മയാമി: കേരളീയ മേളവാദ്യങ്ങളിലെ ഏറ്റം പ്രധാനപ്പെട്ട വാദ്യഉപകരണമാണ് ചെണ്ട. ഇടിമുഴക്കത്തിന്റെ നാദം മുതല്‍ നേര്‍ത്ത ദലമര്‍മ്മരത്തിന്റെ ശബ്ദവീചികള്‍ വരെ ഉതിര്‍ക്കുവാന്‍ കഴിയുന്ന ഈ അസുരവാദ്യം മലയാളികള്‍ എന്നും ഏറെ ഇഷ്ടപ്പെടുന്നു.
കേരളത്തിലെ ഉത്സവങ്ങളിലും; പെരുന്നാളുകളിലും; ആഘോഷങ്ങളിലും മാത്രമല്ല, നാടന്‍ കലാരൂപങ്ങളിലും; കഥകളിയിലും ഒഴിച്ചുകൂടാനാവാത്ത ഈ വാദ്യഉപകരണം മലയാളി മനസ്സില്‍ എന്നും പൂരങ്ങളുടെ ആരവമുണര്‍ത്തി ചേക്കേറിയപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഇത്രമാത്രം നെഞ്ചിലേറ്റിയ രണ്ടാം തലമുറയിലേക്ക് കൊട്ടിക്കയറുകയാണ്.
ഈ താളവാദ്യം അമേരിക്കന്‍ പ്രവാസി മണ്ണില്‍ ഒരു ചലനം സൃഷ്ടിച്ച് ജനകീയമായി മുന്നേറുവാന്‍ ഇടയായതിനു പിന്നിലെ ചെറിയൊരു കാര്യം കൂടെ ഇവിടെ സ്മരിക്കട്ടെ.
അമേരിക്കയിലെ കേരളം എന്നു വിളിപ്പേരു വീണ സൗത്ത് ഫ്‌ളോറിഡയിലെ മയാമിയില്‍ പത്തു വര്‍ഷം മുന്‍പ് രണ്ടായിരത്തി ഏഴില്‍ അഞ്ചാമത് സീറോ മലബാര്‍ കാത്ത്‌ലിക് കണ്‍വെന്‍ഷന് അരങ്ങ് ഒരുങ്ങിയപ്പോള്‍; കണ്‍വന്‍ഷന്റെ ആലോചന മീറ്റിംഗില്‍ ഒരു തീരുമാനം കൈക്കൊണ്ടു. കണ്‍വന്‍ഷന്റെ മാറ്റു കൂട്ടുന്നതോടൊപ്പം അത്യാകര്‍ഷകപൂര്‍വ്വവും; ജനകീയ പങ്കാളിത്തത്തോടും കൂടിയ ഒരു കലാവിരുന്ന് ഒരുക്കണം; അത് കണ്‍വന്‍ഷന്റെ ബാക്കി പത്രത്തിലും; ജനമനസ്സുകളഇലും എന്നെന്നും എഴുതിച്ചേര്‍ക്കപ്പെടണം.
അങ്ങനെ പൂരങ്ങളുടെ നഗരമായ തൃശൂരില്‍ നിന്ന് നൂറ്റ് ഒന്ന് ചെണ്ട മയാമിയില്‍ തയ്യാറായി എത്തി. ജാതി, മത, വര്‍ഗ്ഗ, ഭേദമന്യേ ചെണ്ടയെ സ്‌നേഹിക്കുന്ന വനിതകളെയും; യുവജനങ്ങളെയും; പുരുഷന്മാരെയും അണിചേര്‍ത്ത്; ജോസ്മാന്‍ കരേടിന്റെ ശിക്ഷണത്തില്‍ കണ്‍വന്‍ഷന്റെ ഉത്ഘാടനദിനം അമേരിക്കയില്‍ ആദ്യമായി നൂറ്റിയൊന്ന് മലയാളികള്‍ ചെണ്ടയില്‍ പെരുക്കം തീര്‍ത്തപ്പോള്‍, മയാമിയില്‍ പൂരത്തിന്റെ ഒരു തനി ആവര്‍ത്തനം രചിയ്ക്കുകയായിരുന്നു.
