ബെന്നി ടി ജെ. (Street Light fb group)
ചൂരൽവടിയുടെ പ്രഹരങ്ങൾ ഏലിയാസിന്റെ മനസ്സിനെ തകർത്തു കളഞ്ഞു… അത്രയ്ക്കും വലിയ ആഘാതമാണ് അതവനെയേൽപ്പിച്ചത്. എത്രനേരമങ്ങനെ കിടന്നെന്നറിയില്ല. സഹോദരങ്ങളും, അപ്പനും പള്ളിക്കൂടത്തിലും ചന്തയിലും പോയിക്കഴിഞ്ഞിട്ടൊരുപാടു സമയമായി. മുഖത്ത് സൂര്യപ്രകാശമടിച്ചു ചൂടായപ്പോഴാണവൻ കണ്ണു തുറന്നത്. പറമ്പിലും തോട്ടത്തിലും പണിയെടുക്കുന്ന വേലക്കാർ അവന്റെ അവസ്ഥ നോക്കി മൂക്കത്തും, താടിക്കും കൈയ്കൾ വച്ചു കൊണ്ടാവഴി പൊയ്ക്കോണ്ടിരുന്നു. ചന്തയിൽനിന്നും തരകനു ഉച്ചഭക്ഷണമെടുക്കാൻ വന്ന കണക്കപ്പിള്ള കേശുനായർ.. ഈ അവസ്ഥ കണ്ടു മനമലിഞ്ഞു ആരും കാണതവനെ അഴിച്ചുവിട്ടു കൊണ്ടു പറഞ്ഞു
“എങ്ങോട്ടേലും… ഓടി രക്ഷപ്പെട്ടൊ മോനേ.. ഈ രണ്ടാനമ്മേന്റേം.. ആ രാക്ഷസിത്തള്ളേന്റേം… അടുത്തെന്ന്… അല്ലേ ഇനീം…. നീ തല്ലു കൊണ്ടോണ്ടിരിക്കും അവരു രണ്ടും ചേർന്നു നിന്നെത്തല്ലിക്കൊല്ലും…!!”
മരത്തിലെ ഉറുമ്പുകടിച്ചും, തല്ലുകൊണ്ടും അവനവശനായിത്തീർന്നിരുന്നു ഏലിയാസ്. ആടിയാടി.. താൻ കിടന്നോണ്ടിരുന്ന മുറിയിൽ കയറി തന്റെ പത്താം ക്ലാസ് ‘ സർട്ടിഫിക്കറ്റും താൻ ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടു ജോഡി ഡ്രസ്സും ഒരു തുണി സഞ്ചിയിൽ കുത്തിനിറച്ചു കൊണ്ട്… അവിടുന്നിറങ്ങി ഇടറിയിടറി നടന്നു. ആ യാത്ര അവസാനിച്ചത് അമ്മയുടെ കല്ലറയുടെ അടുത്താണ്. അൽപ്പസമയം അവിടെ നിന്നു പ്രാർത്ഥിച്ചു അമ്മയോട് യാത്ര പറയുമ്പോൾ… എങ്ങോട്ടാണെന്നവനറിയത്തില്ലായിരുന്നു. ആദ്യം മറിയത്തള്ളയുടെ അടുത്തു പോയി . അവർ അവനു വയർ നിറയെ ഭക്ഷണം കൊടുത്തു ആശ്വസിപ്പിച്ചു. അവൻ പറഞ്ഞു
“ഞാൻ യാത്ര പറയാൻ വന്നതാ… മറിയമ്മച്ചി.. ഇനിയെനിക്കവെടെ… നിക്കാൻ പറ്റൂല.. കുഞ്ഞമ്മ എന്നെ കൊല്ലും… ഞാനെങ്ങോട്ടെങ്കിലും പോകുവാ.. എവിടെയും പോയി പണിയെടുത്തു പഠിക്കണം… പഠിച്ചു വല്യാളാകണം…. എന്നിട്ടേ ഞാനീ നാട്ടീവരുവോളു… മറിയമ്മച്ചി നോക്കിക്കാേ… “
അവരവനെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്നിട്ടുപറഞ്ഞു
“നെന്റെ കൈയ്യീ….. കാശോണ്ടൊ പോകാൻ…. എങ്ങോട്ട് പോകാനാ…?”
