Friday, July 18, 2025
HomeAmericaപുഷ്പചക്രവും പകൽവീടും .

പുഷ്പചക്രവും പകൽവീടും .

ജോസ് വര്ഗീസ്.

ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം കെട്ടിയാണ്‌ ഫിലിപ്പ്, ജോലിസ്ഥലത്തേക്കുള്ള അവസാനത്തെ യാത്രയുടെ വിമാനം കയറിയത്.
“പപ്പയുടെ ഒരു വാശി”, തെല്ലു അലോസരത്തോടെ മകൻ സജി പിറുപിറുത്തു.
“പപ്പക്ക് അതൊക്കെ ഓർമ്മകളാണ് സജി, അതോണ്ടാ… ഈ കസേരയിൽ ഇരുന്നിട്ടാണ്, അപ്പൂപ്പൻ പണ്ട് കാടുകയറി വെടിയിറച്ചി കൊണ്ടുവന്ന കഥയൊക്കെ പറയാന്നാണ്  നിന്റെ പപ്പ പറഞ്ഞു കേട്ടിരിക്കണെ, അതവിടെ കിടന്നോട്ടെ.”, ഫിലിപ്പിനെ അറിഞ്ഞ റൂബി ഭർത്താവിനും മകനും ഇടയിൽ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി.
ഏറെ വർഷത്തെ ജോലിക്കും പ്രവാസത്തിനുശേഷം തന്റെ കടമകൾ നിറവേറ്റി കഴിഞ്ഞുള്ള വിശ്രമ  ജീവിതം. കുടുംബവും പുറകിൽ വിട്ടിട്ടു പോയ കൂട്ടുകാരും താൻ പരിചയിച്ച നാട്ടുവഴികളും തൊടിയും കൈതോലക്കൂട്ടങ്ങളുടെ കനത്ത പച്ചപ്പിനെ വകഞ്ഞുമാറ്റിയൊഴുകുന്ന കൈത്തോടും തെളിവെള്ളത്തിൽ ഊളിയിടുന്ന പരൽ മീനുകളുടെ വാലിന്റെ ദ്രുത ചലനവും അയാളുടെ ഉള്ളിലുലച്ചു . വലുതും ചെറുതുമായ സംഭവങ്ങളുടെ ഓർമ്മകൾ, ഗൃഹാതുരത്വത്തിന്റെ കൂട്ടിൽ അയാളെ പൂട്ടിയിട്ടിരുന്നു. കൂടു തുറന്നു പറന്നുപോകാൻ അയാളുടെ നെഞ്ചിലെ കുഞ്ഞിക്കിളി കുറുകിക്കൊണ്ടിരുന്നു.
മണലാരണ്യത്തിലെ കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന വെയിൽ മടക്കുകളിലേക്ക് കണ്ണയച്ചു, അയാളും നിശ്വാസം ഉതിർത്തിരുന്നു. ഇനി കുറച്ചു നാൾ മാത്രം, എന്റെ റൂബിയോടൊപ്പം സമാധാനമായൊരു വിശ്രമജീവിതം, ആ മരുപ്പച്ചയിൽ തളിർത്ത ചെടികളിൽ വീതികുറഞ്ഞു കൂർത്ത ഇലകൾ ചൂടിനെ വെല്ലുവിളിച്ചു, സ്വത്വം ആശ്ലേഷിച്ചു.
പൊടിമീശക്കാരൻ ഫിലിപ്പ് മനസമ്മതം പറയാൻ പള്ളിയിൽ എത്തി,  തന്റെ അടുത്തു വന്നുനിന്ന പതിനേഴുകാരിയെ ഏറുകണ്ണിട്ടു നോക്കി. കുരുത്തോല നിറമുള്ള റൂബിയുടെ പേടിയും പരിഭ്രമവും അയാളിൽ കുസൃതിയുണർത്തി. കണ്ണിൽ മുളച്ചു കവിളിലെ നുണക്കുഴിയിൽ വിരിഞ്ഞ ചിരി കാഴ്ചയിൽ നിന്നും അയാളുടെ ഹൃദയത്തിലേക്കു ചേക്കേറാൻ അധികം നാളെടുത്തില്ല.
