സജി കുളത്തുപ്പുഴ. (Street Light fb group)
നീൽകാന്ത്, ഉത്തരാഖണ്ഡ്.
“ദിഗംബരാ…. “
ഗുരുവിന്റെ അലർച്ച നീൽകാന്തിലെ മലമടക്കുകളിൽ അലയടിച്ചു..
“പാപം….മഹാ പാപം.
ആഘോരിയായ ആണും പെണ്ണും ശാരീരിക ബന്ധം പുലർത്താൻ പാടില്ലെന്ന നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.. “
ദിഗംബരൻ ഭദ്രയെ തള്ളിമാറ്റി പിടഞ്ഞെഴുന്നേറ്റ് വസ്ത്രമെടുത്ത് ധരിച്ചു. അപ്പോഴേക്കും ശിഷ്യരോടൊപ്പം ഗുരു അടുത്തെത്തിയിരുന്നു.
ഗുരുവിന്റെ മിഴികളിൽ നിന്ന് നിണം പൊടിയുന്നൊരു നോട്ടമുണ്ടായി . അത് എതിരിടാനാകാതെ ദിഗംബരൻ തല താഴ്ത്തി നിന്നു.
” നീ അഘോര ദീക്ഷ സ്വീകരിക്കുമ്പോൾ മഹാദേവന് നൽകിയ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുന്നു… ഭദ്രയെ കുറ്റപ്പെടുത്താനാകില്ല അവൾ പരീക്ഷണ ഘട്ടത്തിലാണ്. ഇനിയും അഘോരിയായിട്ടില്ല. ആയതിനാൽ തെറ്റ് ചെയ്ത നിനക്കും ഇവൾക്കും ഞങ്ങളോടൊപ്പം തുടരാനുള്ള അർഹതയില്ല. നീ ഇവളെയും കൂട്ടി എവിടെയെങ്കിലും പോയി പാർത്തുകൊൾക…”
ഗുരു ഭദ്രയെ നോക്കി..അവൾ ഭയന്ന് വിറച്ചു നിൽക്കുകയാണ്. ഗുരുവിന്റെ നോട്ടമേറ്റു തന്റെ ശരീരം ചുട്ടുപൊള്ളുന്നതായി അവൾക്ക് തോന്നി.
ഗുരു തിരികെ നടന്നു മറയുമ്പോൾ ആത്മാവ് നഷ്ടപെട്ടവനെപ്പോലെ നിന്നുപോയി ദിഗംബരൻ. താൻ ചെറുതായി പോയിരിക്കുന്നു ഗുരുവിന്റെ കാലിനടിയിലെ മൺതരിയോളം. വർഷങ്ങളോളം കഠിന തപം ചെയ്ത് നേടിയെടുത്ത താന്ത്രിക സിദ്ധികൾ ഒരു പെണ്ണിന് മുന്നിൽ അടിയറവെയ്ക്കപ്പെട്ടിരിക്കുന്നു. എല്ലാത്തിനും മീതെ കാമം മനസ്സിനേയും ശരീരത്തേയും ജയിച്ചിരിക്കുന്നു. ഭദ്ര ഒറ്റയൊരുത്തി കാരണം.
അതോർത്തപ്പോൾ അവന്റെ മനോനില തെറ്റി. മിഴികളിൽ ഭദ്രയോടുള്ള പക ഹോമകുണ്ഡം പോൽ ജ്വലിക്കാൻ തുടങ്ങി. അവയുടെ തീഷ്ണതയിൽ പാറക്കെട്ടിൽ പടർന്നു കിടക്കുന്ന പച്ചില തലപ്പുകളിൽ തീ ആളിപ്പടർന്നു. അത് കണ്ടവൾ നടുങ്ങിപ്പോയി..
സാക്ഷാൽ മഹാദേവൻ തന്നെ… അത്രയ്ക്കുണ്ട് ദിഗംബരന്റെ മുഖത്തെ രൗദ്രഭാവം. താൻ ദിഗംബരനിൽ കാണാൻ ആഗ്രഹിച്ച ഭാവം.
അന്തരീക്ഷത്തിൽ ഢമരുവിന്റെ ദ്രുത താളം അലയടിക്കുന്നുവോ.. വലംകാൽ ചിലമ്പ് കിലുങ്ങുന്നുവോ.. അരമണിയുടെ നാദം മുഴങ്ങുന്നുവോ ..
