ജോയിച്ചന്‍ പുതുക്കുളം.
എഡ്മന്റണ്‍, കാനഡ: എഡ്മന്റണിലെ കോസ്‌മോപോളിറ്റന്‍ ക്ലബിന്റെ വാര്‍ഷിക പരിപാടിയായ എഡ്മന്റണ്‍ കോസ്‌മോപോളിറ്റന്‍ മേള ഓഗസ്റ്റ് 12,13 തീയതികളിലായി നടന്നു. കഴിഞ്ഞവര്‍ഷങ്ങളിലെ പോലെ തന്നെ ക്രിക്കറ്റ് ടൂര്‍ണമെന്റിനൊപ്പം ഈവര്‍ഷം കുട്ടികള്‍ക്കായുള്ള സോക്കര്‍ ക്യാമ്പും വടംവലി മത്സരവും ഉള്‍പ്പെടുത്തിക്കൊണ്ട് മേള വിപുലമാക്കി. ഓഗസ്റ്റ് 12-ന് കുട്ടികള്‍ക്കായുള്ള സോക്കര്‍ കോച്ചിംഗ് ക്യാമ്പും ടൂര്‍ണമെന്റും നടത്തി.
രാവിലെ ഫിറ്റ്‌നസ് ട്രെയിനറായ റബേക്ക ഗോള്‍ബര്‍ഗ് സ്‌പോര്‍ട്‌സിനു വേണ്ട ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും പ്രാഥമികമായ വ്യായാമ മുറകള്‍ പരിശീലിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോച്ചിംഗ് ക്യാമ്പിനെത്തിയ അമ്പതോളം കുട്ടികളെ വിവിധ ടീമുകളായി തിരിച്ച് സോക്കര്‍ മത്സരങ്ങള്‍ ആരംഭിച്ചു. സോക്കര്‍ പരിശീലനത്തിന് മുന്‍തൂക്കം നല്‍കിയ മത്സരങ്ങളില്‍, അതുകൊണ്ടു തന്നെ സ്‌കോര്‍ നിലവാരം രേഖപ്പെടുത്തിയില്ല. ക്യാമ്പിന്റെ അവസാനം പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലഘുഭക്ഷണം കൂടാതെ 75 ഡോളറില്‍ കൂടുതല്‍ വിലയുള്ള സമ്മാനങ്ങളും നല്‍കി. സേവ് ഓണ്‍ ഫുഡ്‌സ്, സെര്‍വ്‌സ്, തൗസണ്ട് സ്‌പൈസസ്, ജനോടെക്, വെസ്റ്റ് എഡ്മന്റണ്‍ മാള്‍ എന്നിവയായിരുന്നു മുഖ്യ സ്‌പോണ്‍സര്‍മാര്‍.
എഡ്മന്റണിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 13-ന് കൊറോണേഷന്‍ പാര്‍ക്കിലാണ് നടന്നത്. ആലപ്പി ഓള്‍ഡ് മങ്ക്‌സ്, പത്തനംതിട്ട പാന്തേഴ്‌സ്, പത്തനംതിട്ട സ്‌ട്രൈക്കേഴ്‌സ്, കൊച്ചി കാസാ, മലബാര്‍ ടൈറ്റന്‍സ്, കൊല്ലം മഹാരാജാസ്, അനന്തപുരി വാരിയേഴ്‌സ്, കോട്ടയം അച്ചായന്‍സ് എന്നീ ടീമുകളാണ് ഏകദിന സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മത്സരിച്ചത്. 6 ഓവര്‍ വീതമുള്ള ലീഗ് മത്സരങ്ങളില്‍ നിന്നു നാലു ടീമുകള്‍ സെമിയിലെത്തി. തികഞ്ഞ പ്രൊഫഷണലിസത്തോടെ, വീറും വാശിയും നിറഞ്ഞ മത്സരങ്ങളിലൂടെ ഫൈനലിലേക്ക് കൊല്ലം മഹാരാജാസും, അനന്തപുരി വാരിയേഴ്‌സും ജയിച്ചുകയറി.
കലാശപ്പോരാട്ടത്തില്‍ തലസ്ഥാനത്തിന്റെ പെരുമയുമായി വന്നവര്‍ വിജയികളായി. ക്രിക്കറ്റ് മേളയ്ക്കുശേഷം കോസ്‌മോപോളിറ്റന്‍ ക്ലബ് ഇദംപ്രഥമമായി പ്രൊഫഷണല്‍ വടംവലി മത്സരം നടത്തപ്പെട്ടു. മലബാര്‍ ടൈറ്റന്‍സ്, കൊല്ലം മഹാരാജാസ്, അനന്തപുരി വാരിയേഴ്‌സ്, മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഷാജി പാപ്പാന്‍ & ടീം, എഡ്മന്റണ്‍ കോസ്‌മോപോളിറ്റന്‍സ് എന്നീ ആറു ടീമുകളാണ് വടംവലി മത്സരത്തില്‍ പങ്കെടുത്തത്. കായികശേഷിയും പേശീബലവും ടീമിന്റെ ഒത്തിണക്കവും ഒന്നിച്ചു പോരാടിയ മത്സരങ്ങള്‍ക്കൊടുവില്‍ കൊല്ലം മഹാരാജാസിനെ മുന്നോട്ടു വലിച്ചിട്ട് മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് 500 ഡോളറും, ആട്ടിറച്ചിയും അരിച്ചാക്കും ഉള്‍പ്പെട്ട സമ്മാനം ഏറ്റുവാങ്ങി.
ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന എഡ്മന്റണിലെ കായികദിനമായിക്കഴിഞ്ഞു എഡ്മന്റണ്‍ കോസ്‌മോപോളിറ്റന്‍ മേള. ഏതൊരു സമയത്തും 250-ലധികം ആളുകള്‍ പെരിവെയിലത്തും ചാറ്റല്‍ മഴയിലും ക്രിക്കറ്റും വടംവലിയും കാണാനുണ്ടായിരുന്നു. ക്ലബ് അംഗങ്ങള്‍ തന്നെ തയാറാക്കിയ രുചികരമായ കേരള ഭക്ഷണം ഗ്രൗണ്ടില്‍ തയാറാക്കിയിരുന്നു.
പി.വി.ബി അറിയിച്ചതാണിത്.