അവളുടെ ശരീരത്തിന്റെ ചെറുചൂടിൽ അവർ ജീവിതം പങ്കുവെച്ചു. കുസൃതികളും ചെറു പരിഭവങ്ങളുമായി നിറഞ്ഞു നിന്ന പതിനേഴുകാരി പക്വതയുള്ള യുവതിയായി, ഭാര്യയായി, തന്റെ രണ്ടു മക്കളുടെ അമ്മയായതു ഇന്നലെയെന്ന പോലെ അയാൾ ഓർത്തു.
പ്രശ്നങ്ങളിൽ വിവേകത്തോടെയുള്ള ഇടപെടലും സ്നേഹവും കരുതലും പൊതിഞ്ഞ ശാസനകളും കലർത്തി ഫിലിപ്പിലെ വാശിക്കാരനെ റൂബി മെരുക്കിയെടുത്തു.
“ന്റെ… പീലിക്കുഞ്ഞിനെ നിയ്യ്‌ ശരിയാക്കീലോ.. നിക്ക് ഇത്തിരി പേടിണ്ടാർന്നൂ ട്ടോ…”, ഫിലിപ്പിന്റെ അമ്മ വെറ്റിലയിൽ നൂറു തേച്ചു, ഇലച്ചുരുളിൽ അടക്കത്തുണ്ടുകൾ അടക്കിത്തെറുത്തു വായിലിട്ടു ചവച്ചു തുപ്പി.
“ഇത്തിരി ചൊണയുണ്ടുന്നെള്ളൂ, അവന്റെ മനസ്സു പാവാ… “, ഉമ്മറത്തെ അരത്തിണ്ണയിലിരുന്ന് അമ്മ മുറ്റത്തേക്ക് നീട്ടി തുപ്പി, മിടുക്കിയായ റൂബിയെ നോക്കി.
റൂബി ചിരിച്ചുകൊണ്ട് തലയാട്ടി, അവളുടെ കണ്ണുകളിൽ അയാളോടുള്ള പ്രണയം തിരയിളക്കി. കാലത്തിന്റെ കുത്തൊഴുക്കിലും തിരയടങ്ങാതിരുന്ന കടലായാലിരുന്നല്ലോ അവരുടെ പ്രണയം.
മകൻ സജിക്ക്, വിദേശത്തു ജോലിയുള്ള ലീനയുടെ കല്യാണാലോചന വന്നപ്പോൾ
അയാൾ റൂബിയോട് കയർത്തു
“നീ എന്തറിഞ്ഞിട്ടാ, നല്ലതെന്നു പറയുന്നേ? കല്യാണം കഴിഞ്ഞാൽ അവനങ്ങു പോകും, നമ്മളിവിടെ ഒറ്റക്കാകും. അതു വേണോ?
“എവിടെ ഒറ്റയ്ക്ക്, ഞാനില്ലേ നിങ്ങൾക്ക് കൂട്ടായിട്ട്? അവനവിടെ പോയി ഒരു ജോലിയൊക്കെ ആയി രക്ഷപ്പെടട്ടെ. ഞാൻ പോരേ പീലികുഞ്ഞെ ധൈര്യത്തിന്? റൂബി അയാളെ നോക്കി കണ്ണിറുക്കി.
