Sunday, December 1, 2024
HomePoems“പ്രണയം”.... (കവിത)

“പ്രണയം”…. (കവിത)

“പ്രണയം”.... (കവിത)

ഉണ്ണി.(Street Light fb group)

പറഞ്ഞുതുടങ്ങിയാല്‍ ഇണക്കങ്ങളെക്കാള്‍
പിണക്കങ്ങളുടെ കണക്കുകളാകുംകൂടുതല്‍
പ്രണയമെന്നാല്‍ പരിഭവങ്ങളാലും, പിണക്ക
ങ്ങളാലും മുഖരിതമാകണമെന്നുണ്ടോ…?

ആരുംഎഴുതിയിടാത്ത നിയമങ്ങളുടെ
അല്പംപോലും പിഴവില്ലാത്തപാലനം
ഓരോകമിതാവിനും ഹൃദിസ്ഥമത്രേ…!

അന്യോന്യം വിശ്വാസമാണെന്നു ആണയിടു-
മ്പോഴും അവിശ്വാസത്തിന്‍റെ സമാന്തരങ്ങളില്‍
സഞ്ചരിച്ച് പരസ്പരം വഞ്ചിക്കുന്നതിലെ
ആത്മസുഖങ്ങളുടെ ആചരണം മുറതെറ്റാതെ
തുടരേണ്ടതുണ്ട്…!!!

ചിരിക്കണോ,കരയണോ എന്ന് മുന്‍കൂട്ടി
പറഞ്ഞുറപ്പിച്ച വികാരങ്ങളുടെ ഉടമ്പടി-
യുമായി തണല്‍മരച്ചോടുകളില്‍, പാര്‍ക്കില്‍,
കോഫീഷോപ്പിലെ മേശക്കിരുപുറവും
അങ്ങിനെ തോന്നുന്നിടത്തും,ആനയിക്ക-
പ്പെട്ടിടത്തും പ്രണയം മുറതെറ്റാതെ
സന്ദര്‍ശകനാകാറുണ്ട്….!

ദ്വന്ദ്വമില്ലാത്ത ചിന്തകള്‍ എന്ന്
വെറുതെ ഇനിയും നുണപറയരുത്,

രണ്ടു ധ്രുവങ്ങളില്‍നിന്നു ഇടയിലെ
അകലങ്ങളെ മറ്റാരുംകാണാതെ
മറച്ചുപിടിക്കുന്ന ആത്മവഞ്ചന
അനാദികാലമായി തുടരുന്നസാധകം…!

പൂര്‍വ്വികന്‍ നേര്‍ന്നിട്ടുപോയ
കൈതവങ്ങള്‍ക്ക് ചാപല്യങ്ങളുടെ,
വികാരവിക്ഷോഭങ്ങളുടെ നിറംപിടിപ്പിച്ച
ഭാവ,ഹാവാദികളുടെ അകൈതവമായ
പിന്തുണയുണ്ട്…!

കരയാനും,ചിരിക്കാനും കാരണങ്ങള്‍
തേടി അലയേണ്ട,
സങ്കല്പങ്ങള്‍, പകരുന്നപാത്രത്തിന്‍റെ
ആകൃതിയെവേള്‍ക്കാന്‍ വിസ്സമ്മതംപറയാറില്ല….!

ഇണക്കങ്ങളുടെ തുടര്‍ച്ചകളെന്നേ
തോന്നാവൂ, ഇടര്‍ച്ചകള്‍നോക്കിയാണ്
കാലം വര്‍ത്തമാനങ്ങളില്‍നിന്ന്‍
നാളെയിലേക്ക് വൃത്താന്തങ്ങളെ
വിരചിക്കുന്നത്….!

പാരസ്പര്യത്തിന്‍റെ കാണാച്ചരടറുക്കുക…!
വഴിപിരിയുന്നിടത്തുവച്ച് കണ്ണില്‍നോക്കി
കളങ്കരഹിതമായി ചിരിക്കാം…,
എന്തെന്നാല്‍ ഇപ്പോള്‍ നമ്മില്‍ പ്രണയമില്ല!!!

RELATED ARTICLES

Most Popular

Recent Comments