പി എച്ച് സാബു. (Street Light fb group)
ഞാൻ ആശ ഗോപിനാഥ് .തെറ്റിദ്ധരിക്കണ്ട . അവിവാഹിതയാണ് .ഗോപിനാഥ് എന്റെ അച്ഛന്റെ പേരാകുന്നു .തൊഴിൽ പത്ര പ്രവർത്തനം.ജേർണലിസം കഴിഞ്ഞ ഉടനെ ഒരു മലയാളം പത്രത്തിന്റെ തലസ്ഥാന റിപ്പോർട്ടറായി നിയമനം കിട്ടി. ഒരു കവർ സ്റ്റോറി തയ്യാറാക്കാനായി വന്നു മടങ്ങിയ ഞാൻ ..ഒരു തിരുവനന്തപുരം യാത്രയിൽ പരിചയപ്പെട്ടതാണവളെ. ചൂളം വിളിച്ചു നീങ്ങുന്ന തീവണ്ടി വേഗങ്ങളിൽ …ഒരു വെടിപ്പ് കുറഞ്ഞ കമ്പാർട്ട്മെന്റിൽ
നാടോടികൾക്കൊപ്പം ,അകലം പാലിക്കാതെ ഏതോ പുസ്തകത്തിൽ മിഴിയൂന്നി ഇരുന്ന അവളെ മറ്റൊരു സീറ്റിൽ നിന്നും ഞാൻ കണ്ണുടക്കി കണ്ടു .ഗ്രാമീണത നിഴലിക്കുന്ന മുഖ ഭാവം.ചായം പൂശാതെ,കൊഴുപ്പ് കൂട്ടാതെ തന്നെ സൌന്ദര്യ പ്രഭ വിതറി അവളിരുന്നു.
.
തൊട്ടടുത്ത സ്റ്റെഷ നുകളിൽ നാടോടിക്കൂട്ടം പടിയിറങ്ങിയതോടെ,ഞാൻ എന്റെ ഇരിപ്പിടം അവളുടെ ചാരത്തേക്ക് നീക്കി. അങ്ങോട്ട് പരിചയപ്പെടുകയായിരുന്നു. പിന്നങ്ങോട്ട് വല്ലാതെ വളർന്ന ബന്ധം . എന്നേക്കാൾ രണ്ടു വയസ്സ് കുറയും അവൾക്ക്.പഠനം കഴിഞ്ഞ ഉടനെ ജോലികിട്ടി .നഗരത്തിലെ തിരക്കൊഴിഞ്ഞ
ഭാഗങ്ങളിലൊന്നിൽ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ അവൾ ഇടം കണ്ടെത്തി .എന്നെ നിർബന്ധിച്ച് കൂടെ ക്കൂട്ടി .പിന്നീടങ്ങോട്ട് ഏറെ നാൾ
ഒരുമിച്ചു സഹവാസം .കഥ പറഞ്ഞും കവിത വായിച്ചും ലൈബ്രറികൾ
കയറിയിറങ്ങിയും സിനിമ കണ്ടും കൊഴുപ്പിച്ച ഞങ്ങളുടെ നഗര ജീവിതം .
വേഗം പായുന്ന നഗരത്തിൽ ,ഒട്ടും ധൃതി കൂട്ടാതെ ഞങ്ങൾ ആസ്വദിച്ച വൈകുന്നേരങ്ങൾ .ആഴ്ചയിലൊരുദിനം രണ്ടിടങ്ങളിലേക്ക് പിരിയുന്നത് പോലും തെല്ലു വേദനയാൽ . അവധി തീർത്തെത്തിയാൽ പിന്നെ വീട്ടുവിശേഷങ്ങൾ മത്സരിച്ചു പറഞ്ഞു തീർക്കും. എന്നാൽ ആ സുദിനങ്ങൾക്ക് പൂട്ട് വീഴുകയാണ് .ഇത്തവണ അവൾ മടങ്ങി വന്നത്
അവളുടെ വിവാഹ വാർത്തയുമായാണ് .
