ജോണ്‍സണ്‍ ചെറിയാന്‍.
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. പകര്‍ച്ചപ്പനി ബാധിച്ച് ഒമ്പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു. പട്ടാമ്ബി ഓങ്ങല്ലൂരിലാണ് സംഭവം. പാറപ്പുറം സ്വദേശി താഹിര്‍ മൗലവിയുടെ മകനാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഓങ്ങല്ലൂരില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
പകര്‍ച്ചപ്പനി പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനിടെയാണ് മരണം തുടരുന്നത്. പനി മരണത്തിന് ശമനമില്ലാത്തത് ജനങ്ങളിലും ആശങ്ക പരത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 218 പേരാണ് ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത്. ജൂണില്‍ മാത്രം 32 പേര്‍ മരിച്ചതായാണ് വിവരം.
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് ഏറ്റവുമധികം പേര്‍ മരിച്ചത്. 55 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. 13 പേര്‍ ഡെങ്കിപ്പനി ബാധിച്ചും 9 പേര്‍ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 25000ലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്.
പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സര്‍വ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. 27,28, 29 തീയതികളില്‍ സംസ്ഥാനത്താകെ സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.