അജ്മല്‍ സി കെ. (Street Light fb group)
‘വെച്ച കോഴീടെ മണം’
മൂക്കിലേക്ക് അരിച്ച് കയറുന്ന പൊരിച്ച കോഴിമണം ആസ്വദിച്ചാണ് രാവിലെ ഉറക്കില്‍ നിന്നെഴുന്നേറ്റത്. ചൂട് ചായ ടേബിളില്‍ ഇരിക്കുന്നത് ആസ്വദിച്ച് കുടിച്ച് അടുക്കളയിലേക്ക് നടന്നു. ഇന്നത്തെ ദിവസത്തിന് എന്തോ പ്രത്യേകതയുണ്ട് അല്ലാതെ ചുമ്മാതെയൊന്നും കോഴി മണം വരില്ല.
‘ അമ്മേ ഇന്നെന്താ വിശേഷം. പതിവില്ലാതെ കോഴിമണമൊക്കെ വരുന്നു.’
‘ ഓ.. അപ്പോള്‍ നീ മറന്നുവല്ലെ… ഇന്ന് നിന്റെ പിറന്നാളാണ് അപ്പൂ..’
അപ്പോള്‍ പിറന്നാള്‍ കോഴിയാണ് പാവം എണ്ണച്ചട്ടിയില്‍ കിടന്ന് പൊരിയുന്നത്. കുറച്ചായ് വീട്ടീന്ന് കോഴിക്കറി കഴിച്ചിട്ട്. കെ.എഫ്.സിയും തന്തൂരിയും ഷവര്‍മ്മയും ഒക്കെ കഴിച്ച് മടുത്തു. അല്ലെങ്കിലും വീട്ടില്‍ അമ്മ ഉണ്ടാക്കിത്തരുന്ന കോഴിക്കറിയുടെ ഏഴഴലത്ത് വരില്ല മറ്റൊരു ചിക്കനും.
‘ അപ്പൂ, നിനക്കോര്‍മ്മയുണ്ടോടാ നിന്റെ പഴയ കോഴിമാമനെ? പുള്ളി മരിച്ചിട്ട് ഇന്നേക്ക് 3 വര്‍ഷമായി. ആരോരും നോക്കാനില്ലാതെ വഴിയില്‍ കിടന്നാണ് പാവം..’
എങ്ങനെ മറക്കും മാമനെ. എപ്പോള്‍ കോഴിയിറച്ചി കഴിക്കാനിരുന്നാലും പുള്ളിയുടെ വഷളന്‍ ചിരിയാണ് മനസ്സില്‍ അറിയാതെ തെളിയുക.
ഇതുപോലെ വലിയൊരു വീടും പറമ്പും പണവും ഒക്കെ വരുന്നതിന് മുമ്പൊരു കാലമുണ്ടായിരുന്നു അപ്പുവിനും കുടുംബത്തിനും. അറ്റാക്ക് വന്ന് മരിച്ച് പോയ അച്ചന്റെ വിടവ് നികത്താന്‍ കുടുംബത്തിലേക്ക് രണ്ട് അഥിതികള്‍ കടന്നു വന്നു, പട്ടിണിയും പരിവട്ടവും. കഞ്ഞിയില്‍ നിന്ന് ആര്‍ത്തിയോടെ വെന്ത അരിമണികൾ പെറുക്കിയെടുത്ത് കഴിച്ച കാലം. അന്ന് അപ്പു 4ല്‍ പഠിക്കുന്ന വെറുമൊരു ബാലന്‍.
അങ്ങനെയൊരു ദിവസം പതിവ് പോലെ സ്‌കൂള്‍ വിട്ട് വന്ന അപ്പുവിന്റെ മുഖം ആകെ ചുവന്ന് തുടുത്തിരുന്നു.
‘ അപ്പുവേ… എന്താ എന്റെ കുട്ടിക്ക് പറ്റിയേ… ടീച്ചറ് വഴക്ക് പറഞ്ഞോ? അതോ ആരോടെങ്കിലും അടിയുണ്ടാക്കിയോ?’
