Friday, December 27, 2024
HomeLiteratureഅയാൾ ഒരു വ്യത്യസ്തൻ. (ചെറുകഥ)

അയാൾ ഒരു വ്യത്യസ്തൻ. (ചെറുകഥ)

അയാൾ ഒരു വ്യത്യസ്തൻ. (ചെറുകഥ)

അനിൽജിത്ത് കുന്നത്ത്. (Street Light fb group)
“ഞാനും കൂടാം പച്ചക്കറികൾ അരിയാൻ..”
നീളൻ കാരറ്റ് കൈയ്യിലെടുത്ത് പിടിച്ച് അയാൾ പറഞ്ഞപ്പോൾ അവർക്ക് അത്ഭുതമായിരുന്നു.
“എന്തായിരിക്കും പതിവില്ലാതെ ഇങ്ങനെ?” അമ്മയും മകളും മുഖത്തോടു മുഖം നോക്കി.
നാളുകൾക്ക് ശേഷം മകളും മരുമകനും വിരുന്നിനു വന്നതാണ്. അതിന്റെ സന്തോഷത്തിലായിരുന്നു അമ്മ.
മരുമകൻ ഇത്രനാളും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നത് കണ്ടപ്പോൾ ആ മുഖത്ത് ആശ്ചര്യം വിടർന്നു.
”ഇതെല്ലാം വീട്ടിലെ പെണ്ണുങ്ങൾ ചെയ്യേണ്ട പണിയാണ്…കറിക്കരിയാനും പാത്രം മോറാനും എന്നെ കിട്ടില്ല…!!”
ഇങ്ങനെ പറയാറുള്ള ആൾക്ക് ഇന്നെന്തുപറ്റി?മകളുടെ ചിന്തകൾ ഈ രീതിയിൽ കുന്നു കയറാൻ തുടങ്ങി.
അയാൾ ഒരു കറിക്കത്തി കയ്യിലെടുത്തു.കൈയ്യിൽ ഇട്ടു കറക്കി.പിന്നെ കാരറ്റിന്റെ തൊലി ചുരണ്ടാൻ തുടങ്ങി.. വരണ്ട തൊലി ഉതിർന്നു വീണു ചുരുണ്ടുകൂടിക്കൊണ്ടിരുന്നു. ഉള്ളിലെ മാംസള ഭാഗം ചുവപ്പു കലർന്ന മഞ്ഞ നിറത്തിൽ തിളങ്ങി.
കാരറ്റ് നീളത്തിൽ കീറിയിടാൻ തുടങ്ങുമ്പോൾ സ്തബ്ദയായി നിൽക്കുന്ന ഭാര്യയെ നോക്കി അയാൾ കണ്ണിറുക്കി.
അവൾ വീണ്ടും ഞെട്ടി. ഈ കണ്ണിറുക്കൽ,ഇതും പതിവില്ലാത്തതാണ്.
കാരറ്റുകൾ നീളത്തിൽ കീറിയും ചുരണ്ടിയും അയാൾ മുന്നേറിക്കൊണ്ടിരുന്നു…
“കാരറ്റ് തീർന്നു..!!!
ഏത്തയ്ക്കയും ഉരുളക്കിഴങ്ങും ഇങ്ങോട്ടുതരു..”
പറയുമ്പോൾഅയാളുടെ കണ്ണുകൾക്ക് പുതിയ തിളക്കം വന്നതായി അവൾക്ക് തോന്നി.
അവൾ സംശയത്തോടെ ഉരുളക്കിഴങ്ങും ഏത്തയ്ക്കയും നീക്കി വെച്ചു കൊടുത്തു..
പിന്നീട് മുരിങ്ങക്കോൽ കയ്യിലെടുത്തു
ശ്രദ്ധയോടെ നാരു കളയുന്നതിനിടയിൽ അവൾ ഒളി കണ്ണാലെ അയാളെ നോക്കി…
ഉരുളക്കിഴങ്ങും വാഴക്കയും തൊലി കളഞ്ഞ് ഭംഗിയായി ഒരേ നീളത്തിൽ മുറിച്ചു വെച്ചിരിക്കുന്നു.