മരണം മുന്നിൽ നിൽക്കുമ്പോഴും ഉഗ്രരൂപിയായ ദിഗംബരനെ അവൾ കൊതിയോടെ നോക്കി. ഉറച്ച മാംസപേശികളും… കടഞ്ഞെടുത്ത ശരീരവും… വിരിമാറും. ചുടല ഭസ്മവും കുങ്കുമവും കൊണ്ട് കുറി വരച്ച വീതിയേറിയ നെറ്റിത്തടത്തിൽ തൃക്കണ്ണ് ഒളിഞ്ഞിരിക്കുന്നുവോ. ആ ശിവരൂപത്തിന് മുന്നിൽ തൊഴുകൈയോടെ അവൾ പറഞ്ഞു
“അരുത് .. എന്നെ കൊന്നു മറ്റൊരു മഹാപാപം കൂടി ചെയ്യരുത്. അങ്ങേക്കായി ഞാനെന്റെ ജീവൻ തരാൻ തയ്യാറാണ്. ഞാൻ കാരണമാണ് അങ്ങേക്ക് ലോകത്തിന് മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നത്. എന്നും സ്വപ്നങ്ങളിൽ വന്നെന്റെ ഉറക്കം കളയുന്ന…. ഹിമാലയത്തോളം തലയെടുപ്പുള്ള അങ്ങയെ തിരഞ്ഞു ഇവിടെയെത്തിയത് എന്റെ മാത്രം തെറ്റാണ്. അങ്ങയെ കൂടി അരുതാത്തതിന് പ്രേരിപ്പിച്ചതിനുള്ള പ്രായശ്ചിത്തമായി ഞാനെന്റെ ജീവൻ വെടിയുകയാണ്… “
ഭദ്രയുടെ മിഴികൾ നിറഞ്ഞു… ശബ്ദത്തിന് ചെറിയൊരു ഇടർച്ച വന്നു..
“ഞാനിവിടേക്ക് വരുമ്പോൾ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു..
എന്റെ സ്വപ്നത്തിൽ വരാറുള്ള ശിവരൂപമുള്ള അങ്ങയെ പ്രണയിക്കണം.. ആ കണ്ണുകളിലെ ദിവ്യജോതി അടുത്ത് നിന്ന് ദർശിക്കണം.. അങ്ങേയ്ക്കൊപ്പം കാറ്റായ് ലോകം ചുറ്റണം… ജാതിമത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ.. സ്ഥലകാല ശരീര ബോധമില്ലാതെ തോളോട് തോൾ ചേർന്ന് നടക്കണം. പൗർണ്ണമി നാളുകളിൽ നഗാരി വാദ്യത്തിന്റെയും കിന്നരവീണയുടെയും മാന്ത്രിക താളലയങ്ങളിൽ ലയിച്ചു ഉന്മാദ നൃത്തം ചെയ്യണം. അതിന്റെ പാരമ്യതയിൽ ശരീരങ്ങൾ പരസ്പരം ചേരാതെയുള്ള പൂർണ്ണത അനുഭവിച്ചറിയണം.
കത്തുന്ന ചുടലയിൽ നിന്ന് പാതിവെന്ത മാംസം അങ്ങയോടൊപ്പം രുചിയോടെ ഭക്ഷിക്കണം. ശിവമൂലി ആസ്വദിച്ചു വലിച്ചു അതിന്റെ പുക പോലെ അന്തരീക്ഷത്തിൽ ഒഴുകി നടക്കണം. അതിനുശേഷം മറ്റെല്ലാം മറന്നു അങ്ങയുടെ വിരിമാറിൽ തലചായ്ച്ചു പുലരുവോളം കിടക്കണം. ഉയർന്ന പാറക്കെട്ടിലോ… ആകാശത്തോളം ഉയരമുള്ള മരച്ചുവട്ടിൽ വെച്ചോ ഒരിക്കലെങ്കിലും നമുക്കൊന്നായി തീരണം…”
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി.. ആ കണ്ണീരിന് മുന്നിൽ ദിഗംബരന്റെ മിഴിയിലെ അഗ്നിയണഞ്ഞു..
