മിലാല്‍ കൊല്ലം.
ഈ ഏപ്രിൽ മാസം വന്നാൽ പിന്നെ ഉള്ളിൽ ഒരു പേടിയാണു. ഇപ്പോ തന്നെ രണ്ടു മൂന്ന് ദിവസം മുഖ പുസ്തകത്തിൽ ഇല്ലായിരുന്നു.
രണ്ടായിരത്തി എട്ട് മാർച്ച് ഇരുപത് രാവിലെ പഞ്ജാരയുടെ അളവ് നോക്കാൻ പോയി. നോക്കിയപ്പോൾ മുന്നൂറിനു മുകളിൽ. അങ്ങനെ ഗുളിക രണ്ട് കഴിച്ചു. അടുത്ത ദിവസം പരിശോതിച്ചു അപ്പോഴും മുന്നൂറിനു മുകളിൽ. നാട്ടിൽ വിളിച്ചു ബീവിയോട് കാര്യം പറഞ്ഞു. ബീവി ഉടൻ കൊല്ലം ശങ്കേർസ് ആശുപത്രിയിൽ പോയി ഡോക്റ്ററോഡ് പറഞ്ഞു വേറേ മരുന്ന് എഴുതി വാങ്ങി എന്നെ അറിയിച്ചു. ഞാൻ ഉടൻ എന്റെ സുഹൃത്ത് സുനീർ വാഴയിലിന്റെ മെഡിക്കൽസിൽ പറഞ്ഞ് മരുന്ന് വാങ്ങി കഴിച്ചു.
എന്നിട്ടും പഞ്ജാര താഴുന്നില്ല. അപ്പോഴേയ്ക്കും മാർച്ച് ഇരുപത്തിയേഴ്. രാത്രിയിൽ ജോലി. ജോലിയിൽ കയറി ഒരുമണിക്കൂർ കഴിഞ്ഞു അതായത് വൈകുന്നേരം എട്ട് മണി ഒന്നു ശർദ്ദിച്ചു പിന്നെ അങ്ങൊട്ട് ശർദ്ദിൽ തന്നെ ഒന്നും കഴിക്കാൻ പറ്റുന്നില്ല. അടുത്ത ദിവസം കമ്പനി ഡോക്റ്ററുടെ അടുത്തേക്ക്. ഈജിപ്ഷ്യൻ ഡോക്റ്റർ. ഞാൻ അസുഖം പറഞ്ഞു. ഒന്നും കഴിക്കാൻ പറ്റുന്നില്ല. വയറ്റിൽ നിന്ന് പോകുന്നില്ല. പഞ്ജാര ആണെങ്കിൽ മുന്നൂറിനു മുകളിലും. ഡോക്റ്റർ എനിക്ക് വയറ്റിൽ നിന്ന് പോകാൻ ഡൾക്കോളാക്സ് ഗുളിക രാവിലെയും രാത്രിയും ഈരണ്ട് വീതം കഴിക്കാനും തന്നു പാരസിറ്റമോൾ ഗുളികയും തന്നു. വിട്ടു. ഞാൻ അത് കൊണ്ട് വന്നു കഴിച്ചു ഒരു കുറവും ഇല്ലാ. രണ്ട് ഡൾക്കോളാക്സ് ഒരുമിച്ച് കഴിച്ചാൽ എറിഞ്ഞ് തൂറും എന്നിട്ടും എനിക്ക് ഒരു അനക്കവും ഇല്ല. ചരിഞ്ഞ് കിടക്കുമ്പോൾ വയറുവേദന. അതിഭയങ്കരമായ ചൂട് ശരീരത്തിനു കൂടാതെ വിറയലും പനിയും. ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു.
