ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകാംഗവും, യൂത്ത് കോര്‍ഡിനേറ്ററുമായ എബിന്‍ കുര്യാക്കോസിനെ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. രണ്ടുവര്‍ഷമാണ് നിയമന കാലാവധി.
2017- 18 വര്‍ഷങ്ങള്‍ രൂപതയിലും, ആഗോള സഭയിലും യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് യുവജനങ്ങളുടെ പ്രതിനിധിയായ എബിനെ നിയമിച്ചതെന്ന് മാര്‍ അങ്ങാടിയത്ത് പറഞ്ഞു.
മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷതവഹിച്ച യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. രൂപതാ ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി 2016 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഡോ. അബ്രഹാം മാത്യു “യുവജനങ്ങളുടെ വിശ്വാസ പരിശീലനവും സഭയുടെ ഭാവിയും’ എന്ന വിഷത്തെക്കുറിച്ച് ക്ലാസ് നയിച്ചു. വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ മോഡറേറ്റേഴ്‌സ് ആയിരുന്നു. റവ.ഫാ. ഏബ്രഹാം മുത്തോലത്ത് രൂപതയുടെ ചാരിറ്റി പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചു. രൂപതയുടെ വിവിധ റീജിയനുകളില്‍ നടത്തപ്പെട്ട യൂത്ത് പ്രോഗ്രാമുകളുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ജോണ്‍ വാളിപ്ലാക്കല്‍, മലീസാ മാത്യു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു. സമാപനത്തില്‍ സെക്രട്ടറി കൃതജ്ഞത അറിയിച്ചു. കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യോഗനടപടികള്‍ ആരംഭിച്ചത്.