വിനോദ് വി ദേവ്. (Street Light fb group)
അക്ഷരങ്ങള്‍ക്ക്,പദങ്ങള്‍ക്ക്, വരികള്‍ക്ക് ജീവന്‍ പകര്‍ന്ന് കൊടുക്കുവാന്‍ പ്രതിഭാസമ്പന്നരായ കവികള്‍ക്ക് കഴിയും. സന്ദര്‍ഭത്തിനനുസരിച്ച് ഉചിതമായ പദങ്ങളെ കൂട്ടിച്ചേര്‍ക്കുവാനുള്ള കഴിവ് കൂടിയാണ് പ്രതിഭ. ആഴി എന്ന പദം വരേണ്ടിടത്ത് കടല്‍ എന്ന പദം എഴുതിച്ചേര്‍ത്താല്‍ കവിതയുടെ ജീവന്‍ നഷ്ടമാകുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ടാണ്..
”വാരിധിതന്നില്‍ തിരമാലകളെന്നപോലെ,
ഭാരതി പദാവലി തോന്നേണം കാലേ കാലേ”.
എന്ന് എഴുത്തച്ഛന്‍ പ്രാര്‍ത്ഥിച്ചത്.
ഒരു കല്ലുപണിക്കാരന്‍റെ കൗശലം നോക്കൂ…ഒരു മതില്‍ കെട്ടുമ്പോള്‍ അയാള്‍ കല്ലുകള്‍ ശരിയായ വിധത്തില്‍ അടുക്കുന്നു. ചെത്തിമിനുക്കേണ്ടവ ചത്തിമിനുക്കുന്നു. ഓരോ കല്ലും യോജിച്ച രീതിയില്‍ അടുക്കിയാണ് അയാള്‍ കുറ്റമറ്റ രീതിയില്‍ മതില്‍ പണിതുയര്‍ത്തുന്നത്. അത് പോലെ തന്നെയാണ് കവിതയും. ശബ്ദാര്‍ത്ഥൗ സഹിതൗ കാവ്യം”എന്ന് ആചാര്യഭാമഹന്‍ പറഞ്ഞത് പോലെ ശബ്ദവും അര്‍ത്ഥവും കൂടിച്ചേര്‍ന്നെങ്കില്‍ മാത്രമേ ഉത്കൃഷ്ടമായ കവിത പിറക്കുകയുള്ളൂ..ഒരു ഋഗ്വേദകവി പാടുന്നത് ഒരു ശില്പി കുറ്റമറ്റ രീതിയില്‍ ഒരു രഥം പണിതുയര്‍ത്തുന്നതുപോലെയാണ് താന്‍ ഒരു ശ്ലോകം നിര്‍മ്മിക്കുന്നത് എന്നാണ്. അത്രമാത്രം സൂക്ഷ്മത കവിതയ്ക്കാവശ്യമാണെന്ന് സ്പഷ്ടം.
”അജപാലബാലനില്‍ ഗ്രാമീണബാലത-
യ്ക്കനുരാഗകന്ദളമെന്നപോലെ..”
എന്ന് ചങ്ങമ്പുഴ പാടുമ്പോള്‍ വരികളില്‍ ജീവന്‍ തുടിക്കുന്നത് നമ്മള്‍ അറിയുന്നു. അത് പോലെ തിരുനല്ലൂരിന്‍റെ വരികള്‍ നോക്കൂ..
ആ ഗ്രാമലാവണ്യപ്പൂവണിപ്പച്ചില-
പ്പോര്‍മുലക്കച്ചയിലെങ്ങാന്‍
വൃശ്ചികക്കാറ്റൊന്ന് കൈവയ്ക്കാന്‍ നോക്കിയാല്‍
പ്രക്ഷുബ്ധമായിടും കായല്‍..”
ഗ്രാമഭൂമിയും, വൃശ്ചികക്കാറ്റും, കായലും ഇവിടെ സചേതനമാകുന്നു.
ശിവരാജന്‍ കോവിലഴികത്തിന്‍റെ കര്‍ണ്ണികാരപ്പൂക്കള്‍ എന്ന കവിത നോക്കൂ…
കരലാളനത്തിന്‍റെ കാണാത്ത കഥപാടി,
കരിയിലക്കിളിയൊന്നു പായുന്നു വെറുതേ,
കത്തുന്ന പകലിന്‍റെ, ഹൃത്തിന്‍റെ മൂശയില്‍
കുളിരൊന്നു തേടുന്നു മേടമാസം വൃഥാ.
………………………………..
………………………………..
കര്‍ണ്ണികാരപ്രഭ ചൂടിയെത്തുന്നിതാ,
കാലങ്ങളറിയാതെ കോലങ്ങള്‍ പോലെ….
ഇവിടെ കവി പ്രയോഗിച്ച ഒരു പദത്തിന് പോലും ജീവനില്ല. കവിതയുടെ പിറവി മുഹൂര്‍ത്തത്തില്‍ വാഗ്വര്‍ത്ഥങ്ങള്‍ക്കുമേല്‍ കവി ചെയ്യുന്ന അതികഠിനമായ ഒരു തപസ്സുണ്ട്,.അത് ശിവരാജന്‍ കോവിലഴികത്തിന് അന്യമാണ്. കല്ലുകള്‍ വേണ്ടവണ്ണം അടുക്കി മതില്‍ കെട്ടാനറിയാത്ത ശില്പിയാണ് ശിവരാജന്‍ കോവിലഴികം.
മഹാകവി പി.യുടെ വരികള്‍ നോക്കൂ..
ഉത്രാടസന്ധ്യ വയല്‍ക്കരയാരെയോ,
കാത്തിരിക്കുന്ന മണല്‍വഴിത്താരയില്‍,
ശ്രാവണത്തെന്നല്‍ തിരയിലലിഞ്ഞുപോയ്
വാടിയ ചമ്പകപ്പൂവിന്‍ പരിമളം..”
ശ്രാവണത്തെന്നല്‍ തിരയിലലിയുന്ന വാടിയ ചമ്പകപ്പൂവിന്‍റെ പരിമളം നമ്മള്‍ അറിയുന്നു. അതാണ് കവിത്വം. അചേതനമായ ശിലാഖണ്ഡത്തില്‍ നിന്ന് പോലും സപ്തസ്വരമുതിര്‍ക്കുന്ന ശില്പവൈദഗ്ധ്യം.