മിലാല്‍ കൊല്ലം.
അങ്ങനെ നാട്ടിൽ ഉത്സവങ്ങൾ പൊടി പൊടിക്കുകയാണു. കുറച്ച് വർഷങ്ങൾക്ക് മുൻപ് എന്റെ മകനു ഒരു എട്ട് വയസ് പ്രായം. ഞാനും ഭാര്യയും മോനും മയ്യനാട് തന്നെയുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവവും കണ്ട് മടങ്ങി വരുമ്പോൾ ഒരു കടയിൽ പൊട്ടാസ് ഇട്ട് പൊട്ടിക്കുന്ന തോക്ക് കിടക്കുന്നു അത് കണ്ടപ്പോൾ എന്റെ മോനു ആ തോക്ക് വേണം. ഞാൻ പറഞ്ഞു ഡാ അത് കൊള്ളത്തില്ല പെട്ടന്ന് ചീത്ത ആയി പോകും. അവൻ ഒരു പൊടി കേൾക്കുന്നില്ല കരച്ചിൽ തന്നെ കരച്ചിൽ വീട്ടിൽ വന്നിട്ടും കരച്ചിൽ നിർത്തുന്നില്ല. അവന്റെ അഛാമ്മ (എന്റെ അമ്മ) ചോദിച്ചു എന്താ മോനേ കാര്യം? ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അമ്മ അമ്മയുടെ മുറിയിൽ പോയി പൈസ എടുത്ത് കൊണ്ടുവന്ന് കൊടുത്തിട്ട് പറഞ്ഞു എത്ര രൂപ ആയാലും മോൻ പോയോരു തോക്ക് വാങ്ങിയ്ക്ക്. എന്നിട്ട് അമ്മ പറഞ്ഞു മോന്റഛൻ ഇതുപോലെ എത്ര കരഞ്ഞ് എന്നെക്കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട് അവനിതൊന്നും ഓർമ്മയില്ല.
അമ്മ പറഞ്ഞത് വളരെ ശരിയാണു. ഒരു നിവർത്തിയും ഇല്ലാഞ്ഞ കാലത്ത്. അതിൽ പ്രധാനം ഓണം വരുമ്പോഴാണു പട്ടം വിടാൻ നൂൽ വേണം. അന്ന് ചീപ്പ് നൂൽ എന്ന് അറിയുന്ന ഒരു നൂൽ ഉണ്ട് ഇതിനു രണ്ട് രൂപ അൻപത് പൈസായേ ഒള്ളൂ പക്ഷേ അമ്മക്ക് അത് വാങ്ങിത്തരാൻ നിവർത്തിയില്ല. അമ്മ പറയും ഓണം അടുക്കട്ട് ഞാൻ നോക്കാം എന്ന്. അവസാനം ഓണത്തിനു രണ്ട് ദിവസം മുൻപ് ഞങ്ങളുടെ കിഴക്കതിൽ നെയ്ത്ത് ഉണ്ട് അവിടെ പറഞ്ഞിട്ട് താരുചുറ്റി വച്ചിരിക്കുന്ന മൂന്ന് താരുവാങ്ങി ഒരു ചരുവത്തിൽ ഇട്ടിട്ട് നൂലിന്റെ അറ്റം മൂന്നിന്റെയും ഒരുമിച്ച് എടുത്ത് ഒരു കമ്പിൽ ചുറ്റും പിന്നെ രണ്ട് മരത്തിലായി കേട്ടിയിട്ട് നൂൽ മുറുക്കും അത് കഴിഞ്ഞ് അതിൽ പശമുക്കി ഒണക്കി പട്ടം ഉണ്ടാക്കി കിഴക്കു വശത്തുള്ള വയലിലെക്ക് ഓടും.
ഈ നൂലിനു ചീപ്പ് നൂലിന്റെ അത്ര ബലം കാണില്ല അതുകൊണ്ട് പട്ടം കുറച്ച് മുകളിൽ ചെല്ലുമ്പോൾ പൊട്ടിപ്പോകും. പിന്നെ പൊട്ടിയ പട്ടത്തേയും മുകളിലോട്ട് നോക്കി ഓടും ഇതിനിടക്ക് കണ്ടത്തിൽ വെള്ളം കെട്ടി നിർത്താൻ ചില കുഴികൾ കുഴിച്ചിട്ടിരിക്കും അങ്ങനെ അതിൽ ചെന്ന് വീണു കുറച്ച് ചെളി വെള്ളവും കുടിച്ച് ഉടുത്തിരിക്കുന്ന നിക്കറും ഉടുപ്പുമൊക്കേ ചെളിയുമാക്കി പട്ടം വീണിടത്ത് ചെല്ലുമ്പോൾ പട്ടം കയ്യിൽ കിട്ടിയവൻ കൊണ്ടു പോയി കഴിയും. എനിക്ക് തോന്നുന്നത് പട്ടത്തിനു മാത്രമേ ഈ നിയമം ഒള്ളൂ എന്ന് പൊട്ടി പോകുന്ന പട്ടം കിട്ടുന്നവനു. അതങ്ങനെയാ നമ്മുടെ പട്ടം ആണെന്ന് പറഞ്ഞാലും തരില്ല.
കിട്ടിയവൻ അതും കൊണ്ട് പോകും. ഇനി ഇപ്പോഴങ്ങാണം നിയമം മാറിയിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെ ആ വർഷത്തേ പട്ടം വിടിലും അവസാനിക്കും. പക്ഷേ ഒള്ളത് പറയണമല്ലോ എന്റെ രണ്ട് മക്കൾക്കും വാങ്ങി കൊടുത്ത ഒരു കളിപ്പാട്ടവും അവർ ചീത്തയാക്കി കളഞ്ഞിട്ടില്ല. മക്കൾ രണ്ടും വലുതായി പക്ഷേ അന്ന് വാങ്ങി കൊടുത്ത എല്ലാ കളിപ്പാട്ടങ്ങളും ഇപ്പോഴും എന്റെ വീട്ടിലെ ഷോകേസ്സിൽ ഇരുപ്പുണ്ട്. ഞാൻ ഇത് എഴുതിയത് ഞാൻ മറന്ന് പോയപോലെ എന്റെ മക്കളും മറന്ന് പോകാൻ പാടില്ല. നമ്മളും ഇതെല്ലാം കഴിഞ്ഞു വന്നവരാണു. അഛനും അമ്മയും എങ്ങനെ അവരുടെ മക്കളെ വളർത്തുന്നു അതുപോലെ അവർ അവരുടെ മക്കളയും വളർത്തും അങ്ങനെ വരുമ്പോൾ മാതാപിതാക്കളോട് സ്നേഹം കൂടും.