മോഹനൻ വി കെ. (Street Light fb group)
ആളൊഴിഞ്ഞ
വീടിൻറെ വിശാലമാം പറമ്പിൽ
ചില മരത്തടികളിൽ
വിശ്രമിക്കുന്നു കെട്ടുവള്ളം
കെട്ടുവള്ളത്തിൻറെ പൊട്ടലുകൾ മാറ്റാൽ
കേടായപാളികളഴിച്ച് പുത്തൻ ചേർക്കാൻ
തറകളടിച്ചു മുറുക്കും
ആശാരിമാരുടെ മറവിൽ
ആൾപ്പാർപ്പൊഴിഞ്ഞ
പഴഞ്ചനാം വീടിൻ
പൊളിച്ച് നീക്കാൻ ബാക്കി നിന്നൊരാ
വെൺ ഭിത്തി
അതായിരുന്നെൻ
ആദ്യ വിശാലമാം ക്യാൻവാസ്.
കരിക്കട്ട, ഇഷ്ടിക, ചെങ്കല്ല്, മച്ചിങ്ങാ-
ചെമ്പരത്തിപ്പൂവ്, പച്ചില, ഓലക്കാല്
കിളിചപ്പിയ മാങ്ങാ, ചീന്തിയ വേഴങ്കോല്,
കട്ടുമാന്തിയ മഞ്ഞൽ,
പിന്നെ ചോപ്പിന്ചുണ്ണാമ്പ്,
അമ്മയരിഞ്ഞതിൻ മിച്ചം പച്ചക്കറി തുണ്ട്.
എത്രയോ ബഹുലമായിരുന്നെൻറ-
ചായക്കൂട്!
ആദ്യം നാട്ട്മാവ്,
പിന്നിൽ തെങ്ങിൻ തോപ്പ്
ആറ്റിലൂടൊഴുകി നീന്തുന്ന
താറാവിൻ പറ്റം
പിന്നിലൊരു കൊച്ച് കൊതുമ്പുവള്ളം,
വള്ളത്തിലൊരു പെണ്ണ്
ഒറ്റക്കാലിൽ നിന്ന് മുളവടി വീശിയാട്ടി
താറാവ് തെളിക്കുന്നു
പുറകിലൊരു യാത്രാ ബോട്ട് പാഞ്ഞടുക്കുന്നൂ.
.
നടുവിലീ വിജനമാം
പൊളിഞ്ഞവീട്
.
പിന്നിൽ പാടം,
കൊയ്ത്തുപെണ്ണുങ്ങൾ-
നെൽകറ്റകൾ തലയിലേറ്റി
പാടവരമ്പിലൂടെ
ഞൊണ്ടിക്കിതച്ചോടുന്നു
കതിരു കൊത്തി
ചെറുകിളിക്കൂട്ടങ്ങൾ വട്ടം പറക്കുന്നു
.
ആശാന് പിഴച്ചാൽ ഏത്തമില്ലെന്നല്ലേ ..
ഞാൻ തന്നെയായിരു,ന്നെൻറെയാശാനന്ന്
ഞാനാദ്യമായ് വരച്ചൊരാ
ചുമർചിത്രത്തിനും..
.
അമ്മവിളിക്കുന്നുണ്ട്
അച്ഛനെത്തിക്കാണും!
.
പാടത്തൂന്നെത്തീ, ട്ടമ്മ
കഞ്ഞി വിളമ്പിക്കാണും!
.
കൈതകയ്യീന്നിനി
രണ്ടോലകൾ ചെത്തണം
ഓലക്കാലാ,ലണിയം തീർത്ത്
ചുണ്ടൻ വള്ളമൊന്നുണ്ടാക്കണം
എണ്ണയും പുരട്ടണം
തോട്ടിൽ കളിവള്ള മത്സരം
അരയറ്റം വെള്ളം തോട്ടിൽ,
മീനിൻ്റെ ഉത്സവം
പുല്ലടിക്കോലിനായ്
രണ്ട് വാഴത്തണ്ട് മുറിക്കണം.
മങ്ങിയോരോമ്മകൾ
ചക്രം ചവിട്ടി
പിന്നിലേയ്ക്കോടി തിരിക്കവേ
തെളിയുന്നൂ..
കുട്ടിയായ്
ഞാൻകണ്ട സ്വർഗ്ഗം
.
സത്യത്തിൽ
അമ്മയ്ക്കുമച്ഛനും നരകമായിരുന്നെന്ന്.
അത്
വൃണിത ചിത്തം
വിങ്ങിയ
നൊമ്പരത്തുടിപ്പെന്ന്.