അവർ അകത്തേക്കുപോയി ഒരു മണ്ണിന്റെ കുടുക്ക എടുത്തു കൊണ്ടുവന്നു.അതവന്റെ മുന്നിൽ വച്ചു തല്ലിപ്പൊട്ടിച്ചു ചിതറിത്തെറിച്ച ചില്ലറകൾ വാരിക്കൂട്ടി.ഒന്നിന്റേം.. രണ്ടിന്റേം, അഞ്ചിന്റെയും പഴയ നോട്ടുകൾക്കൊപ്പം , , ഒരു രൂപായുടെയും, രണ്ടിന്റേയും തുട്ടുകൾ… എല്ലാം കൈകൾക്കുള്ളിൽവച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.
“അതിയാന് കിട്ടുന്നതാണ് കടവിൽ തോണി തൊഴയുമ്പോൾ.. ഏതായാലും ഇതു മോനിരിക്കട്ടേ.. “
നിറകണ്ണുകളോടെ അതു വാങ്ങി അവിടെ നിന്നു യാത്രയായി.അവൻ കണ്ണിൽ നിന്നു മറയുന്നതുവരെ അവർ നോക്കി നിന്നു. എതിരേ വന്ന ആനവണ്ടിക്കവൻ കൈയ്കാട്ടി.. അതിൽക്കയറി കണ്ടക്ടർ എവിടേക്കാണ് ടിക്കറ്റ് എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു ലാസ്റ്റ് സ്റ്റോപ്പ്.. അത് കോട്ടയം റയിൽവേസ്റ്റേഷനായിരുന്നു. ബസ്സിലിരുന്നവൻ മറിയമ്മച്ചി തന്ന ചില്ലറയിൽ നിന്ന് കുറച്ചെടുത്ത് എണ്ണി ടിക്കറ്റിന്റെ പണം കൊടുത്തു. കുറച്ച് കൈയ്യിൽ പിടിച്ചു ബാക്കി തുണി സഞ്ചിൽ തന്നെയിട്ടു.അവിടെ എത്തിയപ്പോൾ മംഗലാപുരത്തിലേക്കുള്ള വണ്ടി വരുന്നതിന്റെ അറിയിപ്പു മുഴങ്ങിക്കൊണ്ടിരുന്നു.തിക്കിലും തിരക്കിലും പെട്ടെങ്കിലും ടിക്കറ്റ് കിട്ടി. അങ്ങനെയാണവൻ ആ വണ്ടിയിൽ കയറിയത്.
ടിക്കറ്റ്.. ടിക്കറ്റ്.. തോളിലാരുടേയൊ കൈയ്കൾ പതിഞ്ഞപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്. വൗവ്വാലിനേപ്പോലെ….വസ്ത്രം ധരിച്ച ഒരു കഷണ്ടിക്കാരൻ ടി ടി ആർ മുന്നിൽ നിൽക്കുന്നു. കണ്ണു തിരുമ്മി.. വീണ്ടും നോക്കി. പെട്ടന്നവൻ മാറോടടുക്കിപ്പിടിച്ചിരുന്ന തുണിസഞ്ചിയിൽ നിന്നും ടിക്കറ്റ് എടുത്തു കൊടുത്തു. അവന്റെ മുഖത്തേക്കും ടിക്കറ്റിലേക്കും ഒന്നു നോക്കിയട്ട് ടിക്കറ്റിനു മുകളിൽ ഒപ്പിട്ടു നൽകിയട്ട് അടുത്ത ആളിന്റെ അടുത്തേക്കുപോയി…
ഇതിനിടയിൽ കാര്യങ്ങളെല്ലാം മറിഞ്ഞു തിരിഞ്ഞിരുന്നു.ഉച്ചഭക്ഷണവുമായി വന്ന കേശുനായർ ഒന്നുമറിയാത്ത ഭാവത്തിൽ തരകനോടു ചോദിച്ചു.
“അല്ല … മൊതലാളിയെന്തിനാ… ഏലിയാസിനെ തെങ്ങേക്കെട്ടിയിട്ടിരിക്കുന്നത്…. പാവം… ഞാൻ വരാൻ നേരത്ത് വെയിലും കൊണ്ടവനാ തെങ്ങേലൊണ്ട്… അവനെന്താ… ചെയ്തത്…. ഇങ്ങനെ ശിക്ഷിക്കാൻ…”
തരകൻ കാര്യങ്ങൾ അയാളോടു പറഞ്ഞു.
