Wednesday, November 27, 2024
HomePoemsമുരളികയും മുളയമ്പും. (കവിത)

മുരളികയും മുളയമ്പും. (കവിത)

മുരളികയും മുളയമ്പും. (കവിത)

 പ്രബോധ് ഗംഗോത്രി. (Street Light fb group)
കാറ്റിൻ സ്വരപ്രപഞ്ചത്തിലാറാടും മുളങ്കൂട്ടിൽ നിന്നു- മടർത്തിയ തണ്ടിൽ തുളയാഴ്ത്തി മെനഞ്ഞ മുരളികേ,
നീ വിടർത്തും രാഗങ്ങളിൽ തെളിയുവത്,
പെണ്ണിൻ വിതുമ്പലോ? അതോ അവൾ കരുത്തോ ?
എക്കൽമണ്ണടരിൻ ജൈവസമൃദ്ധിയിൽ മുളച്ചവൾ,
സ്നേഹതിരമാലകളാൽ വളർന്ന് വിടർന്നതും
എല്ലാ ഋതുവിലും പൂക്കാലത്തിനായ് മോഹിച്ചതും
ഒടുവിലൊരുവന്റെ പ്രണയാർച്ചനയിലലിഞ്ഞതും കണ്ണീരോ കിനാവോ?
പ്രണയവല്ലരി അവൾ പള്ളിയറയിൽ പൂത്തതും
നിർമാല്യം തുടങ്ങിയവിടെയഭിഷേകം തുടർന്നതും
മേൽശാന്തിയായെത്തിയോൻ കീഴ്ശാന്തികളെ കൂട്ടിയതും
പ്രണയപൂജയോ? രതിപീഢയോ?
അഭിഷേകം തുടർന്നവർ കാണിക്കയും വാരി,
ഹലമാഴ്ത്തിയാഴ്ത്തിയവളെ ചതുപ്പായ് മാറ്റി,
പ്രണയമേയുണരാതിരിക്കുവാൻ ജൈവബീജവും കെടുത്തി,
ഇല്ലികൂട്ടത്തിലെ വെറും പാഴ്മുളപോലയവളെയാക്കി മാറ്റി!
കണ്ണുനീരിൻ കദനകഥ പാടി നടന്നില്ലവൾ!
ഉന്മാദിനിയായി തെരുവോരങ്ങളിൽ അലഞ്ഞതുമില്ല,
മുരളികയൂതി മദനൻമാർക്കായി മന്ദിരമൊരുക്കീല്ല,
ഉരുക്കിൻ കരുത്തുള്ള ജീവിതം പടുത്തുയർത്തിയവൾ!
കലപ്പയെത്താത്ത ചതുപ്പിൻതടമായി തുടരുന്നില്ലവൾ,
ഹലവും ഭയക്കുന്നൊരു അഹല്യയാണിന്നവൾ !
പ്രണയം മൂളാൻ കൊതിക്കും മുളന്തണ്ടല്ലവൾ,
മാറ് പിളർത്താൻ വെമ്പി നിൽക്കും മുളയമ്പാണവൾ!
മോഹം കൊഴിഞ്ഞവൾക്ക് മലരമ്പുകളെന്തിന്?
മലർശരങ്ങളില്ലാതെ മുളന്നാഴിയെന്തിന്?
രാഗങ്ങൾ വെറുത്തോൾക്ക് മണിവീണയെന്തിന്?
മുരളികയുണരാത്ത മുളന്തണ്ടിന് മനോദുഃഖമെന്തിന്?
RELATED ARTICLES

Most Popular

Recent Comments