സ്മിത ശേഖർ. (Street Light fb group)
അന്നും പതിവുപോലെ കുർബാന കഴിഞ്ഞ് അന്നമ്മച്ചി അച്ചനെ കാണാനെത്തി .അച്ചനോട് എന്തെങ്കിലും സംസാരിക്കാതെ അന്നമ്മച്ചി വീട്ടിലേക്ക് മടങ്ങാറില്ല.
ആ ഇടവകയിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് അന്നമ്മച്ചി ,പ്ലാന്റർ ഏലിയാസ് വർക്കിയുടെ ഭാര്യ. മൂന്ന് മക്കൾ എല്ലാവരും വിദേശത്ത്.ഭർത്താവിന്റെ മരണശേഷം തനിച്ചാണ് താമസം.
പതിവുപോലെ അച്ചൻ ചോദിച്ചു. എന്നാ അന്നമ്മച്ചി മുഖത്തൊരു വാട്ടം മക്കളൊന്നും ഇന്നലെ വിളിച്ചില്ലാരുന്നോ? ജോസൂട്ടിം സണ്ണിക്കുട്ടിം എന്നാ പറയുന്നു, സിസിലി കൊച്ചിന് എന്നായുണ്ട് വിശേഷം?
വിളീം വിളി കേൾക്കലും പതിവുപോലെ തന്നെ നടക്കുന്നുണ്ടച്ചോ എല്ലാത്തിനും നല്ലത് തന്നെ വിളിച്ചന്വേഷിച്ചാൽ തീർന്നല്ലോ എല്ലാം , അല്ലേ അച്ചോ
ഞാൻ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാനാ ഇന്നിങ്ങോട്ട് വന്നേ, വയസ്സും പ്രായോക്കെ ആയില്ലേ കർത്താവ് എപ്പഴാ അങ്ങോട്ട് വിളിക്കുന്നേന്ന് പറയാനാവുകേല്ലാ അതു കൊണ്ട് പറയാനുള്ളത് പറഞ്ഞു വയ്ക്കണം അല്ലേല് ശരിയാകത്തില്ല
എന്നതാ ഇപ്പോ ഇത്ര വലിയ കാര്യം അന്നമ്മച്ചീ ;എന്നാ ഞാൻ ചെയ്യേണ്ടേ?
അച്ചോ ഞാൻ ചത്താ മക്കളിലൊരെണ്ണം വരത്തില്ല എന്നെയൊന്നു കാണാൻ, വന്നാൽ തന്നെ അവന്മാര് ഏതെങ്കിലും ഇവന്റന്മാരെ ഏൽപ്പിക്കും എല്ലാം അതെനിക്ക് നന്നായറിയാം
അവന്മാരുടെ ചെലവില് എനിക്കങ്ങട് മോളിലേക്ക് പോണ്ടച്ചോ, എന്റെ മാപ്പിള ഉണ്ടാക്കി വച്ചിട്ടുണ്ടെനിക്ക് ആ കാശെടുത്ത് എന്റെ ഇഷ്ടമനുസരിച്ച് മോളിലോട്ട് പോയാ മതിയെനിക്ക് അച്ചനെ എനിക്ക് വിശ്വാസമാ ഇനി അച്ചനും പറ്റിക്കോ? ആ എന്ത് കുന്തേലും ആവട്ടെ ചത്ത് കഴിഞ്ഞാ എന്തായാലും എന്നാ അല്ലേ
എങ്കിലും ഒരാഗ്രഹമുണ്ടച്ചോ ഞാൻ മരിച്ചു കഴിഞ്ഞാൽ ചടങ്ങുകളൊക്കെ ഇവന്റന്മാരെ ഏൽപ്പിക്കണം. അവന്മാരോട് പ്രത്യേകം പറയണം ഇപ്പോഴത്തെ രീതിയിൽ വേണ്ടെന്ന് എഴുപത് കാലഘട്ടങ്ങളിലെ പോലെ തനി നാടൻ ക്രിസ്ത്യൻ ശവമടക്ക് ,അതിൽ നിന്ന് അണുവിട മാറരുത് കേട്ടോ
പിന്നെ എന്റെ മക്കളുടെ സൈസിലുള്ള മൂന്നെണ്ണം വേണം രണ്ടാണും ഒരു പെണ്ണും അവർ എന്റെ മക്കളുടെ മുഖം മൂടി അണിയട്ടെ അത് ഒരു പുതുമയായിരിക്കും ചത്ത് കിടക്കുമ്പോൾ മക്കളടുത്തുണ്ടെന്ന് ആശ്വസിക്കാല്ലോ വെറുതെ
എന്നാത്തിനാന്നേ ഇങ്ങനൊക്കെ പറയുന്നേ അന്നമ്മച്ചിക്ക് എന്തേലും പറ്റിയാ അവരിങ്ങ് ഓടി വരത്തില്ലേ അച്ചൻ വിഷയം മാറ്റാൻ ശ്രമിച്ചു.
പിന്നേ ഇപ്പോ വരും അച്ചൻ കാത്തിരുന്നോ ഞാൻ പറഞ്ഞു തീർന്നില്ല
അച്ചൻ വിഷയം മാറ്റല്ലേ മുഴുവൻ കേൾക്കച്ചോ
അച്ചനോർമ്മയില്ലേ എല്ലാം കൂടി അപ്പന്റെ ആണ്ടിന് വന്നത്. എന്നതായിരുന്നു അഭിനയം അമ്മച്ചിയെ കെട്ടിപ്പിടിച്ച് കരച്ചിലും കണ്ണീരു തുടക്കലും
അവസാനം സഹികെട്ടപ്പോ ഞാൻ മൂന്ന് കുപ്പി എടുത്ത് കൊടുത്തിട്ട് പറഞ്ഞു കുറച്ച് കണ്ണീര് കുപ്പിയിലാക്കി തരാൻ മൂന്നും വാ പൊളിച്ചെങ്കിലും ഞാനാരാ മോള് സാധനം കിട്ടി. സങ്കടാത്രേ സങ്കടം
അതിപ്പോഴും വീട്ടിലെ തിരുരൂപത്തിന്റെ പുറകിൽ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. എനിക്കെന്തേലും പെട്ടെന്ന് പറ്റിപ്പോയാൽ അതെടുത്ത് മക്കളുടെ മുഖം മൂടി അണിയിച്ചു നിർത്തിയിരിക്കുന്ന ഇവന്റന്മാർക്ക് കൊടുക്കണം, എന്റെ ദേഹത്ത് തളിക്കാൻ
അങ്ങനെയെങ്കിലും അവസാനമായി എന്റെ ദേഹത്ത് മക്കളുടെ കണ്ണീർ വീഴുമല്ലോ അല്ലേ അച്ചോ
അന്നമ്മച്ചീ….., ഒന്നും പറയാനാവാതെ അച്ചൻ നിന്നു
തീർന്നില്ല അച്ചോ ഒന്നുകൂടിയുണ്ട് ഇതെല്ലാം വീഡിയോയാക്കി മക്കൾക്ക് അയച്ചുകൊടുക്കണം
അവരും അവരുടെ അമ്മച്ചിയെ അവസാനമായിട്ടൊന്നു കാണട്ടേ എല്ലാം ഈ അമ്മച്ചിയുടെ സ്വന്തം ചിലവിൽ.,,,,,,,,,
ഇതും പറഞ്ഞ് അന്നമ്മച്ചി തിരിഞ്ഞു നടന്നു
എന്തു പറയണമെന്നറിയാതെ അച്ചനും…………..