Saturday, November 23, 2024
HomeLiteratureമഞ്ഞണിയും മനസ്സ്. (ലേഖനം)

മഞ്ഞണിയും മനസ്സ്. (ലേഖനം)

മഞ്ഞണിയും മനസ്സ്. (ലേഖനം)

സുധീഷ്. (Street Light fb group)
ഇത് –
മെയ് മാസം…..
വേനൽമഴയേറ്റ് കുതിർന്ന സന്ധ്യകൾ ……
മനസ്സും മണ്ണും കുളിരു ന്ന വേനലവധിക്കാലം …..!
വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചലനങ്ങൾ കൊണ്ട് വർണാഭമാകുന്ന ഉല്ലാസക്കാലം…..!!
ഈ ദിനങ്ങളെ അടർത്തിയെടുത്ത് നൈനിത്താളിലേക്കും കു മയൂൺ കുന്നുകളിലേക്കും കൊണ്ടുപോയ മലയാളത്തിന്റെ പ്രിയ കാഥികന്റെ തൂലികയാൽ അനശ്വരമാക്കപ്പെട്ട, നഷ്ടപ്രണയത്തിന്റെ ഓർമകൾ ഹിമകണമായി പെയ്തിറങ്ങുന്ന സ്വർഗ ഭൂമിയിലേക്ക് ഇത്തിരി ദൂരം നമുക്കും നടക്കാം ……!!
” വായിക്കാനൊന്നുമില്ല – കട്ടിലിൽ കിടന്നു കയ്യെത്തിച്ചാൽ കിട്ടാവുന്ന അകലത്തിൽ അടുക്കില്ലാതെ കൂടിക്കിടക്കുകയാണ് പുസ്തകങ്ങൾ….!എല്ലാം പലപ്പോഴായി വായിച്ചു തീർത്തവ – അവസാനം കയ്യിൽക്കിട്ടിയതൊന്നെടുത്ത് മറിച്ചു നോക്കി…. സുഭഗമായ ശരീരം വിറ്റ് കിരീടം വരെ വിലയ്ക്കു വാങ്ങിയ ഒരു രാജ്ഞിയുടെ കഥയാണ്…. കുറെ വായിച്ചപ്പോൾ മടുപ്പു തോന്നി….. “
മടുപ്പിന്റെ കഥാ യ നം ഇവിടെ തുടങ്ങുന്നു…….!!!
” അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാനദി കളേക്കാൾ എനിക്കിഷ്ടം എന്റെ നിളയാണ് ” എന്നു പറഞ്ഞ നിളയുടെ കാഥികൻ എം.ടി.- ഉത്തര ഭാരതത്തിലെ ഒരു സുഖവാസ കേന്ദ്രത്തിലെ മഞ്ഞിന്റെ തണുപ്പിലേക്ക് നമ്മെനയിക്കുകയാണ്……!!
കഥ നടക്കുന്നത് അവിടെയാണെങ്കിലും അതിന്റെ വേരുകൾ ചെന്നെത്തുന്നത് എം ടിയുടെ ഗ്രാമത്തിൽത്തന്നെയാണെന്ന് വേണമെങ്കിൽ പറയാം കാരണം ‘വിമല’യുടെ മനസ്സ് പലപ്പോഴും ചെന്നെത്തുന്നത് തന്റെ ഗ്രാമത്തിലാണ് ഈ നാടിനും കൂടല്ലൂരിന്റെ ഗന്ധമുണ്ട്……!!!
എം ടിയുടെ കഥകളിലെ മനുഷ്യജീവിതത്തിന്റെ ദുഃഖങ്ങളത്രയും ഒരു കുടുംബാന്തരീക്ഷത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത് – രണ്ടാമൂഴം പോലും ഈ സ്വരൂപം കൈവരിക്കുന്നുണ്ട്-
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ എം ടി കഥകൾക്ക് വിഷയമാകുന്നു….
പാർശ്വവൽക്കരിക്കപ്പെടുന്നതിന്റെ – ,അവഹേളിക്കപ്പെടുന്നതിന്റെ – ,അഭയാർത്ഥിയാവുന്നതിന്റെ നോവ് തന്നെയാണ് എം ടിയുടെ നോവലാവുന്നത്. അന്യ താബോധം വേട്ടയാടുന്ന, നിസ്സഹായരായ, ജീവിതത്തിന്റെ മുമ്പിൽ പകച്ചുപോയ കഥാപാത്രങ്ങൾ ഈ കഥാപർവത്തിൽ പരകായപ്രവേശം ചെയ്യുന്നു: …….!!!
രണ്ടാമൂഴക്കാരനായ ഭീമനെപ്പോലെ തന്നെയാണ് കാലത്തിലെ സേതുവും, അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയും, നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം …….
കാലാന്തരത്തിൽ കൈ വഴികളായി പിരിഞ്ഞൊഴുകിയ ഒരു മലയാളി കുടുംബം പോലെ തോന്നാം വിമലയുടെ ജീവിതവും ….!
