Tuesday, January 7, 2025
HomeSTORIESകാണാക്കാഴ്ച്ചകൾ. (കഥ)

കാണാക്കാഴ്ച്ചകൾ. (കഥ)

കാണാക്കാഴ്ച്ചകൾ. (കഥ)

ആർച്ച ആരോമൽ. (Street Light fb group)
മുറിയിലെ ഒറ്റജനാലയിലെ പരിമിതമായ ചുറ്റുപാടുകളിലേക്ക്‌, അവളുടെ കാഴ്ചകളുടെ ലോകം ചുരുങ്ങിയിട്ട്‌ ഇന്നേക്ക്‌ നാലുദിവസമാകുന്നു.
ഉറക്കത്തിനിടയ്ക്ക്‌ കൈഞരമ്പുകളിലേക്കിരച്ചുകയറിയ മരുന്നിന്റെ തീവ്രതയിലാകണം, അവൾ പതിയെ ഞരങ്ങി. വീണ്ടും മയക്കത്തിലേക്ക്‌. അരികിലിരുന്ന് അറിയാതൊന്ന് കണ്ണടച്ചപ്പോഴാണ്‌ ആ ശബ്ദം കേട്ടത്‌. അവൾ കരയുകയാണെന്നാണാദ്യം കരുതിയത്‌. കുടുകുടെ ചിരിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്‌. കുലുക്കിവിളിച്ചപ്പോൾ കണ്ണുകൾ പതിയെ തുറന്ന് അവൾ പറഞ്ഞു. ”ഞാൻ സ്വപ്നം കണ്ടതാ, അമ്മേ. നല്ല രസമുണ്ടായിരുന്നു.”. എന്താണ്‌ കണ്ടതെന്ന് ഓർത്തെടുക്കുവാനാകും മുൻപേ, അവൾ വീണ്ടും ഉറക്കത്തിലേക്ക്‌….
പിന്നീടെപ്പോഴോ, അവൾ കണ്ണുതുറന്നപ്പോഴേക്കും, പുറത്ത്‌ വെട്ടം വീഴാൻ തുടങ്ങിയിരുന്നു.
പതിയെ എഴുന്നേൽപ്പിച്ച്‌ ദേഹത്ത്‌ ചാരിയിരുത്തുമ്പോൾ അവൾ ചോദിച്ചു. “മഴ പെയ്യുന്നുണ്ടല്ലേ ?”
ശ്രദ്ധിച്ചപ്പോൾ, ശരിയാണ്‌. പുറത്ത്‌ ശക്തിയായി വെള്ളം വീഴുന്നുണ്ട്‌.
ഞാനതറിഞ്ഞിരുന്നില്ല..
അല്ലെങ്കിലും കുറച്ചു ദിവസങ്ങളായി എന്റെ കാഴ്ച്ചകളും കേൾവിയും നിന്നിലൊതുങ്ങുകയായിരുന്നല്ലോ
“എന്നെ ആ ജനലിനരികിലിരുത്താവോ?” അവൾ ചോദിച്ചു
കസേര, ജനലിനടുത്തിട്ട്‌, പാളികൾ തുറന്നപ്പോഴാണറിഞ്ഞത്‌, അത്‌ മഴയായിരുന്നില്ല. ഭീമാകാരനായ വാട്ടർ ടാങ്ക്‌ നിറഞ്ഞ്‌ വെള്ളം പുറത്തേക്കൊഴുകുന്നതാണെന്ന്.
“മഴയല്ലല്ലോ മോളൂ… അത്‌ ടാങ്ക്‌ നിറഞ്ഞുചാടുന്നതാ” അവളെ നിരാശയാക്കേണ്ടിവന്ന സങ്കടത്തോടെ ഞാൻ അവളുടെ നേർക്ക്‌ തിരിഞ്ഞു..
കുഞ്ഞിക്കണ്ണുകളിൽ അത്ഭുതം നിറച്ച്‌, അവൾ പറഞ്ഞു…
“നോക്കമ്മേ, നയാഗ്രാ വെള്ളച്ചാട്ടം പോലെ. നല്ല ഭംഗി..”
അപ്പോൾ മാത്രമാണ്‌ ഞാനത്‌ കണ്ടത്‌. സിമന്റ്‌ കൊണ്ട്‌ തീർത്ത പടുകൂറ്റൻ വാട്ടർടാങ്ക്‌ നിറഞ്ഞുകവിഞ്ഞൊഴുകുമ്പോൾ, ഒരു വെള്ളച്ചാട്ടം പോലെ തന്നെ….. ടിവിയിൽ കണ്ട ഓർമ്മയാകുമവൾക്ക്‌….
അവളെ ചേർത്തണച്ചു കൊണ്ട് അവളുടെ കാഴ്ച്ചകളിലേക്ക് മിഴികളയയ്ക്കുമ്പോൾ ഞാനോർത്തു..
“അതെ, കുഞ്ഞുങ്ങളുടെ ലോകം വ്യത്യസ്തമാണ്. സന്തോഷങ്ങൾ നിറഞ്ഞ കൗതുകങ്ങളുടെ ഒരു ലോകം. മങ്ങലേൽക്കാതിരിക്കട്ടെ അവയ്ക്കെന്നും”

 

RELATED ARTICLES

Most Popular

Recent Comments