സജിയും ലീനയും യാത്രപറഞ്ഞിറങ്ങുപ്പോൾ അവളുടെ നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാൻ, മുഖം കൊടുക്കാത്ത അമ്മയെ റൂബിയിൽ  അയാൾ കണ്ടു. അവൾ എന്നും അങ്ങനെയായിരുന്നല്ലോ, ചെറിയ അവധിക്കു ശേഷമുള്ള ഓരോ തിരിച്ചുപ്പോക്കിലും വലിയ പെട്ടികളിൽ ഒതുക്കി വെക്കുന്ന പൊതികളെ നനച്ച, മുറിഞ്ഞു വീണ കണ്ണീർ താൻ കാണാതെ തുടച്ചു മാറ്റുന്ന റൂബി. ആ കാഴ്ച, തന്റെ മനസ്സിൽ കാലിൽ കൊരുത്ത ചങ്ങലകണ്ണികൾ പോലെ ഉരഞ്ഞു തൊലിയടർത്തി രക്തം ചുരത്തിയ പ്രവാസക്കാലം.
അതിനൊരു വിരാമമായിരുന്നു, തന്റെ പ്രിയപ്പെട്ട നാട്ടിലേക്കും റൂബിയോടൊത്തുള്ള വിശ്രമജീവിതത്തിലേക്കും കൊതിച്ചിരുന്ന അയാളുടെ  മടക്കം.
“നീ കെളവിയായിട്ടോ, ദേ… നിന്റെ സ്പ്രിംഗ് മുടി അപ്പടി നരച്ചു, അയാൾ അവളുടെ ചെന്നിയിലെ വെളുത്തു തുടങ്ങിയ മുടി ചുരുളുകളിൽ വിരൽ തൊട്ടു താളത്തിലാട്ടി.
“ഔ… പിന്നെ പീലികുഞ്ഞിന് ഒരു മുപ്പത് തികഞ്ഞില്ലല്ലോ “, അവർ ഇരുവരും ചേർന്നു കളിപ്പറഞ്ഞു ചിരിച്ചു. ഒഴിഞ്ഞ വലിയ പെട്ടികൾ മുകൾ നിലയിലെ മുറിയിൽ അട്ടിയിട്ടു.
“വാ… നമ്മുക്ക് ഉമ്മറത്ത് പോയിരിക്കാം, അയാൾ ഭാര്യയുടെ കൈപ്പിടിച്ചു.
മുരളിയുടെ വെളുക്കെയുള്ള ചിരി ഫിലിപ്പും റൂബിയും ദൂരെ നിന്നു തന്നെ കണ്ടു.
ഫിലിപ്പിന്റെ സതീർത്ഥരായ മുരളിയും തുളസിയും കയറിവന്നു. അവർ റിട്ടയേർഡ് അധ്യാപകദമ്പതികളാണ്.
“ഒടുക്കം കൂടണഞ്ഞൂ ല്ലേ?”. വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും സമയം കടന്നുപോയി. അവരപ്പോൾ പഴയ സ്കൂൾ കുട്ടികളായി.
ഓർമ്മകൾ, സഹ്യനിൽ പിറന്നു മറ്റു ചെറുപുഴകളെ കൂട്ടി കടലിലേക്ക് കുതിക്കുന്ന വലിയ നദികളായി അവർക്കിടയിൽ ഒഴുകി.
“തിരക്കില്ലല്ലോ… ഊണു കഴിച്ചു വെയിൽ ചാഞ്ഞിട്ട് പോകാം”,, റൂബി നല്ല ആതിഥേയയായി.
“എന്തു തിരക്ക്, വയസ്സായവർക്കു സമയം മിച്ചമല്ലേ? തെരക്ക് പിടിച്ചു ഞാൻ എത്ര ഓടിരിക്കുണു…”, തുളസി തലയിൽ കൈവെച്ചു.
എത്ര വേഗമാണ് ജീവിതം ഗതിമാറിയൊഴുകിയത്.
“എന്തിനാ മമ്മി ഈ സംശയം വെച്ചുകൊണ്ടിരിക്കണേ? നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.”, ജോലിയും കുടുംബവുമായി തിരക്കിന്റെ ചുഴിയിൽ വട്ടം കറങ്ങുന്ന മകൾ സിൻസിയുടെ സ്വരം അയാളുടെ ഉള്ളിൽ കൊള്ളിയാൻ മിന്നിച്ചു.
