ജോണ്‍സണ്‍ ചെറിയാന്‍.
കാക്കനാട് : മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന്‍ വെള്ളിയാഴ്ച എറണാകുളം കളക്ടറേറ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ശക്തമായ ഈ തീരുമാനം. ഇത്തരക്കാരെ പിടികൂടിയാല്‍ ഇനി പിഴ ചുമത്തില്ല, പകരം ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. റോഡില്‍ മോട്ടോര്‍ വാഹന വകുപ്പ്-പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെങ്കില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്ന നിരവധി പേരുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും.
യൂണിഫോമില്ലാതെ, വിവിധ സ്ഥലങ്ങളില്‍ മഫ്തിയിലായിരിക്കും ഉദ്യോഗസ്ഥരെ വിന്യസിക്കുക. ഇവര്‍ ക്യാമറയില്‍ കുറ്റകൃത്യങ്ങള്‍ ചിത്രീകരിക്കും. എന്നിട്ട്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വാഹന ഉടമയ്ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുക. വാഹനം ഓടിച്ചത് ഉടമയല്ലെങ്കില്‍ ഓടിച്ചയാളെ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തിക്കേണ്ട ബാധ്യത വാഹന ഉടമയ്ക്കാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായവര്‍ക്ക് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ തെളിവായി കാണിക്കും. ഇതിനു ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക.
സാധാരണ രീതിയില്‍ ഇത്തരം ലംഘനങ്ങള്‍ക്ക് 1,000 രൂപ പിഴ അടപ്പിച്ച ശേഷം പറഞ്ഞുവിടുന്ന രീതിയാണ് ഇനി മാറ്റുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു. കൂടാതെ അമിത വേഗം, അമിത ഭാരം, ട്രാഫിക് സിഗ്‌നല്‍ ലംഘനം ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.