മുപ്പതാം തീയതി സഹപ്രവർത്തകരെല്ലാം കൂടി എടുത്ത് അടുത്തുള്ള രവി ക്ലീനിക്കിൽ കൊണ്ടു പോയി അവിടുത്തേ ഡോക്റ്റർ പഞ്ജാര കുറയാൻ വേണ്ടി ഇൻസുലിൻ തന്നു എന്നിട്ട് ഒന്നും കഴിക്കാൻ പറ്റാത്തത് കൊണ്ട് ഉപ്പ്പുവെള്ളം കുത്തിയിറക്കി തന്നു. അങ്ങനെ അവിടെ കിടക്കുമ്പോൾ നാട്ടിൽ നിന്ന് ഫോൺ വന്നു. ഞാൻ പറഞ്ഞു നാട്ടിലോട്ട് വരികയാണു വളരെ മോശമാണു. അപ്പോൾ എന്റെ മാമന്റെ മകൻ അപ്പു അണ്ണൻ ചോദിച്ചു വന്നിട്ട് ഏത് ആശുപത്രിയിൽ പോകാനാ? ഞാൻ പറഞ്ഞു കൊല്ലത്ത് ഏതെങ്കിലും നല്ല ആശുപത്രിയിൽ പോകാം. അപ്പോൾ അപ്പു അണ്ണൻ ചോദിച്ചു നമുക്ക് അമൃതയിൽ പോയാലോ? ഞാൻ പറഞ്ഞു ഒകേ അവിട പോകാം. ഉടൻ തന്നെ അയാൾ പറഞ്ഞു അങ്ങനെയാണെങ്കിൽ നീ നെടുമ്പാശേരിക്ക് റ്റിക്കറ്റ് എടുക്കാൻ. അത് ഒരു നല്ല പ്രതീക്ഷ ആയിരുന്നു. അടുത്ത മുപ്പത്തി ഒന്നാം തീയതി രവിലെ കമ്പനി ഡോക്റ്ററുടെ അടുത്ത് പോയി എഴുതി വാങ്ങാൻ നാട്ടിൽ പോകാൻ വേണ്ടി.
പക്ഷേ ആ ഡോക്റ്റർ വിടില്ലാന്ന് പറഞ്ഞു ഞാൻ ചികിൽസിക്കും. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് പേർ പറഞ്ഞു ട്രെയിന്റെ മുന്നിൽ ചാടിയാൽ എല്ലെങ്കിലും കിട്ടും. ഈ ഡോക്റ്ററുടെ ചികിൽസ ആണെങ്കിൽ എല്ല് പോലും കിട്ടില്ലാന്ന്. എന്ത് ചെയ്യാനാ? തലയ ദിവസം കണ്ട പ്രൈവറ്റ് ഡോക്റ്ററുടെ അടുത്തുപോയി നാട്ടിൽ പോയി ചികിൽസിക്കാനുള്ള കത്തിനു വേണ്ടി. അപ്പോൾ ആ ഡോക്റ്റർ അന്ന് അവധിയിൽ ആക കുഴഞ്ഞു. എന്റെ ഓഫീസിൽ നിന്ന് അവധിയ്ക്കുള്ള കത്ത് മെയിൻ ഓഫീസിലെക്ക് അയച്ചു കഴിഞ്ഞു പക്ഷേ അവർ വിടില്ല. ഡോക്റ്ററുടെ കത്ത് വേണം. അങ്ങനെ ഞാൻ നമ്മുടെ മലയാളിയുടെ പൂഴിക്കടകൻ അടവ് അങ്ങ് എടുത്തു. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് കുറച്ച് ദൂരെ ആണു മെയിൻ ഓഫീസും അവിടെ ഒരു കമ്പനിയും ഉണ്ട്. ഞാൻ നേരേ അങ്ങൊട്ട് ചെന്നു മെയിൻ ഓഫീസിലെ കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ കൊച്ചച്ചന്റെ മകൻ ഹരിയേ വിളിച്ചു എന്നിട്ട് പറഞ്ഞു ഒരു ബ്ലാങ്കറ്റ് ഇഞ്ഞ് എടുത്തു കൊണ്ട് വരാൻ. അവൻ കൊണ്ടു വന്നപ്പോൾ ഞാൻ അതെടുത്തു ദേഹമാസകലം പൊതിഞ്ഞ് ഓഫീസിന്റെ മുകളിൽ കയറി അങ്ങ് ചെന്നു.