“എന്താ റൂബ്യെ… നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ”, അയാളുടെ സ്വരം ചിലമ്പിച്ചിരുന്നു.
“ഒന്നൂല്യ… നിങ്ങള് വെറുതെ പേടിക്കണ്ട ന്നു കരുതീട്ടാ, ഒന്നുല്യയെനിക്ക് “, അവർ ധൃതിയിൽ  മുറിവിട്ടുപോയി.
പക്ഷെ ശക്തന്റെ തേങ്ങൽ അവർ കേട്ടു.
“പേടിക്കാതെ പപ്പ… മമ്മിക്ക് കുഴപ്പമൊന്നും കാണില്ല, ഒന്ന് ചെക്ക് അപ്പ്‌ ചെയ്യുന്നു എന്നേ ഉള്ളൂ.”
റൂബിയുടെ വിളർത്ത മുഖം അയാൾ ശ്രദ്ധിച്ചു, മറ്റൊരു യാത്രപ്പറയലിൽ, മുഖം തരാതെ അവളുടെ കണ്ണുകൾ മുറ്റത്തിന്റെ അരികു വരെയെത്തിയ നീലൻമാവിന്റെ ശിഖിരങ്ങളിലേക്ക് നീണ്ടു.
“നന്നായി പൂത്തൂ ഇക്കൊല്ലം”, അവൾ നിറഞ്ഞ പൂക്കുലകളിലേക്ക് കൈ ചൂണ്ടി. മുറ്റം മുതൽ ഗേറ്റ് വരെയുള്ള നടപ്പാതക്കിരുപ്പുറവും റൂബി നട്ടുവളർത്തിയ ചെടികളിൽ പലവർണത്തിലുള്ള പൂക്കൾ വിടർന്നു നിന്നിരുന്നു. റോസിന്റെ ചെറിയ മുള്ളിൽ ഉടക്കിയ സാരിത്തലപ്പു വലിച്ചെടുക്കുന്നതിനടയിൽ റൂബി പറഞ്ഞു, “ഞാൻ പെട്ടെന്നു വരാന്നെ… മരുന്ന് കഴിക്കാൻ മറക്കല്ലേ”, അവൾ പടിയിറങ്ങി.
മാരകരോഗത്തിന്റെ നീരാളികൈകൾ അവളുടെ ശരീരത്തെ കുതറി മാറാനാവാത്ത വിധത്തിൽ പിടിമുറുക്കിയിരുന്നു. മരണം തൊട്ടടുത്തു എത്തിയിട്ടും വിളർത്ത മുഖത്തെ കണ്ണുകളിൽ പടർന്നത് ഫിലിപ്പിനെ കുറിച്ചുള്ള ആധിമാത്രമായിരുന്നു.
“ഒറ്റയ്ക്കായില്ലേ… നിക്ക് വാക്കു പാലിക്കാൻ പറ്റീല്ല്യ… ആ പൊട്ടിക്കരച്ചിൽ പോലും ആ ശരീരം പോലെ വളരെ ദുർബലമായിരുന്നു. അനേകം സൂചിത്തുള്ളകൾ വീണ കൈകളിൽ, ചുളുങ്ങിയ തൊലിക്കിടയിൽ നിന്നും ഞരമ്പുകൾ എഴുന്നു നിന്നു. താൻ ഏറെ ഓമനിച്ച കൈകൾ, തന്റെ കൈത്തലത്തിൽ ഒതുങ്ങിയിരുന്നിട്ടും ചൂടു നഷ്ടപ്പെട്ടു മരവിക്കുന്നത് അയാളറിഞ്ഞു.
എരിയുന്ന ചന്ദനത്തിരികളിൽ നിന്നു മരണഗന്ധം വമിച്ചു. മരണത്തിന്റെ നിശ്ചലാവസ്ഥയിലും മെഴുകുതിരിനാളങ്ങൾ മെല്ലെ കാറ്റിലാടി.