‘ അമ്മേ… നാളെ എന്റെ പിറന്നാള്‍ അല്ലെ… ഞാന്‍ സ്‌കൂളില്‍ പോണില്ല… പോയാല്‍ എല്ലാര്‍ക്കും മിഠായി ഒക്കെ കൊടുക്കേണ്ടി വരും’
ഓ അപ്പോള്‍ അതാണ് കാര്യം. അപ്പൂന്റെ ക്ലാസിലെ ഏതോ പയ്യന്റെ പിറന്നാളായിരുന്നു അന്ന്. അവന്‍ പിറന്നാള്‍ പ്രമാണിച്ച് ക്ലാസിലെ കുട്ടികള്‍ക്കൊക്കെ മിഠായി വിതരണം നടത്തുന്നതിനിടയില്‍ ആരോ പറഞ്ഞത്രെ
‘നാളെയാണ് അപ്പൂന്റെ പിറന്നാള്‍ നാളെയും നമുക്കൊക്കെ മിഠായി കിട്ടും’
അരി വാങ്ങാന്‍ നാലണ കൈയ്യിലില്ലാത്ത അപ്പൂന്റെ അമ്മ എവിടുന്ന് വാങ്ങിക്കാനാണ് മിഠായി. ഇതൊക്കെ കഴിഞ്ഞ് പിന്നെ പിറന്നാള്‍കാരന്റെ വക പിറന്നാള്‍ പ്രമാണിച്ച് വീട്ടിലുണ്ടാക്കിയ വിഭവങ്ങളുടെ നാവില്‍ വെള്ളമൂറുന്ന വിവരണവും… എല്ലാരും അസൂയയോടെ അവനെ നോക്കിനിന്നപ്പോള്‍ അപ്പൂന്റെ മനസ്സില്‍ സങ്കടം അണപൊട്ടുകയായിരുന്നു.
‘ നാളെ തന്റെ പിറന്നാളാണ്. എല്ലാ ദിവസവും പോലെ നാളെയും ഞാന്‍ കഞ്ഞിയില്‍ നിന്ന് വെന്ത അരിമണി പെറുക്കി തിന്നണം ‘ അവന്‍ മനസ്സിലോര്‍ത്തു.
‘ അപ്പുവേ, മോന്‍ വിഷമിക്കണ്ടാട്ടോ, നാളെ സ്‌കൂളില്‍ പോകേണ്ട. നാളെ ഉച്ചക്ക് അപ്പൂന് കോഴിക്കറി ഉണ്ടാക്കി തരാം അമ്മ.’
കേട്ടത് സ്വപ്‌നമാണോന്നറിയാന്‍ അപ്പു രണ്ട് മൂന്ന് തവണ സ്വയം നുള്ളി നോക്കി. സ്വപ്‌നമല്ല, അമ്മ ശരിക്കും പറഞ്ഞതാണ്. സന്തോഷം കൊണ്ട് അപ്പു ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു. ഓട്ടം ചെന്നെത്തിയത് ഓന്റെ അന്നത്തെ ചങ്ക് കൂട്ടുകാര്‍ടെ അടുത്ത്.
‘ കണ്ണാ, ദേവൂ.. നാളെ എന്റെ പിറന്നാളാ… വീട്ടില്‍ കോഴിക്കറി ഉണ്ടാക്കി തരുംന്ന് അമ്മ പറഞ്ഞു’
‘ ഒന്നു പോ അപ്പു പുളുവടിക്കാതെ കോഴിക്കറി അതും നിന്റെ വീട്ടില്‍.. പുളുവടിക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്ന വല്ലതും പറ’
പാവം അപ്പു കണ്ണന്റെ ആ ഒരൊറ്റ ഡയലോഗില്‍ ആകാശം പോലെ വിടര്‍ന്ന മുഖം കാര്‍മേഘം പോലെ കറുത്ത് ഇരുണ്ടു. തിരിഞ്ഞ് വീട്ടിലേക്ക് വീണ്ടും ഓടി അപ്പു. അമ്മ രാത്രിയിലേക്കുള്ള കഞ്ഞി അടുപ്പത്ത് വെച്ച് ചൂടാക്കുന്നുണ്ട്.
