സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: ഉഴവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തി വന്നിരുന്ന നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സര്‍വീസുകള്‍ ഈ ആടുത്ത നാളുകളില്‍ നിര്‍ത്തലാക്കിയതിലൂടെ രൂക്ഷമായ യാത്രാക്ലേശമാണ് ഉഴവൂരിലെത്തുന്ന യാത്രക്കാര്‍ അനുഭവിക്കുന്നത്. കടുത്തുരുത്തി, വെമ്പള്ളി, കുറുപ്പന്തറ, മുട്ടുചിറ പ്രദേശങ്ങളില്‍ നിന്ന് കല്‍ക്കെട്ട്, പെയിന്റിംഗ് തുടങ്ങി നിരവധിയായ നിര്‍മ്മാണ മേഖലകളില്‍ ജോലിചെയ്യുന്നതിനെത്തുന്ന തൊഴിലാളികള്‍ക്ക് വൈകിട്ട് തൊഴിലിടങ്ങളില്‍ നിന്ന് പണി കഴിഞ്ഞ് വീടുകളിലേയ്ക്ക് പോകാന്‍ ബസ് ലഭിക്കുന്നില്ല.
പകലന്തിയോളം പണിത് ലഭിക്കുന്ന പണത്തിന്റെ നല്ല ഭാഗം ടാക്‌സിക്കാര്‍ക്കും, ഓട്ടോക്കാര്‍ക്കും കൊടുക്കേണ്ട അവസ്ഥയാണ് കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ നിര്‍ത്തലായതിലൂടെ സംഭവിച്ചിരിക്കുന്നത്. വൈകിട്ട് 5.30ന് ശേഷമുള്ള 4ഓളം സര്‍വീസുകളാണ് നിന്നുപോയത്. വെളിയന്നൂര്‍- ഉഴവൂര്‍- കുര്യനാട് റൂട്ട് ദേശസാത്കൃത റൂട്ടായതിനാല്‍ പ്രൈവറ്റ് ബസുകളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നില്ല. രാമപുരം ബസ് നിര്‍ത്തലാക്കപെട്ടതോടെ നിരവധി വിദ്ധ്യാര്‍ത്ഥികളെയാണ് ഇത് ദോഷകരമായി ബാധിച്ചത്. വൈകിട്ടത്തെ അവസാന ബസ് സര്‍വീസായിരുന്ന പാലാ- മോനിപ്പള്ളി സര്‍വീസും നിര്‍ത്തലാക്കപെട്ടവയില്‍പെടുന്നു.
ഉഴവൂരിലേയ്ക്ക് മതിയായ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.ഐ. ഉഴവൂര്‍ ടൗണ്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സ:സുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അബ്രാഹം മാത്യൂ കാറത്താനത്ത് അധ്യക്ഷത വഹിച്ചു. സണ്ണി ആനാലില്‍, വിനോദ് പുളിക്കനിരപേല്‍, ലൂക്കോസ് പനച്ചേംകുടിലില്‍, റോയി തെനംകുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സി.പി.ഐ. മണ്ഡലം കമ്മറ്റിയംഗം എന്‍.എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഫിലിപ്പ് വേലിക്കെട്ടേല്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ചെട്ടിക്കന്‍, സജി കുഴിപ്പില്‍, പി.ആര്‍. ഷിബു പുളിക്കനിരപേല്‍, സന്തോഷ് പഴയപുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി വിനോദ് നിരവത്തിനേയും, അസി. സെക്രട്ടറിയായി ഫിലിപ്പ് വേലിക്കെട്ടേലിനേയും തെരഞ്ഞെടുത്തു.