ജോണ്‍സണ്‍ ചെറിയാന്‍.
ഷൊര്‍ണൂര് : ഷൊര്‍ണൂര്‍ റെയില്‍വെ ജംഗ്ഷനില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. റെയില്‍വെ ജീവനക്കാര്‍ക്ക് ജോലിക്കിടെ കടിയേറ്റു. ജംഗ്ഷനിലെ ഐ.ഒ.എച്ച്. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക്കല്‍ ഫിറ്റര്‍ പോള്‍സനും ( 46), മെക്കാനിക്കല്‍ ഫിറ്റര്‍ പി.ടി.ശശിധരനും ( 48) ആണ് നായയുടെ കടിയേറ്റത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് പോള്‍സന് നേരെ ആക്രമണമുണ്ടായത്. ഉച്ചക്ക് 1.30 ന് പി.ടി.ശശിധരനും നായയുടെ കടിയേറ്റു.
ഷൊര്‍ണൂര്‍ ജംഗ്ഷനിലെ പ്ലാറ്റ് ഫോമുകള്‍, ഐ.ഒ.എച്ച്. വര്‍ക്ക് ഷോപ്പ്, ടി.ആര്‍.ഡി.ഷെഡ്ഡ് എന്നിവിടങ്ങളിലെല്ലാം തെരുവുനായകള്‍ വിലസുകയാണ്. പോള്‍സന്റെ പുറം ഭാഗത്താണ് കടിയേറ്റത്. പി.ടി.ശശിധരന്റെ കാലിലാണ് കടിയേറ്റിരിക്കുന്നത്. പോള്‍സന് രാവിലെ 11 മണിക്കും ശശിധരന് ഉച്ചക്ക് ഒന്നരക്കുമാണ് കടിയേറ്റത്. രണ്ട് പേര്‍ക്കും ഷൊര്‍ണൂര്‍ റെയില്‍വെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയതിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷൊര്‍ണൂരില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇതിനു മുമ്പും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നിരവധി തവണ തെരുവുനായകളുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടു. പ്ലാറ്റ് ഫോമുകളില്‍ രാത്രികാലങ്ങളില്‍ ഭീതിയോടെയാണ് യാത്രക്കാര്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നത്.