Saturday, November 23, 2024
HomePoemsദൈവമെത്തുന്ന നേരം. (കവിത)

ദൈവമെത്തുന്ന നേരം. (കവിത)

ദൈവമെത്തുന്ന നേരം. (കവിത)

പ്രബോധ് ഗംഗോത്രി. (Street Light fb group)
ദൈവകോലങ്ങൾ കെട്ടിയാടുന്ന നാടേ,
ദൈവപ്പുരകളെമ്പാടുമൊരുക്കി അവതാരമാടും
ദൈവത്തിന്റെ സ്വന്തമാം കേരളനാടേ,
ദൈവമെത്തുന്ന നേരമറിയുമോ?
തെരുവിൽ ദൈവവേലയാടുന്ന നാടേ,
വചനഘോഷം പ്രകീർത്തിക്കാൻ
പാട്ട കൊട്ടി പാഷാണം വിതറുന്ന വാഗ്ദത്തനാടേ,
ദൈവമെത്തുവാൻ നേരമായോ?
ദൈവമില്ലായെന്ന് കൂവിയാർക്കുന്നവരുടെ നാടേ,
അടിമ-ഉടമ മന്ത്രം ചൊല്ലി
ദൈവവേഷക്കാർ വിരിയും വിപ്ലവനാടേ,
ദൈവമെത്തുവാൻ മുദ്രവാക്യങ്ങളിനിയുമുണ്ടോ?
സുരക്ഷാ അറകളിൽ ദൈവമിരിക്കുന്ന നാടേ,
ഭക്തരിൽ അമൃത് ചൊരിഞ്ഞ്
ദൈവമാവുന്ന അത്ഭുതനാടേ,
ദൈവമെത്തുമെന്നത് ഉൺമയാണോ?
കയ്യേറിയ കുരിശിലൂടെ ദൈവമെത്തുമെന്നോ?
കരുണയിലാണെൻ കരുത്തെന്ന്
ഉശിരോട് ഉണർത്തുന്നവനിലാവാം
ദൈവം കൈമുത്താനെത്തുക!
ചന്ദനമുട്ടി കത്തുന്നയറയിൽ ദൈവമെത്തുമെന്നോ?
ചാണകത്തറയിലുറങ്ങുന്ന പതിതനിൽ
കാല്പനികതയുണർത്തുവാനാവാം
ദൈവം വിരുന്നുണ്ണാനെത്തുക!
കൊക്കുകൾ കൊരുത്ത്
കുരുങ്ങി കിടക്കുന്ന
കുരുവിയിണകളുടെ പ്രശാന്തതയിലാവാം
ദൈവം തിരി തെളിക്കാനെത്തുക!
പ്രണയിക്കുമിണയുടെ പ്രതിരൂപമാണ്
താനെന്ന പിരാന്തിൽ പതർച്ചയില്ലാതെ
ഹൃദയം കൊരുത്തിരിക്കുന്നോരിലാവാം
ദൈവം വെയിൽ കായാനെത്തുക!
പ്രണയവും പ്രശാന്തതയും
കാല്പനികതയും കാരുണ്യവും
വിശ്വാസവും വിശുദ്ധിയും വിപ്ലവവും
വില്പനയാക്കി, സ്വയം ദൈവങ്ങളായവർ
ദൈവമെത്തുന്ന നേരം അറിയുന്നതെങ്ങനെ?
RELATED ARTICLES

Most Popular

Recent Comments