നിധു. (Street Light fb group)
മഴ നനഞ്ഞോടിയെൻ വഴികളിൽ പിന്നെയും
പൂവിട്ടു മന്ദാരപുഷ്പങ്ങളും
നീ വന്നു ചേർന്നൊരാനാളിലെൻ ചാരത്ത്
പൂമഴ തീർത്തൊരു പേമാരിയും
ഇന്നുമെന്നോർമ്മയിൽ തെളിയുന്ന നിൻമുഖം
മായാതെ മറയാതെ നിന്നീടവെ
മോഹിച്ചീടുന്നു ഞാൻ കാലത്തിൻ വാതിലിൻ
പിറകിലോട്ടോടി വന്നെത്തിനോക്കാൻ
കൈപിടിച്ചോടുവാൻ നീ വന്ന നേരത്തു
മഴവില്ലു ചാർത്തിയെൻ സ്വപ്നങ്ങളും
ഒളികണ്ണുമായെത്തി നോക്കിയ തെന്നലിൽ
നിന്നുടെ പാവാട പൊങ്ങിയെന്നൊ
നാണംകുണുങ്ങി നീ ചാരത്തു വന്നെന്റെ –
മിഴികളെ കൈകളാൽ മൂടി മെല്ലെ
ആരോടും ചൊല്ലല്ലെന്നോതിയ നേരത്ത്
നിൻ മിഴികളെ നോക്കി ഞാൻ നിന്നതല്ലേ
അറിയാതെ പറയാതെ ചുണ്ടിനാൽ നീയന്ന് –
നെറ്റിയിൽ തേൻ പകർന്നോടിയെങ്ങോ
കോരിത്തരിച്ചു ഞാൻ കാതോർക്കവെ –
നിന്റെ കൊലുസിന്റെ താളം മുഴങ്ങി ദൂരെ
രാവേറെ പിന്നിട്ട് രാത്രികൾ പിന്നെയും –
രാക്കിളിപാട്ടിൽ മയങ്ങീടവെ
വീണ്ടും പിറക്കുന്ന പുലരിതൻ ചുണ്ടത്ത്
പുത്തനുഷസ്സിൻ ചിരിപരക്കെ
മഴ തോർന്ന വേളയിൽ ഉമ്മറത്തിണ്ണയിൽ
ആ വിളിയൊന്നു കേൾക്കുവാൻ കാത്തിരിക്കെ
പതിവുപോലെത്തി നീ പുഞ്ചിരി തൂകിയാ –
മാഞ്ചോട്ടിലെന്നെയും കൂട്ടിരിക്കാൻ
മഴയിൽ കുതിർന്നൊരാ മാമ്പഴം പങ്കിട്ട്
മധുരമാം വാക്കുകൾ ചൊല്ലീടുവാൻ
ഇടവഴിയോരത്ത് പാറിപ്പറക്കുന്ന –
തുമ്പിതൻ പിറകെ നാം ഓടിയപ്പോൾ
മിന്നിത്തിളങ്ങുന്ന വെള്ളാര കല്ലേറ്റു
നിന്റെ കാൽപ്പാദമോ കീറിയില്ലേ
മഴനീർ പൊഴിക്കുന്ന നിന്നുടെ മിഴി നോക്കി
കൂടെ ഞാനുണ്ടെന്നു ചൊല്ലിയില്ലേ
സ്നേഹത്തിൽ ചാലിച്ച പച്ചിലചാറുകൾ
മുറിവിൽ പകർന്നു ഞാൻ തന്നതല്ലേ
നേഞ്ചോടു ചേർത്തു നടന്നോരാ നേരത്ത്
ഒളികണ്ണാൽ നീ അന്ന് നോക്കിയില്ലേ
ഒടുവിലായ് പിരിയുന്ന നേരത്തും നിന്നുടെ
മിഴിനീർക്കണങ്ങൾ പൊഴിഞ്ഞതല്ലേ
താളം പിഴച്ചൊരു ജീവിതം പേറീ നാം
ദൂരങ്ങൾ പിന്നെയും താണ്ടിയില്ലേ
ഇന്നും നിലയ്ക്കാത്ത മഴയുടെ ഓർമ്മകൾ
മണ്ണിൻ മനസ്സിൽ പെയ്തൊഴിയെ
ഓർമ്മയിൽ നിന്നുടെ വിളികേൾക്കുവാനായി
കാതോർത്തുകൊണ്ടെയിരിപ്പു ഞാനും
നിർത്താതെ പെയ്യുമീ മഴയുടെ പാട്ടുകൾ
എന്നുമെൻ കാതിൽ മുഴങ്ങിടട്ടെ
✏ നിധു ©