രശ്മി സജയൻ. (Street Light fb group)
ഒരു പുഴയിന്നു ഞാൻ ചൊല്ലുന്നെൻ രോദനം
കേൾക്കുന്നുവോ നിങ്ങളെന്റെയീ നൊമ്പരം
കുടിച്ചില്ല ഞാനൊരു തുള്ളി നീരും
കുടിപ്പിച്ചു നിങ്ങളെ ദാഹമകറ്റി ഞാൻ
നിങ്ങൾക്കായെന്നുമൊഴുകിയെത്തി
തെളിനീരുനല്കി കുടിനീരിനായി
വിഷലിപ്തമായൊരു മാലിന്യക്കൂമ്പാര –
മെൻ മേനിയാകെ നിറച്ചതാരോ
ഒഴുകുവാനാകില്ലെനിക്കിന്നു പണ്ടേപോൽ –
പാഴ് വസ്തുവൊക്കെയടിഞ്ഞിതെൻ ദേഹത്തും
ആരോടു ചൊല്ലും ഞാനെന്തു ചൊല്ലും
പാതകം ചെയ്യും നിങ്ങളോടോ
കരയിലായ് നില്ക്കുന്ന ഫലവൃക്ഷമൊന്നതിൽ
പൂത്തു തളിർത്തു കായ്ച്ചു നില്ക്കുന്നു കനികളും
നിങ്ങൾക്കു വേണ്ടി നല്കുന്നു വൃക്ഷവും
വിശപ്പടക്കുവാൻ മാത്രമാണീ ഫലം
ഒരു വൃക്ഷവും ഭുജിച്ചില്ലയീ കായ്കനി
ഒരു പുഴയും പാനം ചെയ്യുന്നില്ലീ നീരും
നിങ്ങൾക്കു വേണ്ടി തരുന്നതാം ഞങ്ങളും
എന്നിട്ടുമെന്തിനായി നശിപ്പിച്ചു ഞങ്ങളെ
ഞങ്ങൾ വസുധതൻ മക്കളാം നിങ്ങൾക്കു
ചെയ്യുന്ന നന്മകൾ കാണാതെ പോകുന്നു
വറ്റുന്ന പുഴയും ശുഷ്ക്കിച്ച മരവും
കണ്ടിടാം നിങ്ങൾക്കൊരു നാളിൽ ഞങ്ങളെ