ആശിഷ് വി നായർ. (Street Light fb group)
കൂട്ടുകാരാ,നിന്നെത്തേടി ഞാനിവിടെത്തി
ആര്‍ത്തനാദങ്ങളുടെ ഈ യുദ്ധവേദിയില്‍
മജ്ജയും,മാംസവും ചോരയും കണ്ണീരുമൊ-
ത്തുചേര്‍ന്നിവിടെയൊരു നരകം പിറക്കുന്നു.
തറയില്‍ തളംകെട്ടിനില്‍ക്കുന്ന ചോരയില്‍
തേടിനിന്‍ ജാതിയും,പൂണൂലും സ്നേഹിതാ..
കേള്‍ക്കുമീ നിലവിളികള്‍ കാതോര്‍ത്തിരിക്കവേ..
എല്ലാ,വിളികളുമേകമായ് തോന്നുന്നു …!
കഠിനമാം വേദനയൊന്നാക്കി മാറ്റുമോ
കണ്ടാല്‍ ചിരിക്കാത്തൊരീമര്‍ത്യജാതിയെ..!
കണ്ടു ഞാന്‍ ദൈവത്തെ,യവിടെവച്ചാദ്യമായ്
വെള്ളവസ്ത്രങ്ങളിലോടി നടപ്പവര്‍..
ദൈന്യതമുറ്റിയ മുഖവുമായാളുകള്‍
നിലവിളികള്‍ കാതോര്‍ത്തു കണ്ണീരൊഴുക്കുന്നു..
വേഗങ്ങളെ നിങ്ങള്‍ വേഗം വിളിച്ചുവോ..
നിങ്ങളെ പ്രണയിച്ചൊരെന്‍റെ സതീര്‍ത്ഥ്യനെ
കൂട്ടുകാരാ നിന്നെക്കാണാന്‍ കഴിഞ്ഞില്ല
വെള്ളപുതച്ചു നീ,വീട്ടിലേക്കെത്തിപോല്‍..
കണ്ണീരൊഴുക്കി ഞാന്‍ താഴേക്കിറങ്ങവേ
കാതിലിരമ്പുന്നു പ്രാണന്‍റെ രോദനം.