“അവന്റെ സ്വാഭാവം മാറട്ടേന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്…”
കേശുനായർ തുടർന്നു
” ചെറിയ പിള്ളേരല്ലേ… അവരു നന്നായി ക്കോളും… ഇച്ചിരി… സമയമെടുക്കും..”
തരകൻ കടയിലെ ഫോണിൽ നിന്നും വീട്ടിലേക്കു വിളിച്ചു ചോദിച്ചു.
” ഡീ…. ജാനമ്മേ ഞാൻ പറഞ്ഞതല്ലാരുന്നോ… അവനെ കൊറച്ചു കഴിഞ്ഞഴിച്ചുവിടാൻ….വിട്ടില്ലേ…?”
” വിട്ടല്ലോ… ഇച്ചായൻ പോയ പൊറകേതന്നെ.. വിട്ടിച്ചായ…. “
ഏലിയാസ് തെങ്ങുമ്മേൽ തന്നെ ഉണ്ടെന്ന ധ്യൈര്യത്തിൽ ജാനമ്മ കള്ളം പറഞ്ഞു.ഫോണും പിടിച്ച് അൽപ്പസമയം എന്തോ ചിന്തിച്ചു കൊണ്ടയാൾ കേശുനായരെ നോക്കി. അയാളുടെ ഉള്ളിൽ അപായമണി മുഴങ്ങി… അയാൾ നായരോടു പറഞ്ഞു
“താൻ ചുമ്മാ കൊള്ളിവെക്കല്ലേ… നായരെ … ഞാനവിടെന്നു പോന്നപ്പോൾത്തന്നെ അളവനെ അഴിച്ചുവിട്ടല്ലോ… ചുമ്മാ ഒരു മാതിരി വർത്താനം പറയല്ലേ..?”
ഏലിയാസിന്റ ദീനത നിറഞ്ഞ മുഖം ഉള്ളിൽ തെളിഞ്ഞ കേശുനായർ തരകനോട് പൊട്ടിത്തെറിച്ചു.
“താനെന്തൊരപ്പനാടാേ…. തരകൻ മൊതലാളി…. രണ്ടാം ഭാര്യേടെ.. തലയണമന്ത്രോം… കേട്ടിച്ചിരിയില്ലാത്തൊരുകൊച്ചിനെ മരത്തേക്കെട്ടിയിട്ടു … പേപ്പട്ടീനെപ്പൊലെ തല്ലിച്ചതച്ചിട്ട്… വന്നേക്കുന്നു… അവൻ നിങ്ങടെ ചോരതന്നെയല്ലേ… അതോ ‘.. അതിലും സംശയമാണോ…. വല്ല്യ… തരകൻ മൊതലാളി… ഫ്തൂ…”
നായർ പുറത്തേക്കു നീട്ടിത്തുപ്പി.. ദേഷ്യം കൊണ്ടു വിറച്ച തരകൻ അയാളുടെ മോന്തയ്ക്കിട്ടാഞ്ഞടിച്ചു കൊണ്ടലറി
” എറങ്ങിപ്പോടാ… എന്റെ കടേന്ന്… എനിക്കിനി നിന്റെ സേവനം വേണ്ടാ…. “
നായർ അവിടെ നിന്നും അടിയേറ്റകരണം തിരുമി കൊണ്ട് പുറത്തേയ്ക്കിറങ്ങുമ്പോൾ ഇത്രയും കൂടി പറഞ്ഞു.
” ഇത്രയും കാലം കൂടെ നിന്നയെന്നെ നിങ്ങളുതല്ലിയല്ലേ… ഇതു നിങ്ങടെ പെമ്പറന്നോർക്കു കൊടുക്കുവാരുന്നേൽ തന്റെ മോനിപ്പം വീട്ടിക്കണ്ടേനാരുന്നു…
എന്നാ… താങ്കേട്ടോ…ചോറെടുക്കാൻ ചെന്നപ്പോ.. ഞാനാണവനെ കെട്ടഴിച്ചുവിട്ടത്.. എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോളാൻ പറഞ്ഞ്…. താനാ… ചീമപ്പോർക്കിനേം.. അമ്മായമ്മേനേം പൊത്തിപ്പിടിച്ചോണ്ടിരുന്നോ… മോനെത്തണ്ട സ്ഥലത്തെത്തിക്കാണുമിപ്പോൾ. ഒരു മറ്റേടത്തെ തരകൻ മൊതലാളി..”
