രശ്മി ബിജു. (Street Light fb group)
എന്റെ വേരിന്റെ
ജഡകളിൽ നിന്ന്
നീയെന്നേക്കുമായി
ഒഴുകിയകലുക.
ഒരിക്കൽ നീ
ഊർന്നിറങ്ങിയ
വേരുകളിലൊക്കെയും
അതിജീവനത്തിന്റെ
ശേഷിപ്പുകൾ
സ്പന്ദിക്കുന്നുണ്ട്.
എന്റെ ചില്ലകളിലെ
ഞരമ്പുകളിൽ
നീ ഇറക്കി വെച്ച ഭാരം
പാരിജാതമായി വിടരുന്നുണ്ട്.
നിന്റെ ഓർമ്മകൾ പേറി
ഓരോയിലയും
തളിർക്കുന്നുണ്ട്.
പോവുക നീ
അകലങ്ങളിലേക്ക്
നിനക്കായ് കാത്തുവെച്ച
മരുഭൂമിയിലേക്ക്
അവിടങ്ങളിൽ
വസന്തങ്ങൾ വിരിയുന്നത്
കാണാൻ
തലയുയർത്തി
ഞാനിവിടെ നിൽപ്പുണ്ടാവും.
എന്നിലേക്ക് നീ പകർന്ന
പ്രണയത്തിന്റെ
ഇത്തിരി നാളം
കടപുഴകും വരെ
പൂക്കളാക്കാം.
ഇനിയൊരിക്കലും
തിരികെ വരാതിരിക്കാൻ
ഞാനൊരു വസന്തമാവാം.
വേദനയുടെ മുള്ളുകളെ
പൂ കൊണ്ട് മൂടി
പറവകൾക്ക് വിരുന്നൊരുക്കാം.