ശ്രീജ.എസ്. നമ്പൂതിരി.
വെയിലു മങ്ങി ചുവക്കുന്ന സന്ധ്യയിൽ,
അതിരുകാണാക്കടൽ കണ്ടു നിൽക്കവേ,
കാൽകൊണ്ട് ഞാനാ മണലിൽ കുറിച്ചവ..
തിര വന്നു തീരത്തൊളിപ്പിച്ചു മായുന്നു..
ചുടുനിണം പോലവ തീരത്തു നിറയവേ,
മാനത്തേയ്ക്കൂറ്റി വലിച്ചെടുക്കുന്നവ..
കടലിലർക്കൻ തിടുക്കത്തിൽ മുക്കുന്നു!!
നറുനിലാപ്പുഞ്ചിരി തൂവുന്നോ തിങ്കളും?
മുളന്തണ്ടിലൂടെയാ കാറ്റിനോടോതവേ,
ഒരു തുണ്ടു ചോദ്യമാ കാറ്റിൽ പറന്നുപോയ്!!
കൊള്ളിമീൻ വേരുകളായി പടർന്നവ,
ഒരു മേഘക്കെട്ടിലൊളിപ്പിച്ചു മായുന്നു…
ഒരു ചോദ്യമാ മേഘപാളിയിൽ തൂക്കവേ,
തുള്ളികളായവ പൊഴിഞ്ഞൂ പുഴകളിൽ…
വിരൽ തൊട്ടു ഞാനതിന്നുത്തരം തേടവേ, ഒഴുകിപ്പരന്നവ കടൽതേടി പാഞ്ഞുപോയ്!!
കിനാവള്ളിയിൽ ഞാന്ന് വെളുക്കെ ചിരിക്കുന്നു..
ഓർമ്മ ഞരമ്പുകൾ കൊളുത്തി വലിക്കുന്നു…
മൗന നൊമ്പര ക്കള്ളിമുൾ നോവുപോൽ
ഇടനെഞ്ചിൽ കൂടുകൂട്ടി ചുവക്കുന്നു..
മനമാകെ ചിതറിതെറിച്ചു തരിയ്ക്കുന്നു..
ഉത്തരം കിട്ടാത്ത ചോദ്യക്കൊളുത്തുകൾ!!