ആഗ. (Street Light fb group)
ഞാനെന്തുപറയാനാണ്
നിന്നോട്
സ്നേഹത്തെക്കുറിച്ച്
മാത്രമല്ലാതെ
നീയാകട്ടെ
സ്നേഹമെന്ന
ഒരൊറ്റപ്പദംമാത്രം
നിന്നോട്
നിന്റെ
ആത്മാവില്ലാതെ
സംവദിച്ചാൽ
പ്രപഞ്ചമെന്നെ
വിഴുങ്ങുമെന്ന്
ഞാൻ ഭയപ്പെടുന്നു
ഇരുട്ട്
വെളിച്ചമായതും
പൂക്കൾ
സുഗന്ധമായതും
ഇങ്ങനെയാണെന്ന്
ഞാൻ വിശ്വസിക്കുന്നു.
2
………………………
നീയിനിയെന്നോട് പ്രണയത്തെക്കുറിച്ച് പറയുക
ഞാൻ സ്വാതന്ത്ര്യത്തെ
സ്വപ്നം കാണുന്ന
ആകാശങ്ങളുടെ
ചിറകാണ്
നീയിനി എന്നോട്
ആത്മാവിനെക്കുറിച്ച് വെളിപ്പെടുത്തുക
ഞാൻ നിന്നോടൊപ്പം
വിശാലഭൂമിയുടെ
അന്തർദാഹത്തിന്
കൂട്ടിരിക്കാം..
3
………………………..
എവിടെനിന്നോ
ഏകാന്തത കടന്നുവരുന്നു
അത് പൂക്കളെ കൊന്ന്
കടന്നുപോകുന്നു
എങ്ങും മരിച്ചുപോയ
പൂക്കളുമായി
എനിക്കെങ്ങിനെ വസന്തകാലമാണെന്ന്
നിന്നോട് കള്ളം
പറയാനാവും
സ്നേഹം
തീവ്രമായി
മൗനത്തോട്
കലഹിക്കുന്നു
ഈ നിശബ്ദത
നമ്മൾ രണ്ടുപേരുടെയും
തോൽവിയാണന്ന്
ഞാൻ ഭയപ്പെടുന്നു.
4
…………………….
പിൻവാങ്ങിപ്പോകുന്ന മൗനങ്ങളെക്കുറിച്ചാണോ നീ ദുഃഖമെന്ന് വിളിച്ചത്
ഞാനാകട്ടെ വിശാലാകാശങ്ങളിൽ മേയാൻപോയ
പറവകളെക്കുറിച്ചാണ്
ദുഃഖമെന്നരുളിയത്
പകലറുതിയിൽ
തിരിച്ചുവരുന്ന തൂവലുകളുടെ
ഭാരം കുറഞ്ഞതോർത്ത്
കരയുന്ന വൃക്ഷത്തിന്റെ
ശിഖരങ്ങളെക്കുറിച്ചാണ്
ഇപ്പോഴും ഞാനോർക്കുന്നത്.