വലിയ ഹാളിലെ മുൾമുടിയണിഞ്ഞ ക്രിസ്തുവിന്റെ ചിത്രം, ചോര കിനിയുന്ന മുഖം അയാളെ ഭയചകിതനാക്കി. റൂബിയുടെ നെറ്റിയിലേക്ക് ഇറങ്ങിയിരിക്കുന്ന റോസാപ്പൂക്കളുടെ ചെറിയ പുഷ്പചക്രം അയാൾ എടുത്തുമാറ്റാൻ ശ്രമിച്ചു.
“അതു വേണ്ട, അവൾക്കു നോവും…”, അയാൾ പിറുപിറുത്തു. ചുറ്റും കൂടിയവർ പരസ്പരം നോക്കി.
“പപ്പാ… “, മകൾ സ്വരം താഴ്ത്തി അയാളെ വിളിച്ചു. അവൾ അയാളെ താങ്ങിയിരുത്തി.
***
“മാഷൊന്നു പപ്പയോടു പറഞ്ഞു നോക്കൂ, ഞങ്ങളുടെ കൂടെ വരാൻ പറഞ്ഞിട്ട് പപ്പ സമ്മതിക്കുന്നില്ല , പേരെന്റ്സിനു എളുപ്പം വിസ കിട്ടും. ഈ വലിയ വീട്ടിൽ ഒരാൾ തനിയെ താമസിക്കുന്നത് റിസ്ക്കല്ലേ?,  മുരളിമാഷ് സജിയുടെ വാക്കുകളിലെ നിസ്സഹായത കേട്ടു. സിൻസിയും തുളസിടീച്ചറോടു ഫിലിപ്പിനെ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാൻ അപേക്ഷിച്ചു.
“നിങ്ങൾക്ക് ഇനിയും എന്നെ നാടുകടത്തണോ? എത്ര വർഷം ഞാൻ പുറത്തായിരുന്നു എന്ന് ഞാൻ നിങ്ങളോട് ഇനിയും ബോധിപ്പിക്കണോ?”
ഫിലിപ്പിന്റെ സ്വരത്തിൽ അമർഷം കത്തി. അയാൾ അവരുടെയിടയിൽ നിന്നും എഴുന്നേറ്റുപ്പോകാൻ തുനിഞ്ഞു.
“അവർ പറയുന്നതിലും കാര്യമുണ്ട്, ഫിലിപ്പേ”, കൂട്ടുകാരൻ അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“അവിടത്തെ മനുഷ്യരും കാലാവസ്ഥയും ഭക്ഷണവും ഒന്നും എനിക്ക് പിടിക്കില്ലെടോ. ഇപ്പോൾ എനിക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പറ്റും, പിന്നെ എന്തിന് ഞാനെന്റെ നാടു വിട്ടോടണം? “
കുട്ടികൾ കളിക്കോപ്പുകൾ തിരഞ്ഞു. വീടിന്റെ ഇരുൾ മൂലയിലേക്ക് വലിച്ചെറിഞ്ഞ പഴയ തകരപ്പാത്രങ്ങൾ കലമ്പി. ആരും ചെവികൊടുക്കാനില്ല എന്നറിഞ്ഞിട്ടും അവ ഒച്ച വെച്ചു.
***
ഒറ്റപ്പെടൽ ഒരു തിരയായ്‌ അയാളിലൂടെ ഇടയ്ക്കിടെ കടന്നുപോയി. ആ തരംഗം കുതിച്ചുക്കയറി കൊടുമുടികൾ സൃഷ്ടിക്കുപ്പോൾ അയാൾ ഉള്ളു വെന്തു കരഞ്ഞു, അവ താഴ്‌വാരത്തേക്കു  ഊർന്നിറങ്ങുപ്പോൾ അയാൾ സ്വയം വിധിയെന്നു ആശ്വസിക്കാൻ ശ്രമിച്ചു.