ഉടൻ ഓഫീസ് ബോയി എന്താ ലാലെ എന്താ പ്രശ്നം ചോദിച്ച് എന്നെ പിടിച്ച് ഒഫീസ് ബോയിയുടെ മുറിയിൽ ഇരുത്തി പുതിയ അവതിയ്ക്കുള്ള അപേക്ഷ പൂരിപ്പിച്ച് എല്ലാം റെഡിയാക്കി പാസ്പ്പോർട്ട് അടക്കം കൈയിൽ കൊണ്ടു തന്നു. ഞാൻ ഇറങ്ങി വന്ന് ബ്ലാങ്കറ്റും മറ്റവനു കൊടുത്ത് തിരിച്ചു പോന്നു. അപ്പോഴേക്കും അന്ന് രാത്രി എറണാകുളത്ത് വരുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്ത് കഴിഞ്ഞു എന്റെ ഭാര്യ മാമന്റെ മകൻ അപ്പു അണ്ണൻ. എന്റെ പെങ്ങളുടെ ഭർത്താവ് സബു അളിയൻ എന്നിവർ. ഞാൻ വിമാനത്തിൽ കയറിയപ്പോൾ തന്നെ എയർഹോസ്റ്റസിനോട് കാര്യം പറഞ്ഞു നല്ല പനി വരും ചിലപ്പോൾ വിറയൽ വരും. അവർ പറഞ്ഞു പേടിക്കണ്ട. അതുപോലെ തന്നെ വിമാനം എടുത്ത് കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് കിടുങ്ങൽ വന്നു.
അവർ എനിക്ക് ബ്ലാങ്കറ്റും രണ്ടു കുപ്പിയിൽ ചൂടു വെള്ളവും കൊണ്ടു വന്ന് ഒരു കുപ്പി നെഞ്ജത്തും ഒരു കുപ്പി മടിയിലും വച്ചു തന്നു. ആ വെള്ളവും അതിന്റെ ചൂടും ഞാൻ അമൃത ആശുപത്രിയിൽ ചെല്ലുന്നത് വരെ ഉണ്ടായിരുന്നു. ഞാൻ അമൃതയിൽ ചെന്നു അത്യാഹിത വിഭാഗത്തിൽ കയറ്റി. അപ്പോഴേക്കും വിവിധ ഇനം പരിശോധന അങ്ങ് തുടങ്ങി. എന്റെ മാമന്റെ മകൻ എല്ലായിടത്തും പെട്ടന്ന് പെട്ടന്ന് കൊണ്ടു പോയി പരിശോധനകൾ നടത്തി. ഉച്ചതിരിഞ്ഞ് രണ്ടര മണിയായപ്പോൾ ഓരോന്ന് ആയിട്ട് പരിശോധനാ വിധികൾ കമ്പ്യൂട്ടറിൽ വന്നു.
