Wednesday, November 27, 2024
HomeLiteratureഒന്ന് ചിരിക്കു.......ചിരിക്കാന്‍ പഠിപ്പിക്കു......! (ലേഖനം)

ഒന്ന് ചിരിക്കു…….ചിരിക്കാന്‍ പഠിപ്പിക്കു……! (ലേഖനം)

ഒന്ന് ചിരിക്കു.......ചിരിക്കാന്‍ പഠിപ്പിക്കു......! (ലേഖനം)

 ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട.
പുഞ്ചിരിക്കുക …പുഞ്ചിരിക്കാന്‍ സഹായിക്കുക … പുഞ്ചിരിക്കുന്ന മുഖമുണ്ടാവുക .മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുകയെന്നാല്‍ നാം വലിയൊരു മഹത്തരമായ കാര്യമാണ് ചെയ്യുന്നത് .
സുഹൃത്തുക്കളെ നമുക്ക് ഒരു കഥയിലേക്കു കടക്കാം…മുപ്പതു വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന ഒരു പ്യൂണ്‍. അദേഹത്തിന്റെ യാത്രയയപ്പു സമ്മേളനത്തിന് എല്ലാവരും സന്നിഹിതരായിരുന്നു .മുന്‍നിരയില്‍ തന്നെ അവര്‍ ‘ഹിറ്റ്ലര്‍ ‘ എന്ന് കളിയാക്കി വിളിക്കുന്ന കമ്പനി മാനേജരുമുണ്ട് .(ഹിറ്റ്ലര്‍ എന്ന പദത്തില്‍ നിന്നും അയാളുടെ സ്വഭാവം നിങ്ങള്‍ ഊഹിച്ചുകൊള്ളുക) പ്യൂണ്‍ തന്റെ മറുപടി പ്രസംഗത്തില്‍ കമ്പനി മാനേജരോടായി ഇങ്ങനെ പറഞ്ഞു തുടങ്ങി :സാര്‍,എനിക്കാദ്യം പറയാനുള്ളതു അങ്ങയോടാണ് .
കൂടിയിരിക്കുന്ന എല്ലാവരും ആകാംഷാഭരിതരായി .ഫയലുകളുമായി ഞാന്‍ അങ്ങയുടെ അടുത്തു വരുമ്പോള്‍ ,ദേഷ്യത്തില്‍ സാറത് വലിച്ചെറിയാറുണ്ട് .ചില ദിവസങ്ങളില്‍ അവശ്യപ്പെട്ട പേപ്പറുകള്‍ എത്തിക്കുമ്പോള്‍ അത് വാങ്ങി അങ്ങ് ചവറ്റുകുട്ടയില്‍ ഇടാറുമുണ്ട് .അപ്പോഴൊന്നും എനിക്കു സങ്കടം തോന്നിയിട്ടില്ല ;എന്നാല്‍ എന്നും രാവിലെ അങ്ങു വരുമ്പോള്‍ ഞാന്‍ അങ്ങയെ നോക്കി ചിരിക്കാറുണ്ട് .പക്ഷെ,ഇന്നുവരെ അങ്ങ് എന്നെ നോക്കി ചിരിച്ചിട്ടില്ല .അന്നേരമെല്ലാം എനിക്കു സങ്കടം വന്നിട്ടുണ്ട് …പ്യൂണിന്റെ കണ്ണുനിറഞ്ഞൊഴുകി … ഒപ്പം സദസ്സിലിരുന്നവരുടെയും …..ഹിറ്റ്ലറുടേയും …മുപ്പതു വര്‍ഷക്കാലം കൂടെ ജോലി ചെയ്തവന്റെ വാക്കുകള്‍ കേട്ടപ്പോള്‍….
“ഒരു പൊരി മതി എല്ലാം ഒടുക്കാന്‍
ഒരു ചിരി മതി എല്ലാം ഒതുക്കാന്‍”
കടന്നു പോകുന്ന വഴികളില്‍ കാണുന്നവരെ നോക്കിയൊന്നു പുഞ്ചിരിക്കുക .ഓര്‍ക്കുക ! നഷ്ടപ്പെടാനൊന്നുമില്ല ;എന്നാല്‍ ചിരി ആയുസ്സിനെ വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.മുഖത്തെ മാംസപേശികള്‍ക്കുള്ള നല്ലൊരു വ്യായാമമുറകൂടിയാണത് .അതിലുപരി സര്‍വശക്തന്‍ മറ്റുള്ളവര്‍ക്ക് നല്കാന്‍ ,നമുക്ക് നല്‍കിയിട്ടുള്ള ‘പ്രസാദ’മാണ് ചിരിയെന്നോര്‍ക്കുക.അതുള്ളില്‍ കൊണ്ടുനടക്കുന്നതില്‍ അര്‍ത്ഥമില്ല ; പകരുക ഒരു നിറഞ്ഞ പുഞ്ചിരി…ബന്ധുവെന്നോ…ശത്രുവെന്നോ .. വേര്‍തിരിവില്ലാതെ…
കല്‍ക്കട്ടയിലെ തെരുവില്‍ കണ്ട മദര്‍ തെരേസ്സയോടു ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു : ‘അമ്മ എന്താണിവിടെ ചെയ്യുന്നതു ? വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… “സാര്‍ , ഇവര്‍ മരിക്കുന്നതിനു മുന്‍പു ഞാനിവരെ ചിരിക്കുവാന്‍ സഹായിക്കുകയാണ് …..”
പ്രിയമുള്ളവരേ …കൂടെയുള്ളവരുടെ കളഞ്ഞുപോയ ചിരി വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ;പിന്നെന്തിനാ നാമൊക്കെ ഇങ്ങനേ ….. ? പുഞ്ചിരിക്കുക …ഇപ്പോഴും സന്തോഷത്തോടെയിരിക്കുക … സന്തോഷവാഹകരവുക ….എന്നും ഏവര്‍ക്കും പുഞ്ചിരിക്കുന്ന ദിനങ്ങളാകട്ടെയെന്നു ആശംസിക്കുന്നു……
RELATED ARTICLES

Most Popular

Recent Comments