‘ അമ്മേ, അമ്മ ശരിക്കും പറഞ്ഞതാണോ കോഴിക്കറി വെക്കാമെന്ന്? കണ്ണനും ദേവൂമൊക്കെ പറഞ്ഞു അമ്മ അപ്പൂനെ പറ്റിക്കാന്‍ പറഞ്ഞതാ അതൊക്കെന്ന്. അവരപ്പൂനെ പുളുവടിയനെന്ന് വിളിച്ചു’
ഇതും പറഞ്ഞ് അപ്പു കരയാന്‍ തുടങ്ങിയപ്പോള്‍ കരിപുരണ്ട മൂണ്ടെടുത്ത് മുഖം തുടച്ച് കീറിപ്പറിഞ്ഞ ബൗസിന് മുഖളിലേക്ക് മുണ്ടിട്ട് അമ്മ അപ്പൂനെ ചേര്‍ത്തു പിടിച്ച് പറഞ്ഞു
‘ അമ്മേടെ അപ്പു നാളെ ഉച്ചക്ക് കോഴിക്കറി കൂട്ടിയെ ചോറുതിന്നോളു.. ഇത് പരദേവതയാണെ സത്യം’
അപ്പൂന്റെ മുഖം വീണ്ടും 1000 വാള്‍ട്ട് പ്രകാശിതമായി. അന്ന് രാത്രി എങ്ങനെയെങ്കിലും പുലര്‍ന്നാല്‍ മതിയെന്നും പറഞ്ഞ് കോഴിക്കറി സ്വപ്‌നം കണ്ട് അപ്പു ഉറങ്ങി. വൈകിയുറങ്ങിയത് കൊണ്ട് വളരെ വൈകിയാണ് അപ്പു രാവിലെ എഴുന്നേറ്റത്. വീട്ടിലെവിടെയും അമ്മയെ കാണുന്നില്ല.
‘ കണ്ണനും ദേവൂം പറഞ്ഞ പോലെ അമ്മ അപ്പൂനെ പറ്റിച്ചു. അമ്മ പണിക്ക് പോയതാവും ഇനി വൈകുന്നേരമേ തിരിച്ച് വരൂ..’
അപ്പു പിന്നെയും ഉമ്മറത്തിരുന്ന് വിതുമ്പാന്‍ തുടങ്ങി. അതിനിടയിലാണ് അപ്പു അത് കണ്ടത് അമ്മ ദൂരെ നിന്ന് വരുന്നു. അപ്പു കരച്ചില്‍ നിര്‍ത്തി സൂക്ഷിച്ച് നോക്കി. ശരിയാ അമ്മയുടെ കൈയ്യില്‍ ഒരു പൊതിയുണ്ട്.
‘ ഈശ്വരാ.. ആ പൊതിയില്‍ കോഴിയിറച്ചി ആവണേ’
അപ്പു മനസ്സ് തുറന്ന് പ്രാര്‍ഥിച്ചു. അപ്പൂന്റെ പ്രാര്‍ഥന ഫലിച്ചു. അമ്മേടെ കൈയ്യില്‍ കോഴിയിറച്ചി തന്നെയായിരുന്നു. അപ്പു സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇറച്ചി കഴുകി വൃത്തിയായി മുറിച്ചെടുക്കുമ്പോഴാണ് അപ്പു അമ്മേനോട് ചോദിച്ചത്.
‘അമ്മേ, അമ്മക്ക് എവിടുന്നാ കോഴി വാങ്ങാന്‍ കാശ് കിട്ടിയെ?’
അതിന് ഉത്തരം അമ്മ പറയാതെ തന്നെ അവന് ലഭിച്ചു.. വീടിന് ചുറ്റും ഓടി നടക്കുമ്പോഴാണ് അവനത് കണ്ടത് തകര്‍ന്ന തൂത്തിയുടെ അവശിഷ്ടങ്ങള്‍. അമ്മയുടെ 6 മാസത്തെ സമ്പാദ്യം….
‘അമ്മ തൂത്തി പൊളിച്ചല്ലേ… അപ്പൂന് കോഴി വാങ്ങാനാണോ അമ്മ തൂത്തി പൊളിച്ചത്’
അമ്മ ഒന്നും പറഞ്ഞില്ല കോഴിക്കറി വെന്തുകിട്ടാന്‍ അടുപ്പിലേക്ക് ആഞ്ഞൂതികൊണ്ടിരുന്നു. അഗ്നിജ്വാലകള്‍ പ്രതിഫലിക്കുന്ന ആ കരിപുരണ്ട മുഖം അതാണ് ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീരൂപമെന്ന് അപ്പൂന് തോന്നി.
‘ അമ്മേ, കറിയായില്ലേ.. വേഗം വിളമ്പൂ അപ്പൂന് വിശക്കുന്നു.’