നൈനിത്താളിലെ തടാകക്കരയിൽ …., താഴ്വാരങ്ങളിൽ ….. – ഉറഞ്ഞുകൂടി, വെയിൽ നാളങ്ങളെത്തുമ്പോൾ മറഞ്ഞു പോകുന്ന മഞ്ഞ് പോലെയാണ് വിമലയുടെ ഓർമകളും….!!
പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനും, അധ്യാപികയുമായ വിമല – ഒരു വെക്കേഷനിൽ തുടങ്ങി, ഭൂതകാലക്കുളിരിലേക്കിറങ്ങി, പ്രണയത്തിന്റെ മഴവില്ലു കണ്ട് ഒമ്പതു വർഷം മുമ്പ് തന്നെയറിഞ്ഞു മടങ്ങിയ സുധീർ കുമാർ മിശ്രയുടെ ഓർമകളിൽ തടാകത്തിലെ ബോട്ടുകൾ സൃഷ്ടിക്കുന്ന ഓളപ്പരപ്പുകളിലെ പൊങ്ങുതടികൾ പോലെ താണുയർന്ന് ഇനിയുമുണയാത്ത തീരത്തിന്റെ നഷ്ട സ്വപ്നങ്ങളിൽ അവൾ ജീവിക്കുകയാണ്…….!!!
വെക്കേഷൻ തുടങ്ങുമ്പോൾ എങ്ങും ഉത്സാഹത്തിന്റേയും ആഹ്ലാദത്തിന്റേയും സ്വരങ്ങളാണ് – പക്ഷേ ആ സമയത്ത് ഹോസ്റ്റലിൽ തനിച്ചാവുന്ന വിമലയക്കത് ഏകാന്തതയുടെ, ദു:ഖ സ്മൃതികളുറങ്ങുന്ന മടുപ്പിന്റെ മാളമാണ് …..
സ്വന്തം നാടിനേക്കുറിച്ചുള്ള ഓർമ പോലും വിമല മറയ്ക്കാൻ ശ്രമിക്കുകയാണ്….
അച്ഛൻ കിടപ്പിലായിട്ടു കൂടി, കാമുകനൊപ്പം, ജരാനരകളിൽ ചായം പൂശി, നാൾ കഴിയുന്തോറും ഊർന്ന് പോകുന്ന ജീവിതം വാരിപ്പിടിക്കാനെന്നവണ്ണം നടക്കുന്ന അമ്മ…., ഇത് മുതലെടുത്ത് അമ്മയിൽ നിന്നും പണം പിടുങ്ങുന്ന അനുജന്റെ ദുർനടപ്പ്, ഇനി ഞാൻ മാത്രമെന്തിന് എന്ന നിലയിൽ അനുജത്തി – ഈ ചിന്തകളെല്ലാം വിമലയുടെ മനം മടുപ്പിക്കുന്നവയാണ്…
കുറേ കാത്തിരിപ്പിന്റെ നെടുവീർപ്പുകൾ ഇതിലുണ്ട് – ഒരിക്കലെങ്കിലും തന്നെത്തേടി സുധീർ വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ വിമല, ഉല്ലാസപൂർവം രംഗബോധമില്ലാത്ത കോമാളിയായ മരണത്തെ കാത്തിരിക്കുന്ന സർദാർജി, ഇതുവരെ കണ്ടിട്ടില്ലാത്ത പിതാവിനെ കാത്ത് തോണിക്കാരൻ ബുദ്ദു, ഓരോ സീസൺ വരുമ്പോഴും സഞ്ചാരികൾക്കായി കാത്തിരിക്കുന്ന ഉല്ലാസ കേന്ദ്രം ഇങ്ങനെ കാത്തിരിപ്പിന്റെ വിവിധ മുഖങ്ങൾ ഇവിടെ കാണാം.
തണുത്തുറഞ്ഞ നൈനിത്താളിലെ തടാകം പോലെയാണ് ഇവിടുത്തെ മനസ്സുകളും…
വ്യർത്ഥമാണെന്നറിഞ്ഞിട്ടും കാത്തിരിപ്പ് തുടരുകയാണ്….!!!
നിരാശയ്ക്കായി ആശിക്കുക ..!!
ഇതും ഒരു സുഖമാണ് ……!!!
നിശ്ചലമായ കാത്തിരിപ്പിന്റെ മഞ്ഞ് താഴ്വാരങ്ങളിൽ വീണ്ടും പടരുകയാണ്……!!
കാത്തിരിപ്പ് വ്യർത്ഥമാണെന്നറിയുന്ന നിമിഷങ്ങളിൽ, സിരകളിൽ പടരുന്ന മരവിപ്പ് ……!!
വിരഹത്തിന്റെ;മരണത്തിന്റെ തണുപ്പ്…… !!!
ശൂന്യത മാത്രം പരക്കുന്ന വിഷാദ സന്ധ്യകൾ ……!!!
ആർത്തലച്ചെത്തുന്ന ഇടവപ്പാതിപ്പെരുമഴയിലും പ്രതീക്ഷകൾ നനയാതെ ഹൃദയത്തോട് ചേർത്തു വയ്ക്കുകയാണ്….!!!
ദേഹം വിട്ട് ചേതനയകലും മുമ്പെങ്കിലും….,
ഒരിക്കലെങ്കിലും…
ഒരു പാഴ്ക്കിനാവായെങ്കിലും ….
ഒന്നു വന്നിരുന്നെങ്കിൽ ………
ഒന്ന് കണ്ടാൽ മാത്രം മതി…….
എന്നെങ്കിലും വരുമായിരിക്കാം…
വരും –
വരാതിരിക്കില്ല ………..!!!
RELATED ARTICLES

Most Popular

Recent Comments