അവളുടെ അധരക്കോണുകളിൽ ചെറു ചിരി വിടർന്നു.
”ഇന്ന് അവിയൽ ഞാൻ ഉണ്ടാക്കാം.!!’ അയാളിൽ നിന്നും ഉയർന്ന അപ്രതീക്ഷിത സ്വരം അവളെ ഞെട്ടിച്ചു.. കൈയ്യിൽ നിന്നും മുരിങ്ങക്കോൽ താഴെ വീണു..!!
ഞെട്ടലിൽ നിന്നും വിമുക്തയായപ്പോൾ അമ്മയും മകളും പരസ്പരം നോക്കി..പുഞ്ചിരിച്ചു.
”ഏട്ടന് അറിയുമോ? അവിയൽ ഉണ്ടാക്കാൻ?”
അയാൾ പിണങ്ങിയെങ്കിലോയെന്ന ഭയത്തോടെ അവൾ ചോദിച്ചു.
ഈ സന്തോഷം എപ്പോൾ വേണമെങ്കിലും മാറാം.. ഒരു നിമിഷത്തിന്റെ പത്തിലൊരംശം പോലും വേണ്ട അയാളുടെ സ്വഭാവം മാറാൻ. അതാണ് അയാൾ. നോക്കി നില്ക്കെ പിണങ്ങുന്നവൻ.
“ഇയാൾക്ക് ആരോടെങ്കിലും സ്നേഹമോ കാരുണ്യമോ ഉണ്ടോ? “
അവൾ ഇടക്കിടെ സ്വയം ചോദിച്ചിരുന്ന ചോദ്യം അയാളുടെ ഈ സ്വഭാവം കൊണ്ട് ഇപ്പോൾ പലരും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
“അവിയലും, സാമ്പാറും, മീൻകറിയും, ബീഫ് ഉലർത്തിയതുമൊക്കെ ഉണ്ടാക്കാൻ എനിക്കറിയാം.. ”
അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.
”ഇയാൾ തങ്ങളെ കളിയാക്കുകയാണോ?”
അവർ സംശയത്തോടെ മിണ്ടാതെ ഇരുന്നു.
“ഒരിക്കൽ ഒറ്റയാനായി ഹൈറേഞ്ചിലെ തോട്ടങ്ങളിലെവിടെയൊക്കെയോ ജീവിച്ചിട്ടുണ്ട്..!! അപ്പോൾ പഠിച്ചതാകാം.” അവൾ ചിന്തിച്ചു.
“ഏത്തയ്ക്കാ തൊലി അവിടെ ഇരിക്കട്ടെ.. അതിനു ആവശ്യമുണ്ട്..”!!
പറഞ്ഞിട്ട് അയാൾ അടുക്കളയിലേക്ക് നടന്നു.പുറകെ ചെന്ന അവരെ വിലക്കി.
“നിങ്ങൾ ടി വി യിൽ സിനിമ കണ്ടോളൂ… ഇങ്ങോട്ടു വരേണ്ട.”
അവർ മറുത്തൊന്നും പറഞ്ഞില്ല.
പറഞ്ഞാൽ ചിലപ്പോൾ അയാൾ പിണങ്ങും
ടി വി കാണുമ്പോഴും അവരുടെ മനസ്സ് അടുക്കളയിലായിരുന്നു. ഇടക്കിടെ അവർ അങ്ങോട്ടു പാളി നോക്കി.
തലയിൽ തോർത്തുമുണ്ട് വട്ടം ചുറ്റിനിൽക്കുകയാണ് അയാൾ.
തേങ്ങ ചുരണ്ടുന്ന ശബ്ദം താളനിബദ്ധമായി ഇടക്കുയർന്നു.
മിക്സി പ്രവർത്തിക്കുന്ന ശബ്ദം. പാചകത്തിലാണ് അയാൾ.
ഇടക്ക് എപ്പോഴോ അവിയലിന്റെ സ്വാദിഷ്ടമായ സുഗന്ധം നാസികയലേക്ക് തുളഞ്ഞുകയറി.
അവൾ അമ്മയെ നോക്കി.
അമ്മ കൈമലർത്തിക്കാണിച്ചു.