“ഈ ഉള്ളവളുടെ എല്ലാ ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തന്നു. അവസാനമായി ഒരു ആഗ്രഹം കൂടി പറയട്ടെ …
മരണശേഷം എന്റെ പാതി വെന്ത മാംസം അങ്ങ് ഇതുവരെ കഴിച്ചതിൽവെച്ച് ഏറ്റവും രുചിയോടെ ആസ്വദിച്ചു കഴിക്കണം… എന്റെ ഏറ്റവും വലിയ മോഹമാണത്… സാധിച്ചു തരില്ലേ അങ്ങ്…”
വിങ്ങുന്ന ഹൃദയത്തോടെയാണവൾ അത്രയും പറഞ്ഞത്.
അതിന് ദിഗംബരൻ മറുപടി പറഞ്ഞില്ല. അവന്റെ മൗനം കണ്ട് ഭദ്ര തുടർന്നു.
” ഭദ്രയുടെ ഈയൊരു ആഗ്രഹം കൂടി സാധിച്ചു തരാൻ അങ്ങേക്ക് കനിവുണ്ടാകണം… “
അതിനായ് അവൾ അവനോട് യാചിച്ചു…
ദിഗംബരൻ തല മെല്ലെ ചലിപ്പിച്ചു.
“മതി ഇത്രയും മതി… ഇതിൽ കൂടുതൽ സന്തോഷമുള്ളതൊന്നും ഈ ഭദ്രയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എത്രപേർക്കുണ്ടാകും ഈ ഭാഗ്യം.. “
അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ മിഴിനീർ ദിഗംബരന്റെ കാൽപാദങ്ങളിലേക്ക് വീണു. അത് ഉരുകിയ ലാവപോലെ അവനെ പൊള്ളിച്ചു.
കനത്തൊരു ഇടിയുടെ അകമ്പടിയോടെ….ചരൽ വാരിയെറിയുന്നത് പോലെ പാറക്കെട്ടിന് മീതേക്ക് മഴ പെയ്തിറങ്ങാൻ തുടങ്ങി
“എന്തിനാണ് ദിഗംബരാ എന്റെ സ്വപ്നങ്ങളിൽ വന്നെന്നെ ശല്യപ്പെടുത്തിയത്. വല്ലാത്തൊരു മോഹമായി എന്നിൽ നിറഞ്ഞത്…ആരും മോഹിച്ചു പോകും മഹാദേവന്റെ രൂപമുള്ള ദിഗംബരനെ. ഇനിയുമെത്ര ജന്മമെടുത്താലും ഭദ്രയായി അങ്ങയുടെ ഇഷ്ടം നേടാൻ കഴിയണമെന്നൊരു പ്രാർത്ഥനയേയുള്ളു എനിക്ക്..
ഞാൻ പോകുന്നു ദിഗംബരാ. ഇത് ഞാനായിട്ട് അങ്ങേക്കുണ്ടാക്കിയ മാനക്കേടിന് പകരമാവില്ലെന്നറിയാം. എങ്കിലും എന്റെ ആത്മ സംതൃപ്തിക്ക് വേണ്ടി ഞാനിത് ചെയ്തേ മതിയാകൂ… “
അതും പറഞ്ഞവൾ പാറക്കെട്ടിൽ നിന്ന് മുന്നോട്ട് കുതിച്ചു. അവളെ തടയാനായി ഒപ്പം കുതിച്ച ദിഗംബരന് പിടുത്തം കിട്ടിയത് ഭദ്രയുടെ വലംകൈയിലാണ്. കൈത്തണ്ടയിൽ നൂലിൽ കൊരുത്തുകെട്ടിയിരുന്ന രുദ്രാക്ഷങ്ങൾ നൂൽ പൊട്ടി അന്തരീക്ഷത്തിലൂടെ പറന്നു. തന്റെ കയ്യിൽ നിന്നും ഊർന്നു പോകുമ്പോൾ അവളുടെ കണ്ണിലെ നീർമണിയിൽ തന്റെ രൂപം അകന്നു പോകുന്നത് അവൻ കണ്ടു. അവൾ രുദ്രാക്ഷങ്ങൾക്കൊപ്പം താഴേക്കു പോയി. ദിഗംബരൻ
വിറങ്ങലിച്ചു നിന്നു പോയി..
ഭദ്രയുടെ ദാരുണാന്ത്യത്തിൽ ആകാശം പൊഴിച്ച കണ്ണീരിൽ നനഞ്ഞു കുതിർന്ന വിറകുകൾ കൊണ്ടവൻ അവൾക്കായി ചിതയൊരുക്കി.