ഉറക്കം ഫിലിപ്പിന്റെ രാത്രികളിൽ ഒളിച്ചുകളിച്ചു. മയക്കത്തിലേക്ക് വീണും ഇടയ്ക്ക് ഞെട്ടിയുണർന്നും അയാൾ പുലരിവെട്ടത്തിനായി കാത്തുക്കിടന്നു.
***
മുറിയിൽ അരണ്ട വെളിച്ചം കത്തിനിന്നിരുന്നു. വെള്ളവസ്ത്രത്തിൽ റൂബി ഫിലിപ്പിന്റെ കട്ടിലിന്റെ ഓരത്തു വന്നിരുന്നു. അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. അയാൾ പിണക്കം നടിച്ചു.
“എന്തിനാ ഈ വാശി? അവളുടെ പൂച്ചക്കണ്ണുകൾ അയാൾ കണ്ടു. അതിലെ നരച്ച കൃഷ്ണമണികൾ മാത്രം അയാൾക്ക്‌ അന്യമായിരുന്നു. റൂബിയുടെ കണ്ണുകൾ ഇങ്ങനെ ആയിരുന്നില്ലല്ലോ?, അയാൾ ചിന്തയിൽ കുഴങ്ങി.
“എനിക്ക് ഈ നാടും വീടും വിട്ട്, ഒരിടവും പോകേണ്ട റൂബി…, അയാൾ തേങ്ങി.
“അതിനാരാണ് പോകാൻ പറഞ്ഞത്, ഇവിടെ ഒറ്റയ്ക്കാകാതിരിക്കാൻ വീണ്ടും കൂട്ടു തേടണം, ഇതുപോലെ കുറെപ്പേർ ഉണ്ടല്ലോ ചുറ്റും. പിന്നെ ഈ ‘വാശി’ യുടെ ഗുളിക മറക്കാതെ കഴിക്കണം.”, അവൾ പൊട്ടിച്ചിരിച്ചു.
പതിനേഴുകാരിയുടെ തുടുത്ത നിറവും മിനുസ്സമുള്ള കവിളുകളും കവിളിൽ വിരിയുന്ന നുണക്കുഴിയും അയാൾ കണ്ടു.
“എന്താ ഇങ്ങനെ നോക്കണേ, അവൾ അയാളിൽ ദൃഷ്ടിയുറപ്പിച്ചു.
“ഇത് വേണ്ട, അവളുടെ നെറ്റിയെ മറക്കുന്ന പുഷ്പക്കിരീടം തൊടാൻ അയാൾ കൈ പൊക്കി.
“അതവിടെ ഇരുന്നോട്ടെ “, വെള്ളനിറം അയാളുടെ അടുത്തു നിന്നും പിൻവാങ്ങി.
“റൂബി… “, അയാൾ ഉറക്കെ വിളിച്ചു, അയാളുടെ വലത്തുകൈ കട്ടിലിന്റെ മരത്തിൽ തട്ടി വേദനിച്ചു. അയാൾ ഉറക്കെ കരഞ്ഞു, ദേഹം വിയർപ്പിൽ കുതിർന്നു.
മുറിയിൽ വെളിച്ചം തെളിഞ്ഞു.
“പപ്പാ…,എന്താ ഒരു ശബ്‍ദം കേട്ടത്, പപ്പ കരഞ്ഞോ? മക്കൾ അയാളുടെയടുത്തു വന്നിരുന്നു. അവരുടെ മുഖത്തു ആധി പടർന്നെങ്കിലും അയാളുടെ മുഖം ശാന്തമായിരുന്നു.
“ഏയ്… ഒന്നൂല്യ… ഞാനൊരു സ്വപ്നം കണ്ടതാണ്. നിങ്ങൾ ഉറക്കം കളയേണ്ട,  പോയിക്കിടന്നോളൂ “, അയാൾ കിടക്കയിൽ നിവർന്നുക്കിടന്നു കണ്ണുകളടച്ചു ദീർഘമായി നിശ്വസിച്ചു.
