Friday, December 27, 2024
HomePoemsഅച്ഛൻ. (കവിത)

അച്ഛൻ. (കവിത)

അച്ഛൻ. (കവിത)

പുരുഷു കണ്ടമ്പത്ത് പയ്യന്നൂർ. (Street Light fb group)
പാരിതിൽ നാം കേൾക്കുമവനിതൻ സ്നേഹമായ്
മാതാവ് തന്നുടെ കീർത്തിയെന്നും
മാനവ സ്നേഹമെന്നോതവേ നാമെന്നു
മോർക്കുന്നതമ്മതൻ സ്നേഹമല്ലോ
അമ്മതന്നാണെന്നും ഭൂവിതിൽ മക്കൾക്കു
തുണയാകുമവലംബമേകുന്നതും
അത്തരുണത്തിൽ നാമോർക്കാതെ പോകുന്നു
അച്ഛനെന്നുള്ളൊരാ സ്നേഹനിധിയെ
അച്ഛനില്ലെങ്കിലീ ഭൂവിതിൽ നീയില്ല
ഞാനില്ല ഓരോചരാചരവും
ഉള്ളിലെ ഗദ്ഗദം പേറിവന്നീടുന്ന
അച്ഛനെ കാക്കുമാ സായന്തനം
മധുരമാം സ്മരണകളേകുന്നു ജീവനിൽ
സ്നേഹത്തിൽ കുസുമങ്ങൾ തീർത്തിടുന്നു
സ്നേഹത്തിൻ പ്രകടനം പുറമേക്കു കാട്ടുവാൻ
കഴിയാത്ത ജന്മമായ് താതനെന്നും
തൻജീവിതത്തിലെ ആത്മസംഘർഷങ്ങൾ
താണ്ടിതൻ വീട്ടിലണഞ്ഞീടവെ
ആദ്യമായ് ആരായുമെന്നുമെൻ മക്കളെ
അവരൊക്കെ സുഖമായിരിക്കുന്നുവോ
തൻകുഞ്ഞിനന്നൊരു പനിവന്നുവെങ്കിലും
ആപിതാവിന്നന്നുറക്കമില്ല
മക്കളുടെയോരത്തിരുന്നു നെറുകയിൽ
തഴുവുകിൽ കിട്ടുമാ സുഖമെന്നുമേ
ഈ പ്രപഞ്ചത്തിലെയാരിനാലുംതീർക്കാൻ
കഴിയാത്തൊരനുഭൂതി മാത്രമല്ലോ
തിരുനെറ്റി തന്നിലെ സ്നേഹമാം തഴുകലിൽ
ഭേദമാകാത്തൊരു രോഗമുണ്ടോ
അച്ഛൻറെ വരവിനാൽ ആലിംഗനത്തിനാൽ
തീരാത്ത രോഗമില്ലീ ഭൂവിതിൽ
ആസ്നേഹ സ്പർശത്തെയറിയാതെ പോവുകിൽ
നമ്മെ നാമറിയുകില്ലെന്നു സാരം.

 

RELATED ARTICLES

Most Popular

Recent Comments