ചിതയിലേയ്ക്ക് തീ പകരുമ്പോൾ അവന്റെ കൈകൾ വിറകൊണ്ടു. തന്നെ മോഹിച്ച് കാതങ്ങൾ താണ്ടി എത്തി പ്രണയിക്കാനും സ്വന്തമാക്കാനും ആഗ്രഹിച്ചവൾ. തന്നിൽ അലിഞ്ഞു ചേർന്നവൾ.. ഇതാ… തന്റെ കൺമുന്നിൽ കത്തിയമരാൻ പോകുന്നു. അന്നാദ്യമായി ദിഗംബരന്റെ മിഴികൾ ഈറനണിഞ്ഞു. നിറഞ്ഞൊഴുകിയ നീർമുത്തുകൾ കവിളിലെ ചുടല ഭസ്മം മായ്ച്ചുകൊണ്ട് ചാലിട്ടൊഴുകി.
കണ്ണെരിയുന്ന പുകയോടെ ചിതയിൽ അഗ്നി ആളിപടർന്നു. തീനാളങ്ങൾ ഭദ്രയുടെ മേനിയെ പുണരാൻ തുടങ്ങി.
മാംസം കത്തുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ അന്നുവരെയില്ലാത്ത അസ്വസ്ഥത അവനിൽ ഉടലെടുത്തു. ആദ്യമായി അവന് മനുഷ്യ മാംസത്തോട് വിരക്തി തോന്നി.
അവളുടെ അവസാനത്തെ ആഗ്രഹം.. അത് സാധിച്ചു കൊടുക്കാൻ തനിയ്ക്ക് കഴിയുമോ..
“മഹാദേവാ… എന്തൊരു പരീക്ഷണമാണിത് .”
ദിഗംബരൻ കത്തുന്ന ചിതയിൽ നിന്ന് ഒരു വശത്തെ വിറക് കഷ്ണങ്ങൾ നീക്കി മാറ്റി . തന്റെ ഭദ്രയുടെ ആഗ്രഹ പൂർത്തിയ്ക്കായി തനിയ്ക്കത് ചെയ്തെ കഴിയൂ..
അവൻ വിറയാർന്ന കൈകൾ കൊണ്ട് പാതി വെന്ത അവളുടെ കീഴ്ചുണ്ട് അടർത്തിയെടുത്തു. വിങ്ങുന്ന ഹൃദയത്തോടെ അവനത് ഭക്ഷിക്കാൻ തുടങ്ങി.
തന്റെ ചുണ്ടിൽ നിന്ന് ഉയിരൂറ്റിയെടുക്കുന്ന ചുംബനങ്ങളെക്കാൾ സ്വാദുണ്ടായിരുന്നു അവളുടെ ചുണ്ടിന്. അവന്റെ ഹൃദയം ഞെരിഞ്ഞു. മനഃശക്തിയെല്ലാം കണ്ണീരായി അലിഞ്ഞു പുറത്തേക്കൊഴുകി.
ജീവിതത്തിലാദ്യമായി അവന് മഹാദേവനോട് വെറുപ്പ് തോന്നി… വർഷങ്ങളോളം മഹാദേവനെ ഉപാസിച്ചിട്ട് താനെന്ത് നേടി…ഒന്നും നേടിയില്ലെന്ന് മാത്രമല്ല എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു.
“ഹേയ് മഹാദേവാ…ഇങ്ങിനെ ശിക്ഷിക്കപ്പെടാൻ മാത്രം ഈ ഉള്ളവൻ എന്ത് തെറ്റാണ് അങ്ങയോട് ചെയ്തത്.”
അവന്റെ ശബ്ദവീചികൾ നീൽകാന്തിനെ പ്രകമ്പനം കൊള്ളിച്ചു. കാറ്റിലൂടെ ഒഴുകിയിരുന്ന മേഘങ്ങൾ വായുവിൽ ഒട്ടിപ്പിടിച്ചതുപോലെ നിശ്ചലം നിന്നു. അസ്തമയ സൂര്യൻ മേഘക്കീറുകൾക്കുള്ളിലൊളിച്ചു. പക്ഷി മൃഗാദികളും വൃക്ഷ ലതാതികളും ചലിക്കാൻ മറന്നു നിന്നു. അത്രമേൽ ശക്തമായിരുന്നു ദിഗംബരന്റെ ചോദ്യം.