അവിടുത്തേ ഗ്യാസ്റ്റ്രോ എന്റ്രോളജിയിലെ മിടുക്കന്മാരായ ഏഴേട്ട് ഡോക്റ്റർ മാരുടെ സാന്യധ്യത്തിൽ എന്നെ കിടത്തി എന്നിട്ട് വിധി വന്നു. എന്റെ കരളിന്റെ 50×50എം എം പഴുത്തു അതുകൊണ്ട് ഒരു ഓപ്പറേക്ഷൻ വേണം. ആ പഴുത്ത ഭാഗം എടുത്ത് കളയണം. (ഇതാണു പറയുന്നത് നമ്മുടെ ശരീരം ഏതെങ്കിലും രീതിയിൽ നമ്മേ അറിയിയ്ക്കും നിനക്ക് ഇന്ന അസുഖം വരാൻ പോകുന്നു എന്തെങ്കിലും ചെയ്യു. നമ്മൾ അത് ശ്രദ്ധിക്കാതിരിക്കുമ്പോൾ അത് അതിന്റെ തനി സ്വരൂപം പുറത്ത് എടുക്കും)
അപ്പോൾ മാമന്റെ മകൻ അപ്പു അണ്ണൻ പറഞ്ഞു ഓപ്പറേക്ഷൻ പറ്റില്ല ഞങ്ങൾക്ക് ഒന്ന് ആലോചിക്കാൻ ഉണ്ട്. ഞങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്ന് അന്ന്വക്ഷിക്കട്ട്. ഓപ്പറേക്ഷൻ ഇല്ലാതെ നടക്കുമോ എന്ന്.
അങ്ങനെ സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ ദൈവദൂതനെ പോലെ അതാവരുന്നു ഡോക്റ്റർ സുധീർക്കുമാർ ഓപ്പറേക്ഷൻ തീയറ്ററിൽ നിന്ന് നേരേ വന്നിട്ട് ചോദിച്ചു ആരാണു ഷാർജയിൽ നിന്ന് വന്ന മില്ലാൽ? മറ്റ് ഡോക്റ്റേർസ്സ് പറഞ്ഞു ദാ ഇവിടുണ്ട്. ഡോക്റ്റർ എന്നെ കിടത്തി കുറച്ച് പരിശോധന നടത്തി എന്നിട്ട് പറഞ്ഞു വരാൻ അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടു പോയി ഒരു എട്ട് സൈസ്സ് ഗുളിക എഴുതി തന്നു എന്നിട്ട് പറഞ്ഞു ഇത് ഇത്രയും കഴിക്കുക കുറവ് ഉണ്ടെങ്കിൽ പതിനഞ്ജ് ദിവസം കഴിഞ്ഞ് വരിക.
അല്ല വേദനയോ മറ്റോ കൂടുകയാണെങ്കിൽ നേരേ ഇഞ്ഞ് പോരുക. പ്രേമേഹത്തിനു അവിടെ തന്നെയുള്ള മറ്റ് ഡോക്റ്ററോട് പറഞ്ഞു മരുന്നു വാങ്ങുക എന്നും പറഞ്ഞ് പൊയ്ക്കൊളാൻ പറഞ്ഞു. അപ്പോൾ തന്നെ അപ്പു അണ്ണൻ അവിടുന്ന് മരുന്നും വാങ്ങി ഞങ്ങളെയും പിടിച്ചു കൊണ്ട് ഓടി വന്ന് ഒരു ഓട്ടോ പിടിച്ച് എറണാകുളം നോർത്തിൽ വന്നപ്പോൾ വേണാട് വിടുന്നു നിങ്ങൾ ഏതിലെങ്കിലും കമ്പാർട്ട് മെന്റിൽ കയറിക്കൊ ഞാൻ റ്റിക്കറ്റ് എടുത്തിട്ട് കയറി കൊള്ളാം എന്ന് പറഞ്ഞു ഞങ്ങൾ ഒരു കമ്പാർട്ട് മെന്റിൽ വലിഞ്ഞു കയറി അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ അപ്പു അണ്ണനും ഞങ്ങളുടെ അടുത്തേത്തി. കൊല്ലം സ്റ്റേഷനിൽ വണ്ടി വന്നപ്പോൾ ഒൻപത് മണി കഴിഞ്ഞു പിന്നീട് മയ്യനാടിനു ബസില്ല. അപ്പോൾ അപ്പു അണ്ണൻ പറഞ്ഞു ഇവിടെ ഇറങ്ങണ്ട നമുക്ക് പരവൂർ ഇറങ്ങാം അവിടെ തന്നെ ഇരിക്കാൻ. അങ്ങനെ ആ വണ്ടിയിൽ പരവൂർ ഇറങ്ങി നിൽക്കുമ്പോൾ മയ്യനാട് നിറുത്തുന്ന കണ്ണൂർ എക്സ് പ്രസ്സ് വന്നു അതിൽ കയറി പത്ത് പത്ത് ആയപ്പോൾ മയ്യനാട് എത്തി. രാത്രി തന്നെ മരുന്നുകൾ എല്ലാം കഴിക്കാൻ തുടങ്ങി. രാവിലെ തന്നെ വയറ്റിൽ നിന്ന് പോകാൻ തുടങ്ങി.
