ശ്രീജ.എസ്. നമ്പൂതിരി. (Street Light fb group)
എത്രമേലിഷ്ടം ചങ്ങാതി നിന്നോടൊത്തു
തോളോട് തോൾ ചേർന്ന് നടന്ന വഴികളെ..
ഓലക്കളിപന്തു തട്ടി കളിച്ചതും, കാട്ടു_
തെച്ചിപ്പഴത്തിന്റെ രുചിയിൽ ലയിച്ചതും..
മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ, തോട്
കരകവിയുന്നതിൽ വിസ്മയം പൂണ്ടതും,
നെൽപ്പാടം നിറയുന്ന വെള്ളത്തിലൂടെ,
കടലാസു തോണി ഒഴുക്കി രസിച്ചതും..
തോണി ചരിഞ്ഞേതോ ഓരത്തു തങ്ങവേ,
കമ്പ് കൊണ്ടാത്തോണി തട്ടിത്തെളിച്ചതും
തട്ടിയും തങ്ങിയും ഉഴറുന്ന ജീവിത_
ത്തോണിതെളിക്കുവാനന്നെ പഠിച്ചതും..
പാളമേലേറ്റി വലിച്ചിഴയ്ക്കുന്നതും,
മടൽ വെട്ടി നീയെന്നെ ഊയലാടിച്ചതും..
അമ്പല മുറ്റത്തു വട്ടം കളിക്കവേ,
തേവരെ കൂട്ടിനായ് കെഞ്ചി വിളിച്ചതും..
കപ്പത്തണ്ടുകൾ ചേർത്തിണക്കീട്ടൊരു
‘ജീവത’യിൽ നാമുത്സവം തീർത്തതും!!
ചോന്നുതുടുത്തൊരു കമ്പിളി നാരക_
അല്ലികൾ പോലെ നാമൊന്നിച്ചിരുന്നതും
പുളിയും മധുരവും ചേർന്നങ്ങുണരുന്ന,
രുചിയിൽ നാമോരോരോ സ്വപ്നം നുണഞ്ഞതും.
പുസ്തകക്കൂട്ടങ്ങളന്യോന്യം കൈമാറീ_
ട്ടോരോരോ കഥകളെ ചൊല്ലിപ്പകർന്നതും..
വൻമരം തിങ്ങി നിറഞ്ഞൊരാ കാവിന്റെ
കൂരിരുൾ മുറ്റത്തേയ്ക്കൂളിയിട്ടെത്തുന്ന
പൊൻവെയിലിന്റെ യാ ഇത്തിരി വട്ടത്തെ,
കൈക്കുമ്പിളിൽ ചേർത്ത് നെഞ്ചോടണച്ചതും..
മഞ്ഞണിച്ചേല പുതച്ചൊരാ പുൽത്തുമ്പിൽ
വെട്ടിത്തിളങ്ങിയ നീർത്തുള്ളി നീയെന്റെ-
മിഴിയിൽ തൊടാതൊന്നു തൊട്ടുണർത്തിച്ചതും,
ആ ത്തുള്ളി പീലിമെലോട്ടിപ്പടർന്നതും..
ഓർമയിൽ കുളിരായ് പെയ്തിറങ്ങീടവേ,
ഓർക്കുന്നു ഞാനെന്റെ പ്രീയമിത്രങ്ങളെ…
എത്രമേൽ മധുരാർദ്രമായിരുന്നാക്കാലം..
നമ്മളിൽ നിന്നെങ്ങോ പൊയ്പോയ ശൈശവം!!
തിരികെ പിടിക്കുവാനിപ്പോഴും വെമ്പുന്നു,
ബാല്യത്തിൻ കൗതുക ചെപ്പിലെ വിസ്മയം!