Friday, December 27, 2024
HomePoemsആത്മഹത്യ. (കവിത)

ആത്മഹത്യ. (കവിത)

ആത്മഹത്യ. (കവിത)

സുമോദ് പരുമല. (Street Light fb group)
ഓരോ ആത്മഹത്യകളും
ഓരോ കൊലപാതകങ്ങളാണ് .
ജീവിതമോഹങ്ങളുടെ
ശിരസ്സരിഞ്ഞെറിയുന്നു ..
വ്യവസ്ഥിതികളുടെ
ഖഡ്ഗത്തിളക്കങ്ങൾ .
അവിടെ ,
കടപ്പല്ലുകൾ കടിച്ച്,
കയ്പുകുടിച്ചിറക്കി ,
വെളുക്കെച്ചിരിയ്ക്കുന്ന
സൗഹൃദങ്ങളുണ്ട് .
സ്വപ്നം കാണുന്നവന്റ
കൺമുമ്പിലേക്ക്
നീട്ടിവലിച്ചിട്ട
പുഷ്പവിരിപ്പുകളുണ്ട് .
അധികാരത്തിന്റെ
ഹുങ്കാരമിരമ്പുന്ന
സുവർണ്ണസിംഹാസനങ്ങളുണ്ട് .
കലയുടെദൈവങ്ങൾ
അകലെയെവിടെയോ നിന്ന്
ചുഴറ്റിഭ്രമിപ്പിയ്ക്കുന്ന
മാന്ത്രികദണ്ഡുകളുടെ
രത്നശോഭകളുണ്ട് .
സ്വപ്നവാതായനങ്ങളിലൂടെ
കാമനകളുടെ പഞ്ജരങ്ങളിൽ നിന്ന്
ഹൃദയംകൊത്തിപ്പറക്കുന്ന
പ്രണയപ്പക്ഷികളുണ്ട് .
മാർച്ചാലിലെനനവിലും
തുടക്കാമ്പിന്റെ വെണ്മയിലും
മൂക്കുകുത്തി വീണ്
ഉടഞ്ഞ് തരിപ്പണമായ
അഭിമാനസ്തംഭങ്ങളുണ്ട് .
ഓരോ ആത്മഹത്യകളും
ഓരോ കൊലപാതകങ്ങളാണ് .
കടംകൊണ്ട നാണയത്തുട്ടുകളുടെ
ഭയപ്പെടുത്തുന്ന കിലുങ്ങൾ
കത്തിയമർന്ന പട്ടടകളിൽ
ചാരമായിത്തീർന്ന
ഉടലുകളിലേക്ക്
ഹവിസ്സു തൂവാറുണ്ട് .
പോസ്റ്റുമോർട്ടം ടേബിളുകളിൽ
പറിച്ചെടുത്ത ഹൃദങ്ങളുടെ
ഇരുട്ടുമൂടിയ അറകളിൽനിന്ന്
അടക്കിക്കെട്ടിയ നിലവിളികൾ
അഴിഞ്ഞു വീഴുന്നുണ്ടാവും ..
ജീവിച്ചുകൊതിതീരാത്തവന്റെ
നിലവിളികൾ .
ഓരോ ആത്മഹത്യകളും
ഓരോ കൊലപാതകങ്ങളാണ് .
ജീവിതമോഹങ്ങളുടെ
ശിരസ്സരിഞ്ഞെറിയുന്നു,
വ്യവസ്ഥിതികളുടെ
ഖഡ്ഗത്തിളക്കങ്ങൾ .
RELATED ARTICLES

Most Popular

Recent Comments