അസുഖത്തിനു ഒരുപാട് മാറ്റം വന്നു. എന്നിട്ടും പഞ്ജാരയുടെ അളവിനു ഒരു കുറവും ഇല്ല. അങ്ങനെ അമൃതയിൽ ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ പറഞ്ഞു കുറവില്ലെങ്കിൽ ഇൻസുലിൻ എടുക്കാൻ അങ്ങനെ ഇൻസുലിൻ എടുത്തപ്പോൾ പഞ്ജാരയും കുറഞ്ഞു. പിന്നീട് പഞ്ജാരക്ക് ഗുളിക കഴിച്ചിട്ടില്ല ഇപ്പോഴും ഇൻസുലിൻ എടുക്കുന്നു. പതിനഞ്ജ് ദിവസം കഴിഞ്ഞ് ചെന്ന് സ്കാൻ ചെയ്ത് നോക്കിയപ്പോൾ പഴുത്തിരുന്ന കരൾ അൻപത് ശതമാനം ഉണങ്ങി. ഞാൻ കഴിച്ചു കൊണ്ടിരുന്ന മരുന്നിൽ നിന്ന് പകുതി അങ്ങ് കുറച്ചു. എന്നിട്ട് പറഞ്ഞു ഒരു മാസം കഴിച്ചിട്ട് വരാൻ പറഞ്ഞു. ഒരു മാസം കഴിഞ്ഞു ചെന്നപ്പോൾ ഡോക്റ്റർ പറഞ്ഞു ഓടി ഗൾഫിൽ പോയ്ക്കോ ഒരു പ്രശനവും ഇല്ലാ.
പിന്നീട് മൂന്ന് നാലുവർഷം തുടർ പരിശോധനയ്ക്ക് പോകുമായിരുന്നു. ഇപ്പോ അതും ഇല്ല. അന്ന് നെടുമ്പാശേരിക്ക് റ്റിക്കറ്റ് എടുക്കാൻ പറഞ്ഞില്ലായിരുന്നേങ്കിൽ എന്റെ ആശുപത്രിയിൽ പോക്ക് ഒരു ദിവസം കൂടി താമസിക്കുമായിരുന്നു. അതുപോലെ ഡോക്റ്റർ സുധീർക്കുമാർ അപ്പോൾ വന്നില്ലായിരുന്നേങ്കിൽ എന്റെ കരൾ വെട്ടി ഞുറുക്കുമായിരുന്നു. ഗൾഫിൽ വച്ച് ആ ബ്ലാങ്കറ്റ് പ്രയോകം ഇല്ലായിരുന്നേങ്കിൽ ഞാൻ ആ ഈജിപ്ഷ്യൻ ഡോക്റ്റർക്ക് തല വച്ചു കൊടുക്കേണ്ടി വരുമായിരുന്നു. അമൃതയിൽ നിന്ന് തന്ന എല്ലാ മരുന്നുകളും എനിക്ക് അറിയാവുന്നത് ആയിരുന്നു ഒന്നും കിട്ടാത്ത മരുന്നുകൾ അല്ലായിരുന്നു. അത് ഉപയോഗിച്ച രീതിയാണു ഭലം കണ്ടത്.