ഒരു ധനികനുമായി ഉറപ്പിച്ച വിവാഹം .അച്ഛന്റെ മരണ ശേഷം പലപ്പോഴും അവളുടെ വീട്ടു കാര്യങ്ങളിൽ താങ്ങും തണലുമായത് അമ്മാവനായിരുന്നു .അമ്മയും അമ്മാവനും ചേർന്നെടുത്ത തീരുമാനം അവൾ വഴങ്ങി .അവളുടെ മണവാളന് ഏഴഴക് വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു .ആലോചനയിൽ ..നടത്തിപ്പിൽ ഒരം ചേർന്ന് നില്ക്കണമെന്ന് ഞാനും കൊതിച്ചിരുന്നു .ഇവിടെ നമ്മുടെ ചിന്തകൾക്കപ്പു റ ത്തേക്ക് നീങ്ങിയ കാര്യങ്ങൾ . ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ .സ്വാതന്ത്ര്യ
സങ്കല്പം …ഭാവനകൾ .എല്ലാം കൊഴിയുന്ന തീരുമാനങ്ങൾ .ആരോ എഴുതുന്ന കുറിപ്പടികൾ .അനുസരണയോടെ പാലിക്കുന്ന നമ്മൾ .ഞാൻ ഓർത്തു.
എന്റെ വാചാകക്കാരി എന്തോ പെട്ടെന്ന് നിശ്ശബ്ദ ആയി മാറി .ഒരു വിഷാദ
രോഗിയെപ്പോലെ ..അവൾ .ശബ്ദം തോരാത്ത ഞങ്ങളുടെ ഹോസ്റ്റെൽ മുറി
മൂകം വിങ്ങിയ ദിന രാത്രങ്ങൾ .പെട്ടെന്ന് നടത്തണമത്രേ കല്യാണം .അവളെ
ഒറ്റയ്ക്ക് യാത്രയാക്കാതെ ഞാനും ചെന്നു ഇത്തവണ അവളുടെ വീട്ടിലേക്ക്.
ഒരുക്കങ്ങൾ തകൃതിയായ കല്യാണ വീട്ടിൽ എന്റെ അവസാന സഹാവാസത്തിന്റെ മൂന്നു ദിനങ്ങൾ.പലപ്പോഴും അവൾ വിങ്ങി പൊട്ടി .ചില വേള എന്നെ കെട്ടിപ്പിടിച്ചു .മനസ്സ് ചോദിക്കാത്ത ..കൂടി ചേരലുകൾ .
അമ്മയോട് മറുത്തു പറയാൻ നാവു പൊങ്ങില്ല ,അവൾക്ക് എന്നെനിക്കറിയാം .
കാലത്തിന്റെ കുപ്പായമാറ്റത്തിൽ അവൾ അമ്മയായി .കൂടെകൂടെ വന്ന
ചില സ്ഥലം മാറ്റങ്ങൾ ,ഞങ്ങളുടെ അകലം വർദ്ധിപ്പിക്കുകയും ചെയ്തു .ഇടയ്ക്കു ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും അവൾ മനസ്സ് തുറന്നുമില്ല .പെട്ടെന്നവസാനിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ .പിന്നെ അതും കുറഞ്ഞു.കുറഞ്ഞു വന്നു .
പിന്നെ ഞാനവളെ കാണുന്നത് ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ …നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ ഞാൻ ചെന്നപ്പോൾ അവിടെ എന്റെ
സുഹൃത്ത് …മുഴച്ച വയറുമായി ….ഗൈനക്കോളജിയുടെ ..വാതിൽക്കൽ .
അമ്മ കൂടെയുണ്ട് .ഞാൻ ഞൊടിയിടയിൽ അവരുടെ അരികിലെത്തി .തളർന്ന
കണ്ണുകൾ.ഒട്ടും പ്രസാദമില്ലാത്ത വദനഭാവം.കണവനെ കുറിച്ച് തിരക്കിയെങ്കിലും അവളൊന്നും മൊഴിഞ്ഞില്ല.ഒരു നോട്ടം മാത്രം മടക്കി തന്ന്,
അവളെന്നിലേക്ക് ദൃഷ്ട്ടി പായിച്ചു .എപ്പോഴോ നനഞ്ഞ കണ്ണുകൾ ,എന്നെ അറിയിക്കാതെ അവൾ തുടക്കുന്നു .പറയാൻ വയ്യാത്ത ഏതോ ..സങ്കടം ഉള്ളിലൊളിപ്പിച്ചു,ആർക്കും പിടി തരാതെ സ്വയം വലിഞ്ഞ്,അവളങ്ങിനെ .
അടുത്തിരുന്ന എന്റെ കരങ്ങളിൽ ഇടയ്ക്കിടെ അവൾ മുറുകെ പിടിക്കുന്നുണ്ട് .ഒരുവേള ,എന്നോട് ചേർന്നിരുന്ന് ഒരു തേങ്ങൽ .എന്തോ ..
കരളു പിടഞ്ഞ ഞാൻ ….കണ്ണീരൊപ്പി ..അവളെ ചേർത്തു പിടിച്ചു .
