല്പിച്ചു..
ഈ മാറാരോഗത്തിൻ്റെ പേരിലാണല്ലോ നീയെന്നെ കൂടുതൽ വെറുക്കുന്നത്.. നിൻ്റെ അമ്മയെ കൊന്നവനാണ് ഞാൻ എന്നല്ലേ നീയിപ്പോളും വിശ്വസിക്കുന്നത്.. നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനൊരു സത്യം പറയട്ടേ.. എന്നിൽ നിന്നല്ല നിൻ്റെ അമ്മയ്ക്ക് ആ അസുഖം പകർന്നത്.. ആരിൽ നിന്നാണെന്ന് അവളെന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.. ഏതോ സാഹചര്യത്തിൽ അവൾക്ക് പറ്റിയ തെറ്റ് .. അതിനു ഞാൻ അവൾക്ക് മാപ്പു കൊടുത്തിരുന്നു.. അസുഖത്തിൻ്റെ കാര്യം വെെകിയാണ് അവളറിഞ്ഞത്.. എന്നിലേക്കും അത് പകർന്നു എന്ന കുറ്റബോധം കൊണ്ടാണ് അവൾ ജീവനൊടുക്കിയത്.. ”
”നീയൊരിക്കലും അമ്മയെ വെറുക്കാതിരിക്കാനാണ് ഞാൻ നിശബ്ദനായി കുറ്റം സ്വയം ഏറ്റത്.. മോൻ ഒരിക്കലും അമ്മയെ വെറുക്കരുത്.. സാഹചര്യമാണ് മനുഷ്യരെക്കൊണ്ട് തെറ്റുകൾ ചെയ്യിക്കുന്നത്.. അച്ഛനോടുള്ള വെറുപ്പ് അങ്ങനെ തന്നെ ഇരുന്നോട്ടെ.. മറ്റാരും ഇതൊന്നും അറിയരുത്.. മോന് അച്ഛനെ ഇനിയും വിശ്വാസമായിട്ടുണ്ടാവില്ല എന്നറിയാം.. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്.. മരിക്കാൻ പോവുന്ന ഒരുവന് കള്ളം പറഞ്ഞിട്ട് എന്തു പ്രയോജനം..
” മോന് ജീവിതത്തിൽ എല്ലാ നൻമകളും ഉണ്ടാവട്ടെ..”
കത്ത് വായിച്ചു കഴിഞ്ഞയുടനെ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.. പക്ഷേ അപ്പോഴേക്കും അച്ഛൻ ഈ ഭൂമിയിൽ നിന്ന് യാത്രയായിരുന്നു..
‘അറിയാതെയാണെങ്കിലും തെറ്റ് ചെയ്ത ഈ മകനോട് പൊറുക്കണേ അച്ഛാ..’
അവൻ പൂഴിമണലിൽ മുട്ടു കുത്തിയിരുന്ന് ഏങ്ങലടിച്ചു..
അപ്പോൾ കടലിൽ നിന്ന് കരയിലേക്ക് വീശിയടിച്ചെത്തിയ ഒരു കുളിർകാറ്റ് അവൻ്റെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു.. അത് അവൻ്റെ അച്ഛൻ്റെ ആത്മാവ് ആയിരുന്നു.. മോക്ഷം കിട്ടിയ ആത്മാവ്..