“എന്നെ സ്നേഹിച്ച ഒരുവളെ പ്രണയിച്ചതോ… അതോ അവൾ മോഹിച്ച ശരീരം അവൾക്കേകിയതോ. പറയൂ മഹാദേവാ.. ത്രിലോക നാഥനായ അങ്ങേയ്ക്കുപോലും മോഹിനീ രൂപത്തിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പാർവ്വതീ ദേവി അരികിലുള്ളപ്പോഴും ഗംഗാമാതാവിനെ തിരുജടയിലൊളിപ്പിച്ചു കൊണ്ട് നടക്കുന്നില്ലേ മഹാദേവാ.. പിന്നെയാണോ നിസ്സാരനായ ദിഗംബരൻ… “
ദിഗംബരന്റെ വാക്കുകളിൽ അഗ്നി ചിതറി. ഭദ്രയെ നഷ്ടപ്പെട്ടതിന്റെ വേദനയും മനസ്താപവും വാക്കുകളായി പുറത്തേക്ക് വന്നു.
“അവളുടെ ശരീരത്തിലും ശാരീരത്തിലും ഈ ഉള്ളവൻ ഭ്രമിച്ചു പോയി എന്നത് നേര്. മറ്റെല്ലാം മറന്നെങ്കിലും..ഒന്ന് മാത്രം മറന്നിരുന്നില്ല മഹാദേവാ.. അങ്ങേക്കുള്ള ജപം. അത് മുടക്കിയിട്ടില്ല ദിഗംബരൻ… “
അവന്റെ രോഷം അടങ്ങുന്നില്ല… ദിഗംബരൻ തുടർന്നു.
“എങ്കിലും അഘോര ദീക്ഷ സ്വീകരിക്കുമ്പോൾ ഞാൻ അങ്ങയോട് ചെയ്തു തന്ന സത്യങ്ങൾ എനിക്ക് പാലിയ്ക്കാൻ കഴിയാതെ പോയി. വാക്കിൽ വിശ്വസിക്കുന്ന ആളാണ് ദിഗംബരൻ.
വാക്ക് തെറ്റിച്ച എനിക്ക് ഇനി ഭൂമിയിൽ ജീവിക്കാൻ അർഹതയില്ല.
എന്നോട് പൊറുക്കണം മഹാദേവാ… എനിക്കായ് ജീവനൊടുക്കിയവളുടെ സ്നേഹത്തിനും ത്യാഗത്തിനും മുന്നിൽ അല്പ നേരം അങ്ങയോട് ദേഷ്യം തോന്നിപ്പോയെങ്കിലും അങ്ങാണെനിക്കെല്ലാം… അത് കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. അങ്ങയോട് ചെയ്ത് പോയ തെറ്റിന് പ്രായശ്ചിത്തമായി ഞാനെന്റെ ജീവൻ അങ്ങേക്കായി ബലി നൽകുകയാണ്…സ്വീകരിച്ചാലും..”
ദിഗംബരൻ മനസ്സിൽ മഹാദേവനെ സ്മരിച്ചു ഉറച്ച കാൽവെപ്പുകളോടെ ചിതയിലേക്ക് നടന്നു കയറി. ഒറ്റക്കാലിൽ നിന്ന് മിഴികളടച്ചു ഇരുകൈകളും ശിരസ്സിന് മീതേ കൂപ്പി.
തീ നാമ്പുകൾ ആദ്യമൊക്കെ ദിഗംബരനെ തൊടാൻ മടിച്ചെങ്കിലും മെല്ലെമെല്ലെ അവന്റെ ശരീരത്തെ പുണരുവാൻ തുടങ്ങി. കനത്ത ചൂടിൽ അവന്റെ ദേഹം ഉരുകിയൊലിച്ചു. വെന്ത മാംസ കഷണങ്ങൾ അഗ്നിയിലേക്ക് ഇറുന്നു വീണു കൊണ്ടിരുന്നു. ജീവൻ വേർപെട്ട ശരീരം ചിതയിലേക്ക് വീണ് തീപ്പൊരികൾ ഇളകി പറന്നു..
ദിഗംബരനെ മഹാദേവൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
ഇനിയൊരു ജന്മത്തിനായ് ഭദ്രയുടെ ആത്മാവ് കാത്തിരുന്നു… മോഹ സാഫല്യത്തിനായ്……