”അവിയൽ തയ്യാറായിരിക്കുന്നു.. ” അയാൾ വിളിച്ചു പറഞ്ഞു.
ഏത്തയ്ക്കയുടെ തൊലി കൊണ്ട് ഉലർത്തു കറിയും,പിന്നെ ഒരു ഇഞ്ചി ചമ്മന്തിയും കൂടെ ഉണ്ട്.. “
അയാൾ വിജയ ഭാവത്തിൽ ചിരിച്ചു.
അവർ അടുക്കളയിലേക്കു ചെന്നു.
അവിയൽ ചെരുവം വാഴയില കൊണ്ട് ഭംഗിയായി മൂടിവെച്ചിരിക്കുന്നു.
അതിൽ നിന്നും നവ്യ സുഗന്ധം ഉയരുന്നു.
”ഇന്ന് ഞാൻ വിളമ്പിത്തരാം, നിങ്ങൾ കൈകഴുകി ഇരുന്നോളൂ..”
അയാൾ പറയുന്നത് അനുസരിക്കാതെ അവർക്ക് നിവൃത്തിയില്ല.
കൈ കഴുകിയെത്തിയ ഇരുവർക്കും അയാൾ വിളമ്പിക്കൊടുത്തു..ഒപ്പം അയാളുമിരുന്നു.
അവൾ സംശയത്തോടെ അവിയൽ രുചിച്ചു നോക്കി..
“നല്ല സ്വാദ്.. രുചികരം “.അവൾ മനസ്സിലോർത്തു.
”എത്തയ്ക്ക തൊലി കൊണ്ടുള്ള ഉലർത്തും ഗംഭീരമായിട്ടുണ്ട്… “
ഇഞ്ചി ചമ്മന്തി തൊട്ടു നോക്കുമ്പോൾ അമ്മയുടെ മുഖഭാവം അവൾ ശ്രദ്ധിച്ചു.
അമ്മയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
രുചി ആസ്വദിക്കുന്നതായി അവൾക്ക് മനസ്സിലായി.
അയാൾ അവരെ നോക്കി ഊറിയൂറി ചിരിച്ചു.
രാത്രി വൈകി.. മുറ്റത്തെ മാവിന്റെ ചുവട്ടിൽ നിൽപുണ്ടയാൾ.
ഏതോ ചിന്തകളിൽ വലഞ്ഞ്..
”സാധാരണ പിണങ്ങിയിരിക്കുമ്പോഴാണ് ഇങ്ങനെ..”അവൾ ഓർത്തു.
”വിളിച്ചാൽ ചിലപ്പോൾ ദേഷ്യപ്പെടും..!!”
ഇടക്കിടെ അവൾ മുറ്റത്തേക്ക് നോക്കും
അയാളുണ്ട് അവിടെ.. നിശ്ചലനായി
ഇരുട്ടിലേക്ക് തുറിച്ചു നോക്കി..
ഇടക്ക് എപ്പോഴോ നിദ്ര അവളുടെ കണ്ണുകളിൽ ഇരച്ചെത്തി…
ആഴത്തിലുള്ള നിദ്ര.
നിദ്ര വിട്ടുണരുമ്പോൾ അവൾ വരാന്തയിലേക്കോടി.
മുറ്റത്ത് അയാൾ ഉണ്ടായിരുന്നില്ല.
മുന്നിലെ കട്ടപിടിച്ച ഇരുട്ടിലേക്ക് തുളഞ്ഞിറങ്ങിയ പ്രകാശ നാളങ്ങൾക്കൊന്നും അയാളെ കണ്ടെത്താനായില്ല.
ഇതും അയാളുടെ രീതിയാണ്…!!
ആരോടും പറയാതെ ഇടക്കിടക്ക് അയാൾ മുങ്ങും.
പിന്നീട് തിരിച്ചെത്തും..
ഇടയ്ക്ക് എപ്പോഴെങ്കിലും..
ഒരു മൂളിപ്പാട്ടും പാടി…!!
ഇന്നും അയാൾ പോയിരിക്കുന്നു.
അവൾ വരാന്തയിൽ തളർന്നിരുന്നു..
ഇരുട്ടിലൂടെയുള്ള അയാളുടെ വരവും കാത്ത്..
RELATED ARTICLES

Most Popular

Recent Comments