രശ്മി സജയൻ. (Street Light fb group)
ഇനിയെന്തു നല്കണം മകനേ നിനക്കായി
കാണാനായോടി ഞാനെത്തിയില്ലേ
അച്ഛനാണിന്നു ഞാൻ, മകനറിയാത്തച്ഛൻ
അമ്മതൻ ചേലയ്ക്കു പിന്നിൽ മറഞ്ഞവൻ
പ്രവാസിക്കു ഭാരമായി മാറുമീ കാഴ്ചകൾ
അന്യനായി മാറുന്നൊരച്ഛൻ മുഖവുമായി
മകനേ ഇതാണു നിന്നച്ഛനെന്നു
അമ്മയോ ചൊല്ലി പഠിപ്പിച്ചു പാഠമായി
രക്തബന്ധത്തിനും മീതെയായ് മാറിയി
അപരിചിതത്വമാം നാടിന്റെ കാഴ്ചകൾ
പെറ്റിട്ട നാളിലോ ഓടി വന്നു,
അച്ഛനായിക്കണ്ടു മറഞ്ഞ കാലം
ഓർമ്മതന്നിരുളിൽ തപ്പുന്നൊരോർമ്മകൾ
ഓർത്തെടുക്കാനേറെ പാടുപെട്ടു
മകനേയിതു നിന്റെ അച്ഛനെന്നു
പിന്നെയും പിന്നെയും ചൊല്ലാനായി ഭാര്യയും
പ്രവാസമൊരു ദുഃഖമായി മാറും പ്രവാസി –
ക്കന്യമായി മാറുമീ ജന്മനാടും
ജന്മം കൊടുത്തു ഞാനച്ഛനായി
കർമ്മത്തിനായി വിട്ടു പോയി നാടും
ഇനിയെന്തു നല്കണം മകനേ നിനക്കായി
അച്ഛനെ നിനക്കായി തന്നിടട്ടേ