വരദേശ്വരി. കെ.(Street Light fb group)
കാകളിച്ചിന്തുകള്‍ പാടിയകലുമ്പോള്‍
കാവ്യങ്ങള്‍ നന്നായ് ചമയ്ക്കുന്നു വന്‍കടല്‍
കുമ്പയില്‍ സൂക്ഷിക്കും വിസ്മയപര്‍വ്വങ്ങള്‍!
കണ്ടാലും കേട്ടാലും തീരാത്ത സര്‍ഗ്ഗങ്ങള്‍!
തംബുരു മീട്ടുന്ന തിരമാലക്കൈകള്‍,
താളമിട്ടോടുന്ന കാറ്റിന്‍റെ ചീളുകള്‍!
തത്തിക്കളിക്കുന്ന വര്‍ണ്ണപ്രപഞ്ചമായ്
തീരങ്ങള്‍, തീര്‍ത്ഥങ്ങള്‍ മാറുന്ന കാഴ്ചകള്‍!
ആഴിതന്‍ നെഞ്ചിലെ താരാട്ടുപാട്ടുപോല്‍,
കാറ്റിന്‍കരങ്ങളില്‍ ആലോലം തോണികള്‍.
തൊട്ടും തൊടാതേയും കടലിന്‍കാക്കകള്‍
പാറിപ്പറക്കുന്നു തിരമാലമേലെ.!
വെണ്‍പവിഴത്തിലും വീണുമയങ്ങുന്നു,
ജൈവവൈവിധ്യത്തിന്‍കൂടാരങ്ങള്‍
ആഴിമുഴക്കത്തിലാഞ്ഞുമുഴുകുമ്പോള്‍
നീര്‍ത്തുളളി മുത്തായി ജന്മമെടുക്കുന്നു!
വാസരസ്വപ്നങ്ങള്‍ മിഴിയിട്ടുണരേ,
വെണ്‍നുര ചീന്തി പതഞ്ഞുകഥിക്കുന്നു.
മണ്ണിലെ കാരുണ്യം വിസ്തൃതമാകണം
സൗഹൃദം വളരേണം കടലുപോലെ.
ഉപ്പുകാറ്റൊപ്പമായ് തുളളുന്നു നീര്‍ത്തുളളി
ആഴിയില്‍ പൂന്തോട്ടം സൃഷ്ടിക്കും പവിഴം
വര്‍ണ്ണത്തിന്‍ കാഴ്ചയായ് പവിഴപ്പൊളിപ്പും
ആര്‍ത്തുരസിക്കും കടലിലെ ജന്തുക്കള്‍.
മൗനമായ് ചോദ്യമുയര്‍ത്തുന്നു തീരങ്ങള്‍
“പായുമീക്കാലത്തിന്‍ കോലം കറുക്കുന്നു.?
നീതി ഹനിക്കുന്ന പാതകള്‍ കണ്ടില്ലേ?
മൂടികള്‍ചാര്‍ത്തുംമുഖങ്ങളെ കണ്ടില്ലേ?”
വാരിപ്പുണര്‍ന്നിട്ടാ കരയുടെ കാതിലായ്
അര്‍ണ്ണവം ചോല്ലിയാ പരിവേദനങ്ങള്‍!
കേള്‍ക്കണം നിങ്ങളാ കണ്ണീരിന്‍വാക്കുകള്‍?
നിങ്ങളും കേള്‍ക്കുവാന്‍ ചൊല്ലിയ കാര്യം?
“മാനുഷനിര്‍മ്മിതമാഗോളതാപനം
നമ്മെ മുടിച്ചുകുടഞ്ഞെന്‍റെയോമലേ.
ഊട്ടിവളര്‍ത്തിയൊരമ്മയച്ഛന്മാര്‍ നാം
എന്നിട്ടും ദ്രോഹിച്ചു മാലിന്യം ചാര്‍ത്തുന്നു.!”
ശൃംഗാരഭാവത്തില്‍, പ്രണയത്തിന്‍ഭാഷ
പണ്ടേ ചമച്ചവര്‍ കടലും, കരയും
ആലിംഗനത്തിന്‍റെ പട്ടുടുത്തിട്ടിവര്‍
താളം ചമയ്ക്കുന്നു സൃഷ്ടിപ്രവാഹത്തിന്‍.