വിധി വിളയാട്ടങ്ങളിൽ വിശ്വസിക്കാത്ത അവൾക്കു പിറന്ന കുഞ്ഞ്..ഒരു
വിധി വൈപരീത്യം പോലെ വിരൂപി ആയിരുന്നു .ബാല്യത്തിലെ ..ഏതോ അപൂർവ രോഗം . “അകാല വാർദ്ധക്യം “പിടിപെട്ട പോലെ ചുളിഞ്ഞു കൂടിയ ചർമ്മം.നരച്ച മുടികൾ .കുറിപ്പടികളിൽ വിളക്കി ചേർത്ത ഭർത്താവ്
അവളെ ഉപേക്ഷിച്ചിരിക്കുന്നു .പുതുമ തേടിയ യാത്രയിൽ ,മറ്റൊരാളെ
സ്വന്തമാക്കി ,പാതി വഴിയിൽ ഉപേക്ഷിച്ചത്രേ അവളെ .ഇതൊന്നും ഞാനറിഞ്ഞില്ല .ആരും പറഞ്ഞില്ല .ഉള്ളിലേക്ക് വലിഞ്ഞ അവളിൽ നിന്ന്
വിവരശേഖരണം എനിക്കന്യമായിരുന്നു. പലപ്പോഴും ഞാൻ മാത്രം
സംസാരിക്കുന്ന ഞങ്ങളുടെ കമ്മ്യുണിക്കേഷൻ.ഒന്നിനും മറുപടിയില്ല .കേവലം ഒരു മൂളലിൽ ഒതുങ്ങിയപ്പോൾ ഞങ്ങൾ “അടുപ്പങ്ങളിലെ അകലങ്ങ’ ളായ് “അകലങ്ങളിലെ അടുപ്പങ്ങളായി മാറിയത് ഞാനോർത്തു.
ഈയടുത്ത കാലത്ത് എന്നെ തേടിവന്ന ഒരു കത്ത് .വടിവാർന്ന അക്ഷരത്തിൽ അവൾ എഴുതിയിരിക്കുന്നു .അക്ഷരങ്ങളിൽ ഒളിപ്പിച്ച വിടവാങ്ങൽ സൂചകങ്ങൾ .4 വരി കവിതയെഴുതി ,അവൾ യാത്രയായി .പത്രങ്ങളിൽ നിറയുന്നആത്മഹത്യാ കോളങ്ങളിലൊന്നിൽ അവൾ ഇടം പിടിച്ചിരിക്കുന്നു .ഒപ്പം നല്കിയ ചിത്രത്തിൽ ,അവളുടെ പഴയ മുഖം
ചേർത്തു വച്ചിരിക്കുന്നു .മരണത്തിലും സുന്ദരിയായി ,അവൾ നിലകൊണ്ടു .
അടിക്കുറിപ്പിൽ “ബ്രെസ്റ്റ് ക്യാൻസർ “ബാധിച്ച സ്ത്രീ ആത്മഹത്യ ചെയ്ത
വിവരം .
ഞാൻ ചെന്നപ്പോഴേക്കും അവളെ അഗ്നി വിഴുങ്ങിയിരുന്നു .പട്ടടയുടെ
അവസാന ചുരുളുകൾ ,ഇപ്പോഴും ഒടുങ്ങിയിട്ടില്ല .ആ ഉയരുന്ന ചുരുളുകളിൽ
ഞാനവളെ കണ്ടു .എന്റെ മനസ്സിൽ ആ പഴയ ട്രെയിൻ യാത്രയിലെ അതിസുന്ദരിയാണിപ്പോഴും അവൾ .സുന്ദരിക്ക് വിരൂപനെ മകനായ് നല്കുന്ന ,വേഗം മടുക്കുന്ന ഭർത്താവിനെ സമ്മാനിക്കുന്ന ,അവളുടെ സ്തന ങ്ങളിൽ ക്യാൻസർ പരത്തുന്ന കറുത്ത ലോകത്ത് നിന്നും ശാന്തിയുടെ വെളുത്ത പുക ഉയരുന്ന മറ്റൊരു ലോകത്തേക്ക് അവൾ പോയി . ചുരുളുകളിൽ ..വേർപെട്ട്,കൈ വീശി
സലാം പറഞ്ഞു അവൾ പോയി .ആളുകൾ പിരിഞ്ഞു പോയിരിക്കുന്നു . അവശേഷിച്ചവരിൽ നിന്നും എന്നെ തേടിയെത്തുന്ന രണ്ടു ചെറുകൈകൾ.അവൻ കരങ്ങളിൽ പിടി മുറുക്കുകയാണ് .ഞാൻ മുന്നോട്ടുനടന്നു .ഒപ്പം അവനും.