‘ അപ്പൂ., ധൃതി കൂട്ടാതെ കറി അടുപ്പില്‍ നിന്നിറക്കി വെച്ചതേയുള്ളു… ഒന്ന് ചൂടാറട്ടെ.. അല്ലെങ്കില്‍ അപ്പൂന്റെ നാവ് പൊള്ളില്ലേ..’
നാവ് പൊള്ളിയാലും സാരമില്ല… വയറ് നിറയെ ചോറും കോഴിയിറച്ചിയും കഴിച്ച് കണ്ണന്റെം ദേവൂന്റേം അടുത്ത് ചെന്ന് കൈ മണപ്പിക്കണം. അവര് ഞെട്ടിപോകും കോഴിക്കറി മണത്തിട്ട്… അപ്പു മനസ്സില്‍ കണക്ക് കൂട്ടി.
മനോരാജ്യത്തില്‍ മുഴുകികൊണ്ടിരിക്കുമ്പോഴാണ് വീടിന് വെളിയില്‍ ഒരു മുരടനക്കം. ചെന്നു നോക്കുമ്പോള്‍ വകയിലൊരു മാമനാണ്.
‘ അപ്പുവേ.. നീയങ്ങ് വളര്‍ന്ന് വലുതായല്ലോ… ശ്യാമളേ നീയങ്ങ് മെലിഞ്ഞുണങ്ങിയല്ലോടീ…’
ഇങ്ങനെ കുറച്ച് ഡയലോഗുകളുമായ് അധികാര ഭാവേണ അമ്മാവന്‍ വീട്ടിലേക്ക് കയറിവന്നു…
‘ ആഹാ.. നല്ല കോഴിക്കറിയുടെ മണം… ഇന്നെന്താടി ഇവിടെ സ്‌പെഷ്യല്‍..’
‘അത് ഇന്ന് അപ്പുവിന്റെ പിറന്നാളാണ്.. അതിന്റെ വകയാ..’
‘ ഓഹ്, അപ്പൂന്റെ പിറന്നാളായിട്ട് വല്ലതും കഴിക്കാതെ പോകുന്നത് മോശമല്ലേ… നീയതൊക്കെയിങ്ങ് വിളമ്പ് കുറേനാളായി ഞാനും കോഴി കഴിച്ചിട്ട്’
അപ്പുവിന് അരിശം പെരുവിരല്‍ മുതല്‍ തലയുച്ചി വരെ അരിച്ചു കയറുന്നുണ്ടായിരുന്നു. ആരെയും വകവെക്കാതെ പുള്ളി ഇരുന്ന ഇരുപ്പില്‍ ആകെയുണ്ടായിരുന്ന ഇറച്ചിക്കഷ്ണങ്ങള്‍ ഒന്നടങ്കം കാലിയാക്കി.
‘ഇത്തിരി സംഭാരം കൂടി ഉണ്ടായിരുന്നേല്‍ ഉണ് കെങ്കേമമായേനേ.. അടുത്ത പെരുന്നാളിനും മാമനെ വിളിക്കാന്‍ മറക്കുരുത് ശ്യാമളേ..’
ഇതും പറഞ്ഞ് പുള്ളി ഇറങ്ങി ഒരൊറ്റ പോക്കായിരുന്നു. അപ്പുവിന് വന്ന സങ്കടത്തിന് ഒരു പരിധിയും കണക്കുമില്ലായിരുന്നു… പൊട്ടി പൊട്ടിക്കരഞ്ഞു പാവം…. അപ്പുവിന്റെ കണ്ണില്‍ ഏറ്റവും വലിയ ശത്രു പിന്നീടങ്ങോട്ട് ആ മാമനായിരുന്നു… അപ്പു മാമനൊരു പേരുമിട്ടു.. ‘കോഴിക്കള്ളന്‍ മാമന്‍’. പിന്നീടാ പേര് ലോപിച്ച് കോഴി മാമന്‍ എന്നാക്കി.
വര്‍ഷങ്ങള്‍ 18 കഴിഞ്ഞെങ്കിലും പിറന്നാള്‍ വരുമ്പോള്‍ എന്നും ഓര്‍മ്മ വരിക.. അന്ന് കഴിക്കാന്‍ പറ്റാതെ പോയ ആ കോഴിയിറച്ചിയുടെ നനവാര്‍ന്ന ഒര്‍മ്മയാണ്….
…………………ശുഭം…………………….