അയാൾ കൈയ്കൾ വീശി റോഡിൽ കൂടി നടന്നു പോയി. ദു:ഖഭാരത്തോടെ ജേക്കബ് തരകൻ തന്റെ സീറ്റിലേക്കിരുന്നു. ചുറ്റുവട്ടത്തുള്ള കടകളിൽ നിന്നും ആൾക്കാർ അവരെ നോക്കി അടക്കം പറഞ്ഞു. ഇരുപത്തഞ്ചു വർഷങ്ങളായി.. നിഴലായി കൂടപ്പിറപ്പായി കൂടെയുണ്ടായിരുന്ന സുഹൃദ് ബന്ധത്തിനപ്പുറത്തുള്ള ബന്ധമായിരുന്നു അവരുടേത്. അയാൾ ചോറുണ്ണാൻ പോയ ഡ്രൈവർ ചാക്കോ വന്നപ്പോൾ ചോദിച്ചു.
“ചാക്കോ… ഉച്ചക്കു ചോറു കൊണ്ടരാൻ പോയപ്പോൾ.. കുഞ്ഞെറുക്കനെക്കണ്ടാരുന്നോ.. അവിടെയെങ്ങാനും..?”
“ഇല്ല മൊതലാളി… വണ്ടിക്കിച്ചിരി പണിയൊള്ളതുകൊണ്ടു ഞാൻ… വർക്കു ഷോപ്പിൽ പോയതോണ്ട്…. നായരേട്ടൻ നടന്നാ പോയത്.. എന്നാ മൊതലാളി.. ചോയിച്ചത്…?”
ചാക്കോ വിനീതനായിപ്പറഞ്ഞു.
“നീയാപ്പലകയിട്ടേ… വീടുവരെപ്പോണം”
മേശയുടെ ഡ്രോയർ പൂട്ടിക്കൊണ്ട് തരകൻ ചാക്കോയോടു പറഞ്ഞു.
“അല്ല മൊതലാളി.. നായരേട്ടനെന്തിയേ.. അയാളാണല്ലോ… ഇതെക്കെ ചെയ്യുന്നത്..?”
ചാക്കോ പെട്ടന്നറിയാതെ ചോദിച്ചു പോയി…
” നായരില്ലെങ്കിനെന്റെ… കൈയ്യങ്ങു പൊന്തില്ലേടോ കോപ്പേ…?”
തരകനയാളോട് ചൂടായി. എന്തോ ഗൗരവമുള്ള പ്രശ്നമുണ്ടെന്നയാൾക്കു മനസ്സിലായി.ചാക്കോ ഉടൻ തന്നെ പലകകൾ നമ്പറനുസരിച്ചു വാതിൽ കട്ടിളയിൽ ഇടാൻ തുടങ്ങി. തരകൻ കട പൂട്ടിയിട്ട് ഒന്നുകൂടി ഉറപ്പു വരുത്തുവാൻ താഴിൽ പിടിച്ചു വലിച്ചു നോക്കി.ചാക്കോ കാറുമായി കടയുടെ മുന്നിലെത്തിയിരുന്നു. നേരേ വീട്ടിലേക്ക് പോകുമ്പോൾ അയാൾ വല്ലാതെ വിയർത്തിരുന്നു. കാറിനു വേഗത പോരെന്നയാൾക്ക് തോന്നിയപ്പോൾ ചാക്കോ യോടാജ്ഞാപിച്ചു.
“ഒന്നു വേഗം വിട്ടേഡോ….”
അൽപ്പം വേഗത കൂടിയാൽ തന്നെ ചീത്ത വിളിക്കുന്ന മുതലാളിക്കിന്നെന്തു പറ്റിയെന്നാലോചിച്ച് കൊണ്ടയാൾ വണ്ടിയുടെ വേഗത കൂട്ടി. പൊടിപറത്തിക്കൊണ്ടാകാർ അവരേയും കൊണ്ട് ചീറിപ്പാഞ്ഞു… (തുടർച്ച)