***
“ഞാനൊരു കാര്യം ആലോചിക്യാ…”, കുടുംബവും കൂട്ടുകാരും അടങ്ങിയ ചെറിയ ആൾക്കൂട്ടം ഫിലിപ്പിന്റെ വാക്കുകൾക്കായി ചെവിക്കൂർപ്പിച്ചു.
“നമ്മുടെ വീട്, ഒരു പകൽ വീടാക്കിയാലോ എന്ന്? “
“പകൽ വീടോ?, മുരളിമാഷ് പുരികമുയർത്തി.
“അതെ, എന്നെപ്പോലെ ഒറ്റപ്പെട്ടുപോയവർ, ജോലിയിൽ നിന്നും റിട്ടയറായി സമയം മിച്ചമുള്ളവർ അവർക്കെല്ലാം പകൽ ഒന്നിച്ചിരിക്കാൻ ഒരിടം, എന്തു പറയുന്നു?”.
“അതു കൊള്ളാലോ, ഞങ്ങളും വീട്ടിൽ, വെറുതെ മുഖത്തോട് മുഖം നോക്കിയിരിപ്പാണ്, നല്ലതല്ലേ അത്? തുളസിടീച്ചറാണ് ആദ്യം പ്രതികരിച്ചത്.
“പപ്പാ… വയസ്സായവർ ഒക്കെ വലിയ ഉത്തരവാദിത്വമല്ലേ? അതൊക്കെ ഈ പ്രായത്തിൽ ഏറ്റെടുക്കണോ?, സജി ആശങ്കയുടെ കലക്കവെള്ളത്തിൽ ഊളിയിട്ടു.
“ഒരു കാര്യം മനസ്സിലുറപ്പിച്ചാൽ ഫിലിപ്പ് അതു ചെയ്യും, ഈ ഫിലിപ്പിനെ നിന്നെക്കാൾ എനിക്കറിയും “, മുരളിമാഷ് സജിയുടെ കൈപ്പിടിച്ചമർത്തി.
***
രണ്ടു വാനുകൾ മെല്ലെ നിരത്തിലൂടെ നീങ്ങി. അതിൽ തിരക്കില്ലാത്ത കുറച്ചുപേർ വന്നിറങ്ങി.
“ദാ… താത്ത… ന്റെ കൈപ്പിടിച്ചോ, കമലമ്മ നടക്കാൻ ബുദ്ധിമുട്ടുന്ന സലീമതാത്തക്കു നേരെ കൈ നീട്ടി.
തിരക്കൊഴിഞ്ഞ പത്തിരുപ്പേർ ഒന്നിച്ചിരുന്നു, അവർ നീന്തിക്കയറിയ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. അവർക്ക് പറയാനും അവരെ കേൾക്കാനും ചുറ്റും ചെറിയ ആൾക്കൂട്ടമുണ്ടായി.
കാലം തെറ്റിവരുന്ന മഴയും അമ്പലക്കമ്മിറ്റിയിലെ ചേരിപ്പോരും വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിക്കുന്ന മയക്കുമരുന്നുപയോഗവും അവർ ചർച്ചച്ചെയ്തു.
ലഡാക്കിലെ പട്ടാളക്യാമ്പുകളും ഒരിറ്റു വെള്ളത്തിനു വേണ്ടി പിടഞ്ഞ പോരാളിയുടെ രോദനം, ശങ്കരൻനായരുടെ പട്ടാള കഥകളിലൂടെ അവരുടെ ഉള്ളം തുളച്ചു വെടിയുണ്ടയായി കടന്നുപോയി.
തൊടിയിൽ പൂത്തുവിളഞ്ഞ പയറും പാവലും വെണ്ടയും മുളകും ചൂരൽക്കൊട്ടകളിൽ നിറഞ്ഞു. ഐശുവമ്മയുടെ പത്തിരിയും ശാരദേടത്തിയുടെ മുളകൂഷ്യവും തീന്മേശയിൽ നിരന്ന രൂചിക്കൂട്ടുകളായി.
