ജോൺസൺ മുല്ലശ്ശേരി. (Street Light fb group)
മഹായുഗങ്ങൾക്കപ്പുറം വരണ്ടുകിടന്നഭൂവിൽ
മഹാമാരിപെയ്തു വെള്ളമൊഴുകിവന്നു
മഹാബ്‌ധിയായ് മാറി ഗർത്ത,മതിൽ പലജീവജാലം
മുളച്ചിതു ലോകമെങ്ങും പടർന്നുകേറി!
മത്സ്യമായും കൂർമ്മമായും വരാഹമെന്നിവയായും
മാനവന്മാരായും മാറി പരിണാമത്താൽ!
മണ്ണിലാദ്യമലഞ്ഞവർ കാട്ടുകനി ഭുജിച്ചിട്ടാ-
മണ്ണിൽക്കിടന്നുറങ്ങയും ചെയ്തു പൂർവ്വികർ!
മൃഗങ്ങളെവേട്ടയാടി,പച്ചമാംസം കഴിച്ചവർ
മൃഗങ്ങൾക്കു സമന്മാരായി നടന്നകാലം
മുന്നിലഗ്നികണ്ടനാളിൽ ഭാഗ്യം ഭാഗ്യം വെന്തമൃഗ-
മാംസമതിൽ കൈകുത്തിയും നാവിൽ രുചിച്ചും
മുന്നോട്ടുള്ള പ്രയാണമങ്ങാരംഭിക്കെ ചക്രത്തിന്റെ-
മുന്നോട്ടുള്ള ഗതികണ്ടു തരിച്ചുനിന്നു!
മാന്യരായി പരിഷ്‌കാരം നേടിയവർ മുന്നേറവേ
മാറ്റത്തിന്റെ ശംഖൊലിയും പ്രതിധ്വനിച്ചു!
മദമത്തവീരരായി മണ്ണിൽ നാശം വിതയ്ക്കയായ്
മലിനമായ് ജലം,വായു,മണ്ണുമെത്രയും!
മാനവരേ,യിനിവരും തലമുറ നമുക്കൊന്നും
മാപ്പുതരില്ലിതിൻ വണ്ണം മുന്നോട്ടുപോയാൽ!
മടിക്കാതെ ,മറക്കാതെ മനസ്സുവച്ചൊന്നിച്ചു നാം
മനഞ്ഞെടുത്തുടൻ ജലം സംരക്ഷിക്കേണം.