കണ്‍വന്‍ഷനു ശേഷം സൗത്ത് ഫ്‌ളോറിഡായിലെ ചെണ്ടയെ സ്‌നേഹിക്കുന്ന കലാകാരന്മാര്‍ ചേര്‍ന്ന് “ഡ്രം ലൗവേഴ്‌സ് ഓഫ് ഫ്‌ളോറിഡ’ എന്ന് പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കി. ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍-മയാമി മുതല്‍ ജാക്‌സണ്‍വില്ല വരെയുള്ള മലയാളി സംഘടനകളുടെ പരിപാടികളിലും; വിവിധ ദേവാലയ തിരുനാള്‍ ആഘോഷങ്ങളിലും; മറ്റ് വിവിധങ്ങളായ പരിപാടികളിലും കാണികള്‍ക്ക് ആവേശം പകര്‍ന്ന് മേളം തീര്‍ത്തു വരുന്നു.
ഇപ്പോള്‍ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മറ്റൊരു ശ്രദ്ധേയമായ സംഭവത്തിനു കൂടി തുടക്കമായി. മലയാളികള്‍ മനസ്സില്‍ താലോലിക്കുന്ന ഈ താളമേളത്തിന്റെ ആരോഹണ; അവരോഹണ ധൃത ചലനങങള്‍ വരുംതലമുറയിലേക്ക് പകര്‍ന്ന് കൊടുക്കുന്നതിനായി ഡ്രം ലൗവേഴ്‌സിന്റെ നേതൃത്വത്തില്‍ ജാസ്മിന്‍ കരേടന്റെ ശിക്ഷണത്തില്‍ 8 വയസ്സിനും, 13 വയസ്സിനും മദ്ധ്യേ പ്രായമുള്ള ഇളംതലമുറയിലെ കുട്ടികള്‍ക്ക് ചെണ്ട പരിശീലനത്തിനുള്ള ക്ലാസ്സുകള്‍ ആരംഭിച്ചു.
സേവി നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ ഈ കലാഉപാസനയുടെ ആദ്യപാഠത്തിന്റെ തിരി തെളിച്ച് അനുഗ്രഹിച്ചത്. സുപ്രസിദ്ധ കര്‍ണ്ണാടിക് സംഗീതജ്ഞനും “പാടുംപാതിരി’ എന്നു വിശേഷിപ്പിക്കുന്ന റവ. ഡോ. പോള്‍ പൂവത്തിങ്കലാണ്.
സൗത്ത് ഫ്‌ളോറിഡായിലെ ചെണ്ട വാദ്യ മേളങ്ങളുടെ നെടുനായകത്വം വഹിക്കുന്ന ജോസ്മാന്‍ കരേടന്റെ സേവനങ്ങളെ ഡ്രം ലൗവേഴ്‌സും, മലയാളി സമൂഹവും ആദരിച്ചുകൊണ്ട് പരിപാടികളുടെ മുഖ്യാതിഥിയായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ പൊന്നാട അണിയിച്ചപ്പോള്‍: മലയാളി സമൂഹത്തിന്റെ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ജോയികുറ്റിയാനി സംസാരിച്ചു.
തുടര്‍ന്ന് ഡ്രം ലൗവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഗാനമേളയും; കപ്പിള്‍ ഡാന്‍സും; മാജിക് ഷോയും, വിവിധ കലാപരിപാടികളും അരങ്ങേറി.
ജോണ്‍ തോമസ് സ്വാഗതവും; നോയല്‍ മാത്യും കൃതജ്ഞതയും അര്‍പ്പിച്ചപ്പോള്‍; റോബിന്‍സണം; വാണി മുരളിയും എം. സി. മാരായി പരിപാടികള്‍ നിയന്ത്രിച്ചു.