ജോസഫ്.
കൺകളിൽ നീ തന്നെയിന്നും, എൻെറ
കരളിലും നീ മാത്രമിന്നും .
കാതങ്ങൾക്കകലെയാണെങ്കിലും നിന്നുടെ
കാതരമൊഴി മാത്രം കാതിൽ , നിൻെറ
കളിചിരിയൊച്ചയാണുള്ളിൽ !
:
:
ഒരുപാടു നാളുകൾ മുന്നേ
ഒരുമിച്ചു നാം നടന്നീ വഴിയെ…
ഒരു കുടക്കീഴിലായല്ലോ
ഒരു മെയ്യായ് ചേർന്നേറെ നടന്നു !
ഇന്നീ വഴികളിൽ മാനം ചോരുമ്പോൾ
ഓമനേ , നിന്നുടെ ഓർമ്മ മാത്രം ;
കണ്ണീർ നനയിച്ച മൗനം മാത്രം !
:
:
അന്നത്തെ കാവുകളൊഴിഞ്ഞു
നന്മ തൻ നടവഴി അടഞ്ഞു…
ഇളമാവിൻ കൊമ്പിലന്നീണം
പകർന്നൊരു
കിളിച്ചിന്തുമെങ്ങോ പറന്നു !
ഇന്നീ ഇടവഴിയിരുളിൽ മൂടുമ്പോൾ
ഓമനേ, നിന്നുടെ നിനവു മാത്രം ;
പ്രാണൻ പൊലിഞ്ഞിടും നോവു മാത്രം !
:
:
അകലത്തെ മൺകൂനയൊന്നിൽ
കള്ളിമുൾച്ചെടിയൊന്നു പിടഞ്ഞു…
അഗ്നിപ്പടർപ്പുകൾ പുളഞ്ഞു
ആത്മാവിൻ ദാഹങ്ങളെരിഞ്ഞു !
മൃതിയുടെ ചുടുനിലത്തവശനായ് ഞാൻ വീഴ്കെ
ഓമനേ, നിന്നുടെ സ്മരണ മാത്രം ;
അവസാന ശ്വാസത്തിൻ ചൂടു മാത്രം !