ഡിജിന്‍ കെ ദേവരാജ്.
ഇവിടെ മനുഷ്യകവിതയുടെ വസന്തമില്ല
ഇലത്തുടിപ്പറ്റ വരിയുടെ വേനൽമാത്റം
എത്രയെഴുതിയിട്ടും ദാഹമടങ്ങാതെ
ഉപ്പുകടൽ നീന്തിയൊടുക്കം ഞാൻ
മനുഷ്യജലം തേടിയൊരു കരയിലടിഞ്ഞു
കൈത്താങ്ങു കിട്ടാതെ സ്വയമുയർന്നു
അവിടം പാകിയ കാലടികൾ പിന്നിട്ടു
അന്ത്യവട്ടത്തുടിപ്പിൻ പ്റാണനും പേറി
ഒരേ ചോരയും കരയും കടലുമാകാശവും
പകുത്തോരെൻ കുലപ്പിറപ്പുകളെ നോക്കി
അതാ വരുന്നൊരുപറ്റം നീണ്ട നിഴലുകൾ
കാവിയുടുത്തും പച്ചയുടുത്തും വെള്ളയുടുത്തും
വായ് മൂടിക്കെട്ടിയ അടിമയുടലുകൾ
ഉയർത്താൻ കഴിവില്ലാക്കൈകളിൽ സത്യവും
ഒരോ കാലു തളച്ച ചങ്ങലകളിൽ സ്വാതന്ത്ര്യവും
നീയാരാ ? മൂട്ടിക്കെട്ടിയ മുഖങ്ങളേ നിങ്ങൾ
മനുഷ്യരാണോ രൂപസാമ്യം, കണ്ടു ഞാൻ
അല്ല ഞാൻ അല്ല ഞാൻ ഹൊ!പേരു കേട്ടുഞെട്ടി
വാലറ്റം തുടരുന്നോരോ മത, ജാതിപ്പേരുകൾ
നീയാരെന്നൊരായിരം മറുചോദ്യവും മുഴങ്ങി !
അറിയാതെ കേട്ടതാ ക്ഷമിക്കുക നിങ്ങൾ
ഞാനൊരന്യഗ്രഹജീവി കുലം തിരഞ്ഞുവന്നവൻ
കാട്ടിത്തരുമോയൊരു ഹോമോസാപ്പിയനെ
മൂക്കും കണ്ണും ചെവിയും തലയിലെച്ചോറിൽ
ഒരല്പം തിരിച്ചറിവുമുണ്ടെന്കിൽമാത്രം മതി !
പിന്നെയും പിന്നെയും തിരഞ്ഞുനടന്നു ഞാൻ
നട്ടെല്ലുയർന്നുനിന്നു ഇരുകാലിൽ നിൽക്കാന്‍
കഴിവുള്ളൊരേയൊരെൻ ഉടൽപ്പിറപ്പുകളെത്തേടി
ദാഹിച്ചവശനായ് ആശവച്ചന്തയിൽ നീളേ
ഒറ്റയ്ക്കു മുളച്ചതല്ല ഞാൻ പിറന്നുവീണതല്ലേ?
മൂടിക്കെട്ടിയ ശവക്കുഴികളേ നിങ്ങൾ
ചൊല്ലുക വേഗം ഇവിടെ മനുഷ്യനെവിടെ ?
പുതച്ചുമൂടിയോ കൊന്നുപുകച്ചെരിച്ചോ
അന്യംനിന്നൊരു ജീവകുലമല്ലിതു കേൾക്ക
നിവർന്നുനിൽക്കുക നിങ്ങൾ മനുഷ്യരെന്കിൽ