ജോണ്‍സണ്‍ ചെറിയാന്‍.
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് കത്തി 22 പേര്‍ വെന്തുമരിച്ചു. ദേശീയ പാത 24ല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. അവരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും കൂടിയേക്കും. ദില്ലിയില്‍ നിന്നു മധ്യ യുപിയിലെ ഗോണ്ടയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ 15 പേരുടെ നിലയാണ് ഗുരുതരം. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണമായും കത്തിയതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യാത്രക്കാര്‍ ഉറങ്ങുന്ന വേളയിലായിരുന്നു അപകടം.
രക്ഷാപ്രവര്‍ത്തനത്തിന് ഈ വേളയില്‍ സാധിച്ചിരുന്നില്ല. രാവിലെ 5.45 ഓടെയാണ് മൃതദേഹങ്ങള്‍ മുഴുവന്‍ പുറത്തെടുത്തത്. മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്നുപോലും വ്യക്തമാകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
കൂട്ടിയിടിയില്‍ ബസ്സിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്നതാണ് തീപ്പിടിക്കാന്‍ കാരണം. അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്താന്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞു. അപ്പോഴേക്കും ബസ് പൂര്‍ണമായി കത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ഉത്തര്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റേതാണ് അപകടത്തില്‍പ്പെട്ട ബസ്. അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.