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ ആടിപ്പാടുന്ന നായികമാർ അവരുടെ കൗമാരവും യൗവനവും മേഞ്ഞ പൂന്തോപ്പുകളിലേക്ക് അവരെ തിരിച്ചുനടത്തി.
സീരിയൽ അമ്മായിമ്മമാരുടെ സ്വഭാവം നന്നാവാത്തതിനെ കുറിച്ച് അവർ ഒന്നുച്ചേർന്നു പരിതപിച്ചു. ആ ചെറിയ സ്ക്രീനിലെ കഥാപാത്രങ്ങളോടൊപ്പം കരഞ്ഞും ചിരിച്ചുമവർ സായാഹ്നം ചിലവിട്ടു.
വീട്ടിൽ മറ്റാർക്കും അറിയാത്ത പേരക്കുട്ടിയുടെ പ്രണയം തുളസിടീച്ചറുടെ ചെവിയിൽ മന്ത്രിച്ചു മറിയാമ്മ ചേടത്തി അടക്കിച്ചിരിച്ചു.
“ആരോടും പറയണ്ടാട്ടോ.”
“ഉം, ഉം …, തുളസിടീച്ചർ കണ്ണിറുക്കി.
***
“നമുക്കൊരു ചെറിയ ട്രിപ്പ്‌ പോയാലോ?”, ഫിലിപ്പ് എല്ലാവരോടുമായി ചോദിച്ചു.
“ആ… പോകാം”, അവർ
ആവേശത്തോടെ യാത്രക്കൊരുങ്ങി.
“സത്യം… ശിവം… സുന്ദരം..”, പഴയ സിനിമാഗാനങ്ങൾ വാനിൽ മുഴങ്ങി.
“നമ്മടെ കൂട്ടത്തിലെ മുഹമ്മദ്‌ റഫി, ഇപ്പോഴും മോശല്ലാട്ടോ…”, ഫിലിപ്പ് മുരളിമാഷുടെ ചുമലിൽ തട്ടി.
പാറക്കെട്ടുകളിൽ തട്ടിച്ചിതറിക്കുതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ അയാൾ കേട്ടു. വെള്ളനുരയിൽ നിന്നും കുതറിത്തെറിക്കുന്ന നേർത്ത ജലകണങ്ങൾ ചാറ്റൽ മഴയായ്‌ അവരെ നനച്ചു.
***
ഫിലിപ്പ് റൂബിയോടൊപ്പം കുതിച്ചിറങ്ങുന്ന വെള്ളം നോക്കിനിന്നു. സുത്യാര്യമായ  ജലം റൂബിയുടെ വസ്ത്രത്തിനു തൂവെള്ളനിറം പകർന്നു. അവളുടെ നെറ്റിയെ മറച്ച പുഷ്പക്കിരീടത്തിലെ വെളുത്ത പനിനീർപ്പൂക്കൾക്കു കൂടുതൽ വെണ്മയുള്ളതായി ഫിലിപ്പിന് തോന്നി.
പ്രഭാതം, ചെറുകിളികളുടെ ചിലപ്പിൽ, അയാളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി.
“സാബ്..സപ്നെ ദേക്കാ, ഹെ നാ? റൂബി മേം?
സഹായിയായ രാജസ്ഥാനി പയ്യൻ അയാളുടെ മുഖപ്രസാദം അളന്നെടുത്തു.
“ഉം… അയാൾ തലയാട്ടി, കണ്ണുകളിൽ പ്രണയം, പ്രഭാതത്തിലെ ഇളം വെയിൽ തട്ടിത്തിളങ്ങി.
——————————————-
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും പറയാനും കേൾക്കാനും  വളരെയേറെയുണ്ട്. ജീവിതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ  തിരക്കിനിടയിൽ  മുങ്ങി ആ സ്വരം അലിഞ്ഞുനേർത്തു പോകുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments