ഇന്ദു വിനീഷ്. (Street Light fb group)
എന്റെ കണ്ണന് ….
ഹൃദയത്തിന്റെ താളുകളിൽ നിനക്കായ് കുറിച്ചിട്ട വരികൾ കടലാസിലേക്ക് പടർത്താനാവുന്നില്ലല്ലോ കണ്ണാ എനിക്ക് ..അക്ഷരങ്ങൾ അകന്നുപോകുന്നത് ഇനിയൊരു കൂടിച്ചേരൽ നമുക്കില്ലെന്നറിഞ്ഞിട്ടായിരിക്കും അല്ലേ കണ്ണാ …എങ്കിലും കുറിച്ചിട്ടതത്രയും മായാതെ കിടപ്പുണ്ട് ആത്മാവിന്റെ താളുകളിൽ… ഇന്നും …
മറവിയുടെ കാണാക്കയങ്ങളിലേക്കു നിന്നെ തള്ളിയിടാൻ ഞാൻ ശ്രമിക്കാറുണ്ട് നിത്യവും …പരിഭവിക്കണ്ട ..മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം നിന്റെ ഓർമകളെ പുൽകുവാൻ വേണ്ടി മാത്രമാണത് ..ഇടയ്ക്കിടെ എന്റെ മിഴികളെ കലക്കാനെത്തുന്ന കള്ളക്കരടുകൾ നിന്റെ ഓര്മകളായിരുന്നു ..
നിനക്കോര്മയുണ്ടോ കണ്ണാ ,
നമ്മുടെ ആ പ്രണയകാലം ..ആ അഞ്ചുവർഷം നീ എന്നിലും ഞാൻ നിന്നിലും നിറഞ്ഞു നിന്നിരുന്ന ഓരോ മാത്രയിലും പ്രണയം മാത്രം നിറഞ്ഞു നിന്നിരുന്ന കാലം ഒരു മാത്രപോലും അന്നു ഓർത്തിരിന്നില്ലല്ലോ നമ്മൾ ഇന്നിത്രമേൽ നൊമ്പരത്തിലാഴ്ത്തിടുo ആ ഓര്മകളെന്നു ..
ഇല്ല …ഈ നൊമ്പരത്തിനുo കണ്ണീരിനും ഉപ്പല്ല കണ്ണാ മധുരമാണ് ..നീയെനിക്കേകിയ പ്രണയത്തിന്റെ മധുരം ..
ഇല്ല കണ്ണാ പിരിയില്ല നമ്മൾ ..ഞാനും നീയും സ്നേഹിച്ചത് ശരീരം കൊണ്ടല്ലല്ലോ ..ഇണപിരിയാത്ത മനസുകളോടെ തന്നെ നമുക്കീ ജന്മത്തിൽ പ്രണയത്തിനർദ്ധവിരാമമിടാം ..ഇനി വരുമോരുജന്മമുണ്ടെങ്കിലതിൽ വെറുമൊരു മനുഷ്യനായി ജനിച്ചിടാൻ പ്രാർത്ഥിക്കാം ..ജാതിമതവർണ വിവേചനങ്ങളില്ലാത്ത പാരിന്റെ ഏതെങ്കിലും ഒരു കോണിൽ ജനിച്ചു നമ്മുടെ പ്രണയത്തിനു പൂർണ്ണവിരാമമിടാം …
അതസാധ്യമായ മോഹമെങ്കിൽ കണ്ണാ ,
വരും ജന്മം നിന്റെ ഹൃദയമായെനിക്ക് ജനിക്കണം ..എന്റെ ഓരോ തുടിപ്പും നിന്നെ അറിയിച്ചു കൊണ്ടിരിക്കണം ..എന്നിലൂടെ പടർന്നൊഴുകുന്ന രക്തത്തിലൂടെ എന്റെ പ്രണയത്തെ നിന്റെ ഓരോ അണുവിലും അറിയിച്ചുകൊണ്ടിരിക്കണം ..അങ്ങിനെ നിന്നിൽ നിറഞ്ഞു നിന്നിലെ നീയായൊടുങ്ങണം…
മിഴികളിൽ വീണ്ടും കരടു വീണിരിക്കുന്നു കണ്ണാ …നിർത്തട്ടെ …
എന്നെന്